ചൊവ്വാഴ്ച പുലർച്ചെ സിഡ്നിയിലേക്കെത്തിയവർക്ക് ഹാർബർ ബ്രിഡ്ജും ഓപ്പറ ഹൗസും ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളൊന്നും വ്യക്തമായി കാണാൻ കഴിയുമായിരുന്നില്ല.
മറിച്ച് കനത്ത ശൈത്യത്തിൽ മഞ്ഞുവീഴുന്നതുപോലെ മാത്രം.

പക്ഷേ മൂടൽമഞ്ഞുപോലെ സന്തോഷം പകരുന്ന കാഴ്ചയായിരുന്നില്ല അത്. കാടുകളും വീടുകളുമെല്ലാം കത്തിയമർന്ന പുകയാണ് സിഡ്നിയെ ശ്വാസം മുട്ടിച്ചുകൊണ്ട് മൂടിയത്.
അപകടകരമായ നിലയിലേക്ക് ഇത് സിഡ്‌നിയിലെ അന്തരീക്ഷ മലിനീകരണം ഉയര്‍ത്തുകയും ചെയ്തു.
ഗോസ്പേർസ് പർവത നിരകളിൽ നിന്നുള്ള പുകയാണ് സിഡ്നി നഗരത്തിലേക്ക് വ്യാപിച്ചത്. സിഡ്നിയുടെ വടക്കു പടിഞ്ഞാറായുള്ള ഈ പ്രദേശത്ത് 1,20,000 ഹെക്ടർ പ്രദേശം തീയിൽ കത്തിനശിച്ചുകഴിഞ്ഞു. ഇനിയും ഈ തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുമില്ല.
സംസ്ഥാനത്ത് 50ലേറെ കാട്ടുതീകളാണ് ഇപ്പോഴുമുള്ളത്. ഇതിൽ പകുതിയും നിയന്ത്രണാതീതമായി പടരുകയാണ്.
1400ലേറെ അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ട്. പക്ഷേ കടുത്ത വെല്ലുവിളിയാണ് മുന്നിലുള്ളതെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.
കടുത്ത ചൂടും, വരണ്ട അന്തരീക്ഷവും ഉയർത്തുന്ന ഭീഷണിക്കൊപ്പം, ദിശ മാറുന്ന കാറ്റും കൂടിയാകുമ്പോൾ അപകടസ്ഥിതി കൂടുകയാണെന്ന് ഫയർ സർവീസ് കമ്മീഷണർ ഷെയ്ൻ ഫിറ്റ്സിമ്മൻസ് പറഞ്ഞു.
ആരോഗ്യമുന്നറിയിപ്പ്
സിഡ്നി നഗരത്തിലും റിച്ച്മണ്ട് ഉൾപ്പെടെയുള്ള പശ്ചിമ സിഡ്നി പ്രദേശങ്ങളിലും ആരോഗ്യമുന്നറിയിപ്പും നൽകിയിരിക്കുകയാണ് അധികൃതർ.
ഭൂരിഭാഗം പേർക്കും ഇത് നിസാര പ്രശ്നങ്ങൾ മാത്രമേ ഉണ്ടാക്കുകയുള്ളൂ. കണ്ണിനും തൊണ്ടയ്ക്കുമുള്ള അസ്വസ്ഥതയായിരിക്കും പ്രധാന പ്രശ്നങ്ങൾ.
എന്നാൽ ആസ്ത്മയും മറ്റു ശ്വാസകോശ പ്രശ്നങ്ങളും ഉള്ളവർ വീടിനുള്ളിൽ തന്നെ കഴിയണം എന്നാണ് മുന്നറിയിപ്പ്.
ആവശ്യം തോന്നിയാൽ എത്രയും വേഗം വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.
റൗസ്ഹിൽ, പ്രോസ്പെക്ട് മേഖലകളെയാണ് പുക ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.
മുന്നറിയിപ്പുകളെ ജനങ്ങൾ അഗവണിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്ന് അഗ്നിശമന വകുപ്പ് സൂചിപ്പിച്ചു.
മുമ്പ് കാട്ടുതീ നേരിട്ടിട്ടുണ്ട് എന്ന ധൈര്യത്തിൽ അലസമായിരിക്കാതെ, മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് കരുതൽ നടപടികൾ എടുക്കണമെന്നും ഷെയ്ൻ ഫിറ്റ്സിമ്മൻസ് ആവശ്യപ്പെട്ടു.

രാവിലെ പുകമൂടിയിരുന്ന അന്തരീക്ഷം പിന്നീട് മെച്ചപ്പെട്ടെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ വീണ്ടും സ്ഥിതി മോശമായേക്കാം.
കാൽ നൂറ്റാണ്ടിനിടയിൽ ഏറ്റവുമധികം പ്രദേശം കത്തിനശിച്ച കാട്ടുതീയാണ് ന്യൂ സൗത്ത് വെയിൽസിൽ ഇപ്പോൾ പടരുന്നത്.

