ക്വാറന്റൈന്‍ ഹോട്ടലില്‍ നിന്നുള്ള കൊവിഡ് ബാധ വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിക്ടോറിയയില്‍ അഞ്ചു ദിവസത്തെ അടിയന്തര ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതലാണ് നാലാം ഘട്ട ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നത്.
ഇതിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളും വിക്ടോറിയയില്‍ നിന്നുള്ള യാത്രക്കാര്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
സമീപ ദിവസങ്ങളില്‍ വിക്ടോറിയയില്‍ നിന്ന് ന്യൂ സൗത്ത് വെയില്‍സിലേക്ക് എത്തിയവര്‍ക്ക് NSW സര്‍ക്കാര്‍ സ്‌റ്റേ അറ്റ് ഹോം നിര്‍ദ്ദേശം നല്‍കി.
ഫെബ്രുവരി 12 അർദ്ധരാത്രിക്ക് ശേഷം വിക്ടോറിയയില്‍ നിന്ന് എത്തിയവര്‍ ഇപ്പോഴുള്ള താമസസ്ഥലത്ത് നിന്ന് പുറത്തുപോകരുത് എന്നാണ് നിര്‍ദ്ദേശം.
ജനുവരി 29നു ശേഷം എത്തിയവര് വീട്ടിലിരിക്കണം എന്നായിരുന്നു ആദ്യ നിർദ്ദേശമെങ്കിലും, NSW ആരോഗ്യവകുപ്പ് പിന്നീട് അത് മാറ്റി.
വിക്ടോറിയന്‍ ലോക്ക്ഡൗണിലുള്ള അതേ നിര്‍ദ്ദേശങ്ങളാകും ഇവര്‍ക്കും ബാധകം. അതായത്, നാല് അവശ്യസാഹചര്യങ്ങളില്‍ മാത്രമേ ഇവര്ക്ക് താമസസ്ഥലം വിട്ട് പുറത്തുപോകാന്‍ അനുവാദമുണ്ടാകൂ.
വിക്ടോറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ കാലാവധിയായ അഞ്ചു ദിവസത്തേക്കാണ് ഈ നിര്‍ദ്ദേശം.
ഗ്രേറ്റര്‍ മെല്‍ബണില്‍ നിന്ന് ഇനി സിഡ്‌നിയിലേക്ക് എത്തുന്നവര്‍ ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കേണ്ടിവരും. എവിടെയൊക്കെ സന്ദര്‍ശിച്ചു എന്ന് അറിയുന്നതിനു വേണ്ടിയാണ് ഇത്.
അതേസമയം, വിക്ടോറിയയുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ വ്യക്തമാക്കി.
വിക്ടോറിയയെ പൂര്‍ണമായി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച സൗത്ത് ഓസ്‌ട്രേലിയ, അതിര്ത്തികള്‍ അടച്ചു.
മെല്‍ബണ്‍ വിമാനത്താവളത്തിലെ നാലാം ടെര്‍മിനലില്‍ ഈ മാസം എപ്പോഴെങ്കിലും ഉ്ണ്ടായിരുന്നവര്‍ തിരിച്ചെത്തിയാല്‍ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യണം. വിമാനത്താവളത്തില്‍ ഉണ്ടായിരുന്നവര്‍ പരിശോധന നടത്തുകയും വേണം.
വിക്‌ടോറിയയുമായുള്ള അതിര്‍ത്തികള്‍ പൂര്‍ണമായി അടയ്ക്കാനാണ് ടാസ്‌മേനിയയുടെയും തീരുമാനം.
വിക്ടോറിയയെ പൂര്‍ണമായും ഹൈ റിസ്‌ക് മേഖലയായി പ്രഖ്യാപിച്ച ടാസ്‌മേനിയന്‍ സര്‍ക്കാര്‍, അവിടെ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കില്ല എന്ന് വ്യക്തമാക്കി.
ഗ്രേറ്റര്‍ മെല്‍ബണ്‍ മേഖലയെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിക്കാന്‍ ക്വീന്‍സ്ലാന്റ് സര്‍ക്കാരും തീരുമാനിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ മെല്‍ബണിലെ 36 പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വീന്‍സ്ലാന്റില്‍ പ്രവേശനം നല്‍കില്ല. 14 ദിവസത്തേക്കാകും ഈ നിയന്ത്രണം.
വിക്ടോറിയയുമായുള്ള അതിര്‍ത്തികള്‍ 72 മണിക്കൂര്‍ അടച്ചിടാന്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയും തീരുമാനിച്ചിട്ടുണ്ട്.
ഇളവുകള്‍ ലഭിച്ചവര്‍ക്ക് മാത്രമാകും ഇന്നു വൈകിട്ട് ആറു മണിമുതല്‍ വിക്ടോറിയയില#് നിന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കാന്‍ കഴിയുക.
ACT സര്‍ക്കാരും വിക്ടോറിയയില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. വിക്ടോറിയക്കാര്‍ക്ക് ഇളവുകള്‍ ലഭിച്ചാല#് മാത്രമേ പ്രവേശനം നല്‍കൂ.
തിരിച്ചെത്താന്‍ ശ്രമിക്കുന്നവര്‍ നാളെ മുതല്‍ സ്വയം ക്വാറന്റൈന്‍ ചെയ്യേണ്ടി വരും.