വിദേശത്തുള്ളവർക്ക് ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ തൊഴിൽ വിസയിൽ എത്താൻ അനുവാദം നൽകുന്ന വിസ കരാറാണ് ഡെസിഗ്‌നേറ്റഡ് ഏരിയ മൈഗ്രേഷൻ എഗ്രിമെന്റ് അഥവാ ഡാമ.
തൊഴില്‍ വിസയില്‍ നിന്ന് പെര്‍മനന്റ് റെസിഡന്‍സിയിലേക്കെത്താനും ഇതുവഴി അവസരം ലഭിക്കും.
നോർത്തേൺ ടെറിട്ടറിയും വിക്ടോറിയയിലെ വാർണാംബുൽ കൗൺസിലും കഴിഞ്ഞ വർഷം ഫെഡറൽ സർക്കാരുമായി ഡാമ കരാറിൽ ഒപ്പു വച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരും WAസർക്കാരും ഇപ്പോൾ ഫെഡറൽ സർക്കാരുമായി ഈ അഞ്ച് വർഷ ഉടമ്പടിക്ക് ധാരണയായത്.
സൗത്ത് ഓസ്‌ട്രേലിയയുമായി രണ്ട് വിസ കരാറുകൾ
അഡ്‌ലൈഡ് ടെക്നോളജി ആൻഡ് ഇന്നോവേഷൻ അഡ്വാൻസ്‌മെന്റ് എഗ്രിമെന്റ്, റീജിയണൽ സൗത്ത് ഓസ്ട്രേലിയ ഡാമ എന്നിവയാണ് സൗത്ത് ഓസ്ട്രേലിയ സർക്കാർ ഫെഡറൽ സർക്കാരുമായി ധാരണയിലെത്തിയിരിക്കുന്ന രണ്ട് കരാറുകൾ.
ഇത് വഴി സംസ്ഥാനത്തേക്കെത്തുന്നവർക്ക് കാർഷികം, ആരോഗ്യം, നിർമ്മാണം, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നീ മേഖലകളിൽ ജോലി ചെയ്യാൻ അവസരം ലഭിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ സ്റ്റീവൻ മാർഷൽ അറിയിച്ചു.
ഈ മേഖലകളിൽ തൊഴിലാളികളെ ലഭിക്കാൻ വ്യവസായ സ്ഥാപനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഈ വിസ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇതിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാകുമെന്നും പ്രീമിയർ പ്രതീക്ഷ പ്രകടിപ്പിച്ചു.

Source: Dateline
കൂടാതെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയുമെന്നുമാണ് സർക്കാരിന്റെ പ്രതീക്ഷ.
അഡ്‌ലൈഡ് ടെക്നോളജി ആൻഡ് ഇന്നോവേഷൻ അഡ്വാൻസ്‌മെന്റ് എഗ്രിമെന്റ് എന്ന കരാർ വഴി ഏതാണ്ട് 60 തൊഴിലുകളിലായി വർഷം 300 പേരെ വരെ സംസ്ഥാനത്തേക്ക് സ്പോൺസർ ചെയ്യാനാണ് പദ്ധതി.
റീജിയണൽ സൗത്ത് ഓസ്ട്രേലിയ ഡാമ എന്ന കരാറിലൂടെ 117 തൊഴിലുകളിലേക്ക് വർഷം ഏതാണ്ട് 750 പേക്ക് ഇവിടേക്ക് എത്താനുള്ള അവസരമുണ്ടാകും.
WAയിലേക്കും കുടിയേറാം
സൗത്ത് ഓസ്‍ട്രേലിയക്ക് പുറമെ WAയിലെ കൽഗൂർലി-ബോൾഡർ പ്രദേശമാണ് സർക്കാരുമായി ധാരണയിലെത്തിയത്.
സ്വർണ്ണ ഖനി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് മൈനിങ്, എഞ്ചിനീയറിംഗ്, നിർമാണം, ചൈൽഡ്‌കെയർ, ആരോഗ്യം എന്നീ മേഖലകളിലാണ് അവസരം.
വർഷം 73 തൊഴിലുകൾക്കായി 500 പേരെ തൊഴിൽ വിസയിൽ സ്പോൺസർ ചെയ്യുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഇതുവഴി 1500 ഓളം ഒഴിവുകൾ ഉള്ള ഗോൾഡ്‌ഫീൽഡ്‌സ് പ്രദേശത്ത് നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കഴിമെന്നു പ്രതീക്ഷിക്കുന്നതായി കൽഗൂർലി -ബോൾഡർ ചീഫ് എക്സിക്യൂട്ടീവ് ജോൺ വോക്കർ പറഞ്ഞു.
എന്നാൽ ഓസ്‌ട്രേലിയയിൽ നിന്നും തൊഴിലാളികളെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമേ വിദേശത്തും നിന്നും തൊഴിലാളികൾക്ക് അവസരം ലഭിക്കുകയുള്ളു എന്ന് കുടിയേറ്റകാര്യ മന്ത്രി ഡേവിഡ് കോൾമാൻ അറിയിച്ചു.
കഴിഞ്ഞ വർഷം അവസാനമാണ് നോർത്തേൺ ടെറിട്ടറിയും വിക്ടോറിയയിലെ വാർണാംബുൽ കൗൺസിലും ഡാമ കരാറിൽ ഒപ്പ് വച്ചത്. ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞവർക്കും ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ അനുവാദം നൽകുന്ന കരാർ ഈ വർഷമാദ്യം പ്രാബല്യത്തിൽ വരികയും ചെയ്തു.

Mining workers Source: AAP
ഇതുവഴി രാജ്യത്തേക്ക് എത്തുന്നവർക്ക് പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാനും അവസരം ഈ വിസ കരാർ നൽകുന്നുണ്ട്. എന്നാൽ ചില മാനദണ്ഡങ്ങളും സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഈ പ്രദേശത്ത് തങ്ങിയിരിക്കണം എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറിയെത്തുന്നവർ വൻ നഗരങ്ങളായ സിഡ്‌നിയും മെൽബനും വിട്ട് ഉൾനാടൻ പ്രദേശങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും പോകാൻ വിസ നിയമത്തിൽ പല ഭേദഗതികളും നടപ്പാക്കുകയാണ് ഫെഡറൽ സർക്കാർ.
ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം പ്രോത്സാഗഹിപ്പിക്കാന്‍ പുതിയ വിസകളും സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഈ വിസകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മൈഗ്രേഷന്‍ ഏജന്റായ പ്രതാപ് ലക്ഷ്മണന്‍ വിവരിക്കുന്നത് ഇവിടെ കേള്‍ക്കാം.