നാടുകടത്തൽ നടപടി നേരിടുന്ന ശ്രീലങ്കൻ തമിഴ് കുടുംബത്തിന് കുറഞ്ഞത് 12 ദിവസം കൂടി ഓസ്ട്രേലിയയിൽ തുടരാൻ കോടതി അനുമതി നൽകി.
സെപ്റ്റംബർ 18ന് ഇവരുടെ കേസ് വീണ്ടും പരിഗണിക്കുമെന്നും അതുവരെ കുടുംബത്തെ നാടുകടത്തരുതെന്നും ഫെഡറൽ സർക്യൂട്ട് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. രണ്ടു വയസുകാരി തരുണിക്കയുടെ നാടുകടത്തലിനാണ് സ്റ്റേ ഉള്ളതെങ്കിലും, ഈ കുടുംബത്തെ വേർപെടുത്തരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ശ്രീലങ്കയിലേക്ക് നാടുകടത്താനായി വിമാനത്തിൽ കയറ്റിയ പ്രിയ, നടേശലിംഗം, മക്കളായ കോപിക (4), തരുണിക്ക (2) എന്നിവരെ വഴിമധ്യേ ഡാർവിനിൽ ഇറക്കുകയായിരുന്നു. അവസാന നിമിഷത്തെ കോടതി ഇടപെടലിനെ തുടർന്നായിരുന്നു ഇത്.

Supporter's of the Biloela Tamil asylum seeker family gather outside of the Federal Court in Melbourne. Source: AAP
ഡാർവിനിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ക്രിസ്ത്മസ് ഐലന്റിലേക്ക് കൊണ്ടുപോയ കുടുംബത്തെ അവിടെ അഭയാർത്ഥി കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.
രണ്ടു വയസുകാരി തരുണിക്കയുടെ കാര്യത്തിൽ ഇതുവരെയും സർക്കാരോ കോടതികളോ തീരുമാനമെടുത്തിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നാടുകടത്തൽ തടഞ്ഞത്. പിന്നീട് മൂന്നു തവണ കേസ് പരിഗണിച്ചപ്പോഴും ഈ സ്റ്റേ ദീർഘിപ്പിക്കുകയാണ് ചെയ്തത്.
ഈ ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ അവസാന നിമിഷം സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം കാരണമാണ് കേസ് നീണ്ടുപോയത്.
ചൊവ്വാഴ്ച രാത്രി കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോൾമാൻ അടിയന്തരമായി തരുണിക്കയുടെ വിഷയം പരിഗണിച്ചെന്നും, രണ്ടുവയസുകാരിക്ക് അഭയം നൽകേണ്ട കാര്യമില്ല എന്ന് തീരുമാനിച്ചതായും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
എന്തുകൊണ്ട് ഇത്തരമൊരു തീരുമാനമെടുത്തു എന്നതിന് കൂടുതൽ തെളിവുകൾ സമർപ്പിക്കാനാണ് ഇന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബർ 18ന് വീണ്ടും കേസ് പരിഗണിക്കുമെങ്കിലും അന്ന് അന്തിമവാദം നടക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്തിമവാദത്തിന് കൂടുതൽ സമയം വേണ്ടിവരും എന്നാണ് കോടതി വ്യക്തമാക്കിയത്.
കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഇന്നും കോടതിക്ക് മുന്നിൽ തമിഴ് കുടുംബത്തെ അനുകൂലിക്കുന്ന നിരവധി പേർ പ്ലക്കാർഡുകളുമായി തടിച്ചുകൂടിയിരുന്നു.