രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ ലഭിച്ചതിനു പിന്നാലെയാണ് സിഡ്‌നിയിലും ന്യൂ സൗത്ത് വെയില്‍സിലും കടുത്ത നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 10 മുതലായിരുന്ന സംസ്ഥാനത്ത് ലെവല്‍ 2 എന്ന നിലയിലെ ജലോപയോഗ നിയന്ത്രണം കൊണ്ടുവന്നത്. ഗ്രേറ്റര്‍ സിഡ്‌നി, ഇല്ലവാര, ബ്‌ളൂ മൗണ്ടന്‍ തുടങ്ങിയ മേഖലകളിലായിരുന്നു ഇത്.
ചെടി നനയ്ക്കുന്നതിനും, വാഹനം കഴുകുന്നതിനും, സ്വിമ്മിംഗ് പൂളുകളില്‍ വെള്ളം നിറയ്ക്കുന്നതിനുമെല്ലാം നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.
ഇത് ലെവല്‍ ഒന്ന് എന്ന തലത്തിലുള്ള നിയന്ത്രണത്തിലേക്ക് കുറയ്ക്കാനാണ് തീരുമാനം.
മാര്‍ച്ച് ഒന്നു മുതലായിരിക്കും ഈ മാറ്റം നിലവില്‍ വരിക.
ലെവല്‍ 1 എന്ന രീതിയിലേക്ക് മാറുമ്പോഴും ചില നിയന്ത്രണങ്ങള്‍ നിലവിലുണ്ടാകും. ആരും നിയന്ത്രിക്കാനില്ലാതെ ഹോസുകള്‍ തുറന്നിട്ടിരിക്കാന്‍ പാടില്ല.
വാഹനങ്ങള്‍ കഴുകാന്‍ ട്രിഗര്‍ നോസിലുകളോ പ്രഷര്‍ പമ്പുകളോ ഉപയോഗിക്കുന്ന ഹോസുകള്‍ മാത്രമേ പാടുള്ളൂ.
വീടുകളില്‍ ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 220 ഡോളറും, ബിസിനസുകളില്‍ 550 ഡോളറും പിഴ നല്‍കുന്നത് മാര്‍ച്ച് ഒന്നിനു ശേഷവും തുടരും.


লেভেল টু পানি ব্যবহার-বিধির আওতায় লোকেরা তাদের বাগানে পানি দেওয়ার জন্য অনুমোদিত সময়ের মধ্যে কিংবা বালতি ব্যবহার করতে পারে Source: sydneywater

Source: sydneywater
കനത്ത മഴയിലൂടെ ലഭിച്ച വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നത് കൂടി കണക്കിലെടുത്താണ് ഇളവു നല്‍കുന്നത് മാര്‍ച്ച് ഒന്നു വരെ നീട്ടിവയ്ക്കുന്നത്.
കാട്ടുതീ ബാധിത പ്രദേശങ്ങളില്‍ നിന്ന് അണക്കെട്ടുകളിലേക്കെത്തിയ മഴവെള്ളത്തിന്റെ ഗുണനിലവാരത്തില്‍ ആശങ്കകളുണ്ടെന്ന് സംസ്ഥാന ജലവിഭവ മന്ത്രി മെലിന്‍ഡ പാവേയ് ചൂണ്ടിക്കാട്ടി.
വെള്ളത്തിന്റെ നിലവാരം ഉറപ്പാക്കാന്‍ നിരവധി പരിശോധനകളും, ഫില്‍റ്ററിംഗ് നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളില്‍ ലഭിച്ച പേമാരിയിലാണ് സംസ്ഥാനത്തെ അണക്കെട്ടുകളിലെ വെള്ളം പെട്ടെന്ന് ഉയര്‍ന്നത്. പല ഡാമുകളിലും 80 ശതമാനത്തിന് മുകളിലായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ മാസം 45 ശതമാനം വരെയായി ജലനിരപ്പ് താഴ്ന്ന ഡാമുകളായിരുന്നു ഇവ.