ഓസ്‌ട്രേലിയയുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ പുതിയ സ്‌പോണ്‍സേര്‍ഡ് വിസകള്‍ നിലവില്‍ വന്നിരുന്നു. അതിനു പിന്നാലെയാണ്, സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിസ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്.
പുതിയ അഞ്ചുവര്‍ഷ വിസയായ സബ്ക്ലാസ് 491, നോമിനേറ്റഡ് പെര്‍മനന്റ് റെസിഡന്‍സി വിസയായ സബ്ക്ലാസ് 190 എന്നിവയ്ക്ക് ഈ മാറ്റം ബാധകമാകും.
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലും, പോയിന്റ് നിലയിലുമുള്ള മാറ്റങ്ങള്‍ക്ക് പുറമേ, എല്ലാ വിസകളുടെയും ഫീസ് 10 ശതമാനം കൂട്ടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
പ്രധാന മാറ്റങ്ങള്‍ ഇവ
സ്റ്റേറ്റ് നോമിനേറ്റഡ് ഒക്യുപേഷന്‍ ലിസ്റ്റിലാണ് ഈ മാറ്റങ്ങള്‍ മുഖ്യമായും വന്നിരിക്കുന്നത്.
പല തൊഴില്‍ മേഖലകളിലും വിസക്കായി അപേക്ഷിക്കണമെങ്കില്‍ 75 പോയിന്റോ 85 പോയിന്റോ വേണം എന്നതാണ് ഏറ്റവും പ്രധാന മാറ്റങ്ങളില്‍ ഒന്ന്.
നിലവില്‍ 65 പോയിന്റായിരുന്നതാണ് ഇപ്പോള്‍ 75ഉം 85ഉം ആയി ഉയര്‍ന്നിരിക്കുന്നത്.
ആരോഗ്യ രംഗത്തെ വിവിധ തൊഴിലുകളില്‍ സ്‌പോണ്‍സേര്‍ഡ് വിസ നോക്കുന്നവര്‍ക്ക് ഇനി 75 പോയിന്റ് വേണ്ടിവരും.
മിഡ് വൈഫ്, നഴ്‌സ് മാനേജര്‍, നഴ്‌സ് പ്രാക്ടീഷണര്‍, രജിസ്‌ട്രേഡ് നഴ്‌സ് (ഏജ്ഡ് കെയര്‍, ചൈല്‍ഡ് ആന്റ് ഫാമിലി ഹെല്‍ത്ത്, കമ്മ്യൂണിറ്റി ഹെല്‍ത്ത്, ഡിസെബിലിറ്റി ആന്റ് റീഹാബിലിറ്റേഷന്‍, മെഡിക്കല്‍ പ്രാക്ടീസ്, മെന്റല്‍ ഹെല്‍ത്ത്) തുടങ്ങിയ മേഖലകളിലെല്ലാം 75 പോയിന്റുള്ളവര്‍ക്ക് മാത്രമേ സ്‌പോണ്‍സേര്‍ഡ് വിസയ്ക്കായി അപേക്ഷിക്കാന്‍ കഴിയൂ.
ജനറല്‍ പ്രാക്ടീഷണര്‍, മെഡിക്കല്‍ ഓഫീസര്‍, പീഡിയാട്രീഷ്യന്‍, സ്‌പെഷ്യലിസ്റ്റ് ഫിസിഷ്യന്‍, സൈക്യാട്രിസ്റ്റ്, സര്‍ജന്‍ തുടങ്ങിയ മേഖലകളിലും 75 പോയിന്റ് തന്നെയാണ് വേണ്ടത്.
മാനേജര്‍ തലത്തിലുള്ളവരാണ് വിസക്കായി അപേക്ഷിക്കുന്നതെങ്കില്‍ 85 പോയിന്റുകള്‍ വേണ്ടിവരും.

Doctor and Nurse With Patient Source: Moodboard
അഡ്വര്ടൈസിംഗ്, PR, സെയില്‍സ്, HR തുടങ്ങിയ മേഖലകളിലെ മാനേജര്‍ പദവി അടിസ്ഥാന യോഗ്യതയാണെങ്കില്‍ 85 പോയിന്റ് ബാധകമാണ്.
നഴ്‌സിംഗ് ക്ലിനിക്കല്‍ ഡയറക്ടര്‍, ICT മാനേജര്‍, കഫേ/റെസ്റ്റോറന്റ് മാനേജര്‍, ഹോട്ടല്‍ മാനേജര്‍, പ്രീ പ്രൈമറി ടീച്ചര്‍ തുടങ്ങിയ മേഖലകളിലും 85 പോയിന്റാണ് ആവശ്യം.
ഇതില്‍ മിക്ക മേഖലകളിലും സബ്ക്ലാസ് 491 എന്ന അഞ്ചു വര്‍ഷ വിസയ്ക്കു മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. സബ്ക്ലാസ് 190 എന്ന പെര്‍മനന്റ് വിസയ്ക്ക് അപേക്ഷിക്കണമെങ്കില്‍ കൂടുതല്‍ കടമ്പകള്‍ കടക്കേണ്ടി വരും.
ട്രേഡ് മേഖലകള്‍ ഉള്‍പ്പെടെ മറ്റു നിരവധി തൊഴില്‍മേഖലകളില്‍ തുടര്‍ന്നും 65 പോയിന്റ് തന്നെയായിരി്ക്കും ആവശ്യം.
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം
നിരവധി തൊഴില്‍മേഖലകളില്‍ വിസ ലഭിക്കാന്‍ ആവശ്യമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നഴ്‌സുമാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ ജോലികളിലെല്ലാം പ്രൊഫിഷ്യന്റ് ഇംഗ്ലീഷ്, അഥവാ IELTS ലെ എല്ലാ ഘടകങ്ങളിലും 7 പോയിന്റ് വീതമാണ് വേണ്ടത്.
അല്ലെങ്കില്‍ 7.5 ഓവറോള്‍ (പ്രൊഫിഷ്യന്റ് പ്ലസ്) ഉണ്ടായിരിക്കണം.
ഐ ടി മേഖലയിലും മറ്റ് എഞ്ചിനീയറിംഗ് മേഖലകളിലുമെല്ലാം ഇതേ ഇംഗ്ലീഷ് പ്രാവീണ്യമാണ് ആവശ്യം.
നിരവധി തൊഴില്‍ മേഖലകളില്‍ ഹൈ പോയിന്റ് ക്യാറ്റഗറി എന്ന വിഭാഗത്തില്‍ പെര്‍മനന്റ് വിസയ്ക്കായും താല്‍ക്കാലിക വിസയ്ക്കായും അപേക്ഷിക്കാനും കഴിയും. ഇതിന് 95 പോയിന്റും മറ്റു ചില മാനദണ്ഡങ്ങളും മറികടക്കേണ്ടതുണ്ട്.