1. ഇലക്ട്രോണിക് ഉപകരണങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക
ലോകെമെമ്പാടും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. സ്മാർട്ട് ഫോണിന്റെ വരവോടെ മൊബൈൽ ഫോണിലൂടെയുള്ള ഇന്റർനെറ്റ് ഉപയോഗം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. ടാബ്ലെറ്റുകളും സ്മാർട്ട് ഫോണുകളുമായി യാത്ര ചെയ്യുമ്പോൾ ഇവ നിങ്ങളുടെ കയ്യിൽ തന്നെ കരുതുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇവ മോഷ്ടിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ ചെയ്‌താൽ നിങ്ങളെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കാനും അവ ദുരുപയോഗം ചെയ്യാനും ഇതു ലഭിക്കുന്ന ആൾക്ക് എളുപ്പത്തിൽ സാധിക്കും. ഇത് ഒരു പക്ഷെ നിങ്ങളുടെ സുരക്ഷയെ തന്നെ ബാധിച്ചേക്കാം. മാത്രമല്ല, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൻറെയും, കാർഡിന്റെയും മറ്റും വിവരങ്ങൾ അതിൽ നിന്നും ലഭിക്കുന്ന പക്ഷം നിങ്ങളുടെ പേരിൽ തന്നെ പണം അപഹരിക്കാനും ഇവർക്ക് എളുപ്പത്തിൽ സാധിച്ചേക്കും.

Source: SBS
2. സൈബർ മേഖലയിലെ സുരക്ഷാ ഭീഷണികൾ
യഥാർത്ഥമെന്നു തോന്നിക്കും വിധമുള്ള വ്യാജ വെബ്സൈറ്റുകളിലൂടെയും ഇമെയിൽ ഹാക്കിങ്ങിലൂടെയും മറ്റും സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന തട്ടിപ്പുകൾ വ്യാപകമാണ്. ഇതിലൂടെ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണവും ഓസ്‌ട്രേലിയയിൽ വർധിച്ചുവരികയാണ്. ഇതിനെതിരെയുള്ള ബോധവത്ക്കരണത്തിനായി ഓസ്‌ട്രേലിയൻ സർക്കാർ ഓരോ വർഷവും ഒരു ബില്യൺ ഡോളറിലേറെ ചെലവിടുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ നിങ്ങളുടെ കമ്പ്യൂട്ടറും ലാപ്ടോപ്പും മറ്റും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക. ഇതിനായി ആദ്യം സെർവർ സുരക്ഷിതമാക്കുക. കൂടാതെ, നിങ്ങൾ ഉപയോഗിക്കുന്ന പാസ്സ്‌വേർഡുകൾ ഭദ്രമായി സൂക്ഷ്‌ക്കുകയും, ഇവ കൈമാറാതിരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല, സെർവറിലെ വിവരങ്ങൾ സ്ഥിരമായി ബാക്കപ് ചെയ്യുകയും, ബാക്കപ് ചെയ്യുന്ന ഡാറ്റ സുരക്ഷിതമെന്ന് ഉറപ്പ് വരുത്തുകയും വേണം. ഇക്കാര്യത്തിൽ വിശ്വസ്തനായ ഒരു സാങ്കേതിക വിദഗ്ദ്ധന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.

Source: SBS
3. സ്വകാര്യ വിവരങ്ങളും സ്വകാര്യതയും സുരക്ഷിതമാക്കുക
നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അപരിചിതർക്ക് കൈമാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സ്വകാര്യ വിവരങ്ങൾ ചോരുന്നത് നിങ്ങളുടെ സുരക്ഷയെയും ബാധിച്ചേക്കാം. അതിനാൽ, പണം സൂക്ഷിക്കുന്ന അതെ പ്രാധാന്യത്തോടെ തന്നെ നിങ്ങളുടെ സ്വകാര്യ വിവരങ്ങളും സൂക്ഷിക്കുക. പ്രത്യേകിച്ചും ക്രെഡിറ്റ് കാർഡ് നമ്പറും ബാങ്ക് അക്കൗണ്ടും മറ്റും. ഇവ ചോർത്തുന്നതിലൂടെ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് നിങ്ങളുടെ പേരിൽ തന്നെ ദുരുപയോഗം ചെയ്യാനും പണം അപഹരിക്കാനും സാധിക്കും. കൂടാതെ, നിങ്ങളുടെ പേരിൽ ബാങ്കിൽ നിന്നും വായ്പ എടുക്കാനും, ധനസഹായങ്ങൾ തട്ടിയെടുക്കാനും ഇവർക്ക് കഴിയും.

Source: SBS
4. പാസ്സ്‌വേർഡ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക
നിങ്ങളുടെ കമ്പ്യൂട്ടറിന്റെയും, ഇമെയിലിന്റെയും, ബാങ്ക് അക്കൗണ്ടിന്റെയുമെല്ലാം പാസ്സ്‌വേർഡുകൾ ഭദ്രമായി സൂക്ഷിക്കുക. മാത്രമല്ല, പെട്ടെന്ന് കണ്ടെത്താനാവാത്ത തരത്തിലുള്ള ബുദ്ധിമുട്ടേറിയ പാസ്സ്‌വേർഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇതുവഴി നിങ്ങൾക്ക് പരിചിതരായവർക്ക് പോലും അവ ഊഹിച്ചെടുക്കുവാനും , നിങ്ങൾ വഞ്ചിക്കപ്പെടുവാനുമുള്ള സാധ്യതകൾ ഇല്ലാതാകും. അതിനാൽ പാസ്‌വേർഡുകൾ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. നമ്പറുകളും, അക്ഷരങ്ങളും, ചിഹ്നങ്ങളുമൊക്കെ അടങ്ങിയ ഏട്ടക്ക പാസ്സ്‌വേർഡ് തെരഞ്ഞെടുക്കാൻ ശ്രമിക്കുക.

Source: SBS
5. ഇൻറർനെറ്റ് കണക്ഷൻ സുരക്ഷിതമാക്കുക
പുറം ലോകവുമായുള്ള നിങ്ങളുടെ ബന്ധം പ്രധാനമായും ഇന്റർനെറ്റ് മുഖേനയാണ്. അതുകൊണ്ടുതന്നെ സുരക്ഷിതമായ ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്നത്തിനു മുൻഗണന കൊടുക്കുക. അല്ലാത്തപക്ഷം ഇന്റർനെറ്റ് കണക്ഷൻ ദുരുപയോഗം ചെയ്യപ്പെടാനും, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുപോകാനും ഇടയുണ്ട്. മാത്രമല്ല, ഇൻറർനെറ്റ് കണക്ഷൻ സുരക്ഷിതമല്ലെങ്കിൽ തട്ടിപ്പുകാർക്ക് നിങ്ങളുടെ കമ്പ്യൂട്ടർ അവരുടെ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യാനും, നിങ്ങളുടെ IP അഡ്രസ്സിലൂടെ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും നടത്താനും സാധിക്കും.

Source: SBS
നിലവിലുള്ള ഓൺലൈൻ ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങളും, സൈബർ വ്യവസ്ഥകളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ രേഖകളും സ്റ്റേ സ്മാർട്ട് ഓൺലൈൻറെ www.staysmartonline.gov.au എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ.