സിഡ്നി നഗര മധ്യത്തിൽ ചൊവ്വാഴ്ച കത്തിയുമായെത്തിയ ആൾ ഒരു സ്ത്രീയെ കുത്തി കൊലപ്പെടുത്തുകയും മറ്റൊരു സ്ത്രീയെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
20കാരനായ സിഡ്നി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാലിന് പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സക്ക് ശേഷം അധികം താമസിയാതെ ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
ഇയാൾക്കെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. ഒരാളെ കുത്തി കൊലപ്പെടുത്തി, ഒരാളെ കുത്തി പരിക്കേൽപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാകും ഇയാൾക്കെതിരെ ചുമത്തുക.
സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇതിന് ആഴ്ചകളോ മാസങ്ങളോ വേണ്ടി വന്നേക്കുമെന്ന് NSW പൊലീസ് കമ്മീഷണർ മിക്ക് ഫുള്ളർ അറിയിച്ചു.
എന്നാൽ സംഭവത്തിന് ഭീകരവാദ ബന്ധമുള്ളതായി സംശയിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇത് സ്ഥിരീകരിക്കാനായി സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രദേശത്ത് രണ്ട് ഇടങ്ങളിലായി പൊലീസ് പരിശോധന നടത്തി വരുന്നു.
പരിശോധനയിൽ ന്യൂസിലന്റിലും അമേരിക്കയിലും നടന്ന ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ യു എസ് ബി പൊലീസിന് ലഭിച്ചു.
ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും അധികൃതരുടെ നിരീക്ഷണത്തിലുള്ള ആളായിരുന്നു അക്രമിയെന്നും പൊലീസ് പറഞ്ഞു. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ഇയാൾ വീടുവിട്ട് ഇറങ്ങി പോയിരുന്നുവെന്നും ഏറെ നാൾ ഭവനരഹിതനായി കഴിയുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീയുമായി ഇയാൾക്ക് നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സിഡ്നി നഗരത്തിൽ കത്തിയുമായി ഒരാൾ എത്തിയത്. കിംഗ് സ്ട്രീറ്റിനും ക്ലാരൻസ് സ്ട്രീറ്റിനും സമീപത്താണ് സംഭവം നടന്നത്. 24 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം സമീപത്തെ ഹോട്ടലിൽ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.
കൂടാതെ ഒരു 41കാരിയെ തോളിന് കുത്തേറ്റ നിലയിൽ സമീപത്തെ കഫെയിൽ നിന്നും കണ്ടെത്തി.
ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് NSW പോലീസ് കമ്മീഷണർ മിക്ക് ഫുള്ളർ മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതൽ ആളുകളെ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ടുകളുണ്ട്.
അക്രമി കത്തിയുമായി ഓടുന്നത് കണ്ടു നിന്നവരാണ് പിന്നാലെ ഓടി ഇയാളെ പിടികൂടിയത്. ഉച്ചക്ക് രണ്ട് മണിയോടെ വിൻയാർഡ് സ്റ്റേഷന് സമീപത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്.