വടക്കൻ അഡ്ലൈഡിലെ പുതിയ ക്ലസ്റ്ററിൽ 17 പുതിയ കൊവിഡ് കേസുകളാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
തിരിച്ചെത്തിയ യാത്രക്കാരെ പാർപ്പിച്ചിരുന്ന ക്വാറന്റൈൻ ഹോട്ടലിൽ നിന്നാണ് സമൂഹത്തിലേക്ക് രോഗബാധയുണ്ടായത് എന്നാണ് വിലയിരുത്തൽ.
ക്വാറന്റൈൻ ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഒരാളുടെ ബന്ധുവിനാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്.
ഈ ക്ലസ്റ്ററിൽ വീണ്ടും രോഗബാധ കൂടുമെന്ന് ആശങ്കയുണ്ടെന്ന് സംസഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് ക്വീൻസ്ലാന്റ്, വിക്ടോറിയ, ടാസ്മേനിയ, വെസ്റ്റേൺ ഓസ്ട്രേലിയ, നോർതേൺ ടെറിട്ടറി എന്നീ സംസ്ഥാനങ്ങൽ പുതിയ അതിർത്തി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ക്വീൻസ്ലാന്റ്
തിങ്കളാഴ്ച അർദ്ധരാത്രി മുതൽ അഡ്ലൈഡിനെ ക്വീൻസ്ലാന്റ് സർക്കാർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.
അഡ്ലൈഡിൽ നിന്ന് ക്വീൻസ്ലാന്റിലേക്കെത്തുന്നവർ നിർബന്ധിത ക്വാറന്റൈനിലേക്ക്പോകേണ്ടി വരും.
കഴിഞ്ഞ തിങ്കളാഴ്ചയ്ക്കു ശേഷം സൗത്ത് ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നവരും നിലവിൽ ക്വീൻസ്ലാന്റിലുണ്ടെങ്കിൽ സ്വയം ഐസൊലേറ്റ് ചെയ്യണം.
സ്ഥിതിയിൽ ആശങ്കയുണ്ടെന്ന് ക്വീൻസ്ലാന്റ് പ്രീമിയർ അനസ്താഷ്യ പലാഷേ പറഞ്ഞു.
വിക്ടോറിയ
വിക്ടോറിയയും അഡ്ലൈഡിനെ കൊവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.
സൗത്ത് ഓസ്ട്രേലിയയിൽ നിന്ന് മെൽബൺ വിമാനത്താവളത്തിലേക്ക് എത്തുന്ന എല്ലാവരെയും ആരോഗ്യപ്രവർത്തകർ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു. കൊവിഡ് പരിശോധനയും നടത്താനാണ് പദ്ധതി.
സൗത്ത് ഓസ്ട്രേലിയയ്ക്ക് കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
വിക്ടോറിയയിൽ പുതിയ കേസുകളില്ലാതെ തുടർച്ചയായി 17 ദിവസം പിന്നിട്ടിരിക്കുകയാണ്.
ടാസ്മേനിയ
കഴിഞ്ഞ തിങ്കളാഴ്ചയ്ക്കു ശേഷം സൗത്ത് ഓസ്ട്രേലിയയിൽ ഉണ്ടായിരുന്ന ആരെങ്കിലും നിലവിൽ ടാസ്മേനിയയിൽ ഉണ്ടെങ്കിൽ, ഉടൻ സ്വയം ഐസൊലേറ്റ് ചെയ്യണം എന്നാണ് നിർദ്ദേശം.
തിങ്കളാഴ്ച മുതൽ സൗത്ത് ഓസ്ട്രേിലയയിൽ നിന്ന് എത്തുന്നവർ ക്വാറന്റൈൻ ചെയ്യണം. വീട്ടിലോ അല്ലെങ്കിൽ ഹോട്ടലിലോ ആണ് ക്വാറന്റൈൻ ചെയ്യേണ്ടത്.
വെസ്റ്റേൺ ഓസ്ട്രേലിയ
സൗത്ത് ഓസ്ട്രേലിയയിൽ നിന്ന് പെർത്തിൽ എത്തുന്നവരെ ഞായറാഴ്ച മുതൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. എത്തുന്ന സമയത്തോ, അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിലോ ആണ് പരിശോധന നടത്തുന്നത്.
ഇവരോട് 14 ദിവസം സ്വയം ക്വാറന്റൈൻ ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. ക്വാറന്റൈന്റെ 11ാം ദിവസം വീണ്ടും പരിശോധന നടത്തും.
ഈ നിയന്ത്രണങ്ങൾക്ക് തയ്യാറല്ലെങ്കി്ൽ തിരിച്ചുപോകാൻ കഴിയുമെന്നും സർക്കാർ വ്യക്തമാക്കി.
നോർതേൺ ടെറിട്ടറി
സൗത്ത് ഓസ്ട്രേലിയയിൽ നിന്ന് എത്തുന്ന എല്ലാവരും നിരീക്ഷണത്തോടെയുള്ള ക്വാറന്റൈന് വിധേയരാകണമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
ഇതിനു തയ്യാറല്ലെങ്കിൽ തിരിച്ചു പോകാൻ കഴിയും.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ടെറിട്ടറിയിലേക്കെത്തുന്നവർ ക്വാറന്റൈൻ ഫീസ് നൽകേണ്ടി വരില്ല. അതിനു ശേഷം എത്തുന്നവർ 2,500 ഡോളർ ക്വാറന്റൈൻ ഫീസ നൽകേണ്ടിവരും എന്നാണ് സർക്കാർ സൂചിപ്പിച്ചത്.
ന്യൂ സൗത്ത് വെയിൽസ്
NSW ഇതുവരെയും സൗത്ത് ഓസ്ട്രേലിയയുമായി അതിർത്തി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.
അവിടെ നിന്ന് എത്തുന്നവർ ക്വാറന്റൈൻ ചെയ്യേണ്ടി വരില്ല എന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
അതേസമയം, സൗത്ത് ഓസ്ട്രേലിയയിൽ നിന്ന് വിമാനത്തിലും ട്രെയിനിലും വരുന്നവർക്ക് സ്ക്രീനിംഗ് ഏർപ്പെടുത്തുമെന്ന് NSW ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗബാധയുള്ള പ്രദേശങ്ങളിൽ ഇവർ പോയിട്ടുണ്ടോ എന്ന് അറിയുന്നതിനു വേണ്ടിയാണ് ഇത്.
അഡ്ലൈഡിൽ നിന്ന് എത്തുന്ന എല്ലാവരും രോഗലക്ഷണങ്ങൾ ഉണ്ടാകുന്നോ എന്ന് നിരീക്ഷിക്കണമെന്നും, നേരിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും പരിശോധന നടത്തിയ ശേഷം ഐസൊലേഷനിൽ കഴിയണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.