സിഡ്‌നി നഗരത്തിലെ രാത്രികാല ജീവിതം സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2014 മുതല്‍ നിലനിന്ന ലോക്കൗട്ട് നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
രാത്രികാല കച്ചവടം സജീവമാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമന്നും പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ അറിയിച്ചു.
എന്നാൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്ന കിങ്‌സ് ക്രോസിൽ നിയമം നിലനിൽക്കുമെന്നും സർക്കാർ അറിയിച്ചു.
നഗരത്തിൽ രാത്രികാലങ്ങളിൽ മദ്യലഹരിയിൽ നടക്കുന്ന അക്രമങ്ങൾക്ക് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെ 2014 ഫെബ്രുവരിയിൽ മദ്യനിയമം ഭേദഗതി ചെയ്താണ് ലോക്കൗട്ട് നിയമം കൊണ്ടുവന്നത്. 2014ലെ പുതുവത്സരാഘോഷങ്ങൾക്കിടെ നടന്ന അക്രമത്തിൽ ഡാനിയൽ ക്രിസ്റ്റി എന്ന ടീനേജുകാരൻ കൊല്ലപ്പെട്ടിരുന്നു. കൂടാതെ 2012 ൽ 18കാരനായ തോമസ് കെല്ലിയും അക്രമത്തിൽ കൊലചെയ്യപ്പെട്ടിരുന്നു.
ഈ രണ്ട് സംഭവങ്ങളും കണക്കിലെടുത്താണ് നിയമം നിലവിൽ വന്നത്. സിഡ്‌നി എന്റര്‍ടൈന്‍മെന്റ് പ്രെസിംക്റ്റ് എന്നറിയപ്പെടുന്ന നഗര ഹൃദയത്തിലായിരുന്നു ഈ നിയമം ബാധകം.
നിയമപ്രകാരം, രാത്രി ഒന്നരയ്ക്ക് ശേഷം ശേഷം ബാറുകളിലേക്കും പബുകളിലേക്കും ക്ലബുകളിലേക്കും ആര്‍ക്കും പ്രവേശം അനുവദിക്കാന്‍ പാടില്ല. മൂന്നു മണിക്ക് ശേഷം മദ്യം വിളമ്പാനും പാടില്ല എന്നായിരുന്നു നിയമം.
60 പേര്‍ക്കു വരെ ഇരിക്കാവുന്ന ചെറിയ ബാറുകള്‍ക്കും, റെസ്റ്റോറന്റുകള്‍ക്കും മൂന്നു മണിക്കു ശേഷവും തുറന്നു പ്രവര്‍ത്തിക്കാമെങ്കിലും മദ്യം വിളമ്പാന്‍ അനുവാദമില്ലായിരുന്നു.
നിയമം നിലവിൽ വന്ന ശേഷം മദ്യലഹരിൽ നടക്കുന്ന അക്രമങ്ങൾ നഗരത്തിൽ കുറഞ്ഞതായി NSW ബ്യുറോ ഓഫ് ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് റിസർച്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ ലോക്ക് ഔട്ട് നിയമം കച്ചവടങ്ങളെ സാരമായി ബാധിക്കുന്നതായുള്ള പരാതികളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ നഗരത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള ലോക്ക് ഔട്ട് നിയമം പിൻവലിക്കാനാണ് സർക്കാർ പദ്ധതി.
ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പാർലമെന്ററി കമ്മിറ്റി സെപ്റ്റംബർ അവസാനം സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനം എടുക്കുന്നത്.
ഈ വർഷം അവസാനത്തോടെ നിയമം പിൻവലിക്കാനാണ് പദ്ധതിയെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചു.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും SBS Malayalam വെബ്‌സൈറ്റ് ബുക്ക്മാര്‍ക്ക് ചെയ്യുക. അല്ലെങ്കില്‍ SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക