കൊവിഡ് രണ്ടാം വ്യാപനം ഏറ്റവും രൂക്ഷമായിരുന്ന വിക്ടോറിയയിലും, രോഗബാധ വീണ്ടും ആശങ്ക പടർത്തി തുടങ്ങിയ ന്യൂ സൗത്ത് വെയിൽസിലും സ്ഥിതി നിയന്ത്രണവിധേയമാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വിക്ടോറിയയിൽ 28 പേർക്ക് കൂടി പുതിയതായി വൈറസ്ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച 11 പേർക്ക് മാത്രമായിരുന്നു പുതിയ വൈറസ്ബാധ.
പ്രതിദിന നിരക്ക് വീണ്ടും നേരിയ തോതിൽ കൂടിയെങ്കിലും, 14 ദിവസത്തെ ശരാശരി രോഗബാധയിൽ കാര്യമായ കുറവു വന്നിട്ടുണ്ട്. 32.8 ആണ് ശരാശരി പ്രതിദിന രോഗബാധ.
അടുത്ത തിങ്കളാഴ്ച മുതൽ വിക്ടോറിയയിൽ കൂടുതൽ ഇളവുകൾ നൽകാനിരിക്കെയാണ് രോഗബാധാ നിരക്ക് ആശ്വാസകരമായ രീതിയിൽ കുറഞ്ഞത്.
ന്യൂ സൗത്ത് വെയിൽസിൽ പുതിയതായി ഒരു സാമൂഹിക വ്യാപനം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
106 ദിവസത്തിനിടെ ആദ്യമായാണ് സംസ്ഥാനത്ത് സാമൂഹിക വ്യപാനമില്ലാത്തത്.
രണ്ടു പേർക്ക് വൈറസ്ബാധ കണ്ടെത്തിയെങ്കിലും, ഇത് രണ്ടും വിദേശത്തു നിന്ന് തിരിച്ചെത്തി ഹോട്ടൽ ക്വാറന്റൈനിൽ കഴിയുന്നവരാണ്.
അതിർത്തി കടന്നും ആശ്വാസം
രോഗവ്യാപന നിരക്ക് കുറഞ്ഞതോടെ അതിർത്തി നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താനും സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസുമായുള്ള അതിർത്തികൾ പൂർണമായും തുറക്കാൻ സൗത്ത് ഓസ്ട്രേലിയ തീരുമാനിച്ചു.
ബുധനാഴ്ച അർദ്ധരാത്രി മുതൽ സൗത്ത് ഓസ്ട്രേലിയയിലേക്ക് എത്തുന്ന ന്യൂ സൗത്ത് വെയിൽസുകാർ 14 ദിവസം ക്വാറന്റൈൻ ചെയ്യേണ്ടി വരില്ല.
സാമ്പത്തിക രംഗത്തും, കുടുംബങ്ങൾക്കും ആശ്വാസം പകരുന്ന തീരുമാനമാണ് ഇതെന്ന് സൗത്ത് ഓസ്ട്രേലിയൻ പ്രീമിയർ സ്റ്റീവൻ മാർഷൽ പറഞ്ഞു.
സിഡ്നിയിൽ ഒരു ടാക്സി ഡ്രൈവർ രോഗബാധിതനായി കാറോടിച്ചത് ആശങ്ക പടർത്തുന്നുണ്ടെങ്കിലും, NSW സർക്കാർ ഈ സാഹചര്യം നിയന്ത്രിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
നേരിയ ഇളവുമായി ക്വീൻസ്ലാന്റും
അതിർത്തി നിയന്ത്രണങ്ങളുടെ കാര്യത്തിൽ ഏറ്റവും കർക്കശമായ നിലപാട് സ്വീകരിച്ചിരുന്ന ക്വീൻസ്ലാന്റ് സർക്കാർ, ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ളവർക്ക് നേരിയ ഇളവുകൾ പ്രഖ്യാപിച്ചു.
NSW-QLD അതിർത്തി ബബ്ൾ കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം.
ഒക്ടോബർ ഒന്നു മുതൽ ന്യൂ സൗത്ത് വെയിൽസിലെ അഞ്ചു മേഖലകൾ കൂടി അതിർത്തി ബബ്ളിൽ ഉൾപ്പെടുത്തും.
ഈ പ്രദേശങ്ങളാണ് അവ:
- ബൈറൻ ഷയർ
- ബലീന
- ലിസ്മോർ സിറ്റി
- റിച്ച്മണ്ട് വാലി – കേസിനും, ഇവാൻസ് ഹെഡും ഉൾപ്പെടെ
- ഗ്ലെൻ ഇൻസ്
ഈ മേഖലയിൽ നിന്നുള്ളവർക്ക് ക്വീൻസ്ലാന്റിലേക്ക് പ്രവേശിക്കാൻ കഴിയും. ഒന്നര ലക്ഷത്തിലേറെ പേരാണ് ഇവിടെ ജീവിക്കുന്നത്.
നേരത്തേ ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയെ QLD സർക്കാർ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ക്വീൻസ്ലാന്റിൽ പുതിയ വൈറസ്ബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ലാത്ത തുടർച്ചയായ 12 ദിവസങ്ങളായി.