സിഡ്നിയിൽ ബുധനാഴ്ച 60 വയസ്സിന് മേൽ പ്രായമായ ഡ്രൈവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഇത് പിന്നാലെയാണ് മൂന്ന് പേർക്ക് കൂടി ഇപ്പോൾ വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരു കേസ് രോഗബാധിതന്റെ ഭാര്യയാണ്.
കൂടാതെ, രോഗബാധിതൻ സന്ദർശിച്ച വൊക്ലസിലുള്ള ബെൽ കഫെയിലെത്തിയ 70 കാരിയായ സ്ത്രീയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ.
ബോക്കം ഹിൽസ് പ്രദേശത്തുള്ള 40നു മേൽ പ്രായമായ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ ഇയാളിൽ വൈറസ് സാന്നിധ്യം കുറവായാണ് പരിശോധനയിൽ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഇയാളുടേത് ശരിയായ ഫലമാണോ എന്നതിന്റെ സംശയത്തിലാണ് അധികൃതർ. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ് ആരോഗ്യ വകുപ്പ്.
സിഡ്‌നിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് ഒരു പ്രാദേശിക കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. മെയ് മാസത്തിന് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആദ്യ കേസാണിത്.
രാജ്യാന്തര വിമാനങ്ങളിലെ ജീവനക്കാരെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ഇയാൾ. ഇയാൾക്ക് ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ജൂൺ 11 മുതലാണ് ഇയാൾക്ക് വൈറസ്‌ബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വിമാന ജീവക്കാരിൽ നിന്നാകാം ഇയാൾക്ക് രോഗം ബാധിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്.
രോഗബാധിതൻ PPE കിറ്റ് ധരിച്ചാണോ ജോലി ചെയ്തതെന്നും വാക്‌സിനേഷൻ സ്വീകരിച്ചിരുന്നോ എന്നുമുള്ള കാര്യങ്ങൾ അധികൃതർ അന്വേഷിച്ച് വരികയാണ്.
സിഡ്‌നിയിൽ വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വലിയ ആൾക്കൂട്ടത്തിനിടയിലേക്ക് പോകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും, കൂടുതൽ കരുതലുകൾ എടുക്കണമെന്നും പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.
നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധനക്കായി മുൻപോട്ടു വരണമെന്ന് പ്രീമിയർ അറിയിച്ചു.
സംസ്ഥാനത്ത് 23,145 പേരിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്.
ന്യൂ സൗത്ത് വെയിൽസിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ചില സംസ്ഥാനങ്ങൾ അതിർത്തി നിയന്ത്രണവും പ്രഖ്യാപിച്ചിട്ടുണ്ട്.