ശ്രീലങ്കയിലേക്ക് നാടുകടത്തൽ നടപടി നേരിടുന്ന തമിഴ് കുടുംബത്തിന്റെ കേസിൽ വിശദമായ വാദം കേൾക്കാൻ മെൽബൺ ഫെഡറൽ കോടതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
ഇത് മാസങ്ങൾ നീണ്ടു പോകാൻ സാധ്യതയുള്ളതിനാൽ അന്തിമ വാദം പൂർത്തിയാകും വരെ ഇവർക്ക് രാജ്യത്ത് തങ്ങാമെന്ന് മെൽബൺ ഫെഡറൽ സർക്യൂട്ട് കോടതി ഉത്തരവിട്ടു.
ശ്രീലങ്കൻ കുടുംബമായ പ്രിയ, നടേശലിംഗം, മക്കളായ കോപിക (4), തരുണിക്ക (2) എന്നിവരെ ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്തുന്നത് സംബന്ധിച്ച് കേസിൽ കോടതി ബുധനാഴ്ച വീണ്ടും വാദം കേട്ടിരുന്നു. ഇതേത്തുടർന്നാണ് കേസിൽ അന്തിമ വാദം തീരുന്നതു വരെ ഇവർക്ക് ഓസ്‌ട്രേലിയയിൽ തങ്ങാൻ ജസ്റ്റിസ് മൊർഡികായ് ബ്രോംബെർഗ് അനുവാദം നൽകിയത്.
എന്നാൽ വാദം എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ശ്രീലങ്കയിലേക്ക് നാടുകടത്താനായി ഓഗസ്റ്റ് അവസാനം വിമാനത്തിൽ കയറ്റിയ ഈ കുടുംബത്തെ കോടതി ഇടപെടലിനെ തുടർന്ന് വഴിമധ്യേ ഡാർവിനിൽ ഇറക്കിയിരുന്നു. ഇവിടെനിന്നും ക്രിസ്ത്മസ് ഐലന്റിലേക്ക് കൊണ്ടുപോകുകയും ഇവരെ അഭയാർത്ഥി കേന്ദ്രത്തിൽ പാർപ്പിക്കുകയുമാണ് സർക്കാർ ചെയ്തത്.
പിന്നീട് രണ്ടു വയസുകാരി തരുണിക്കയുടെ നാടുകടത്തൽ കോടതി സ്റ്റേ ചെയ്തിരുന്നു. പലതവണ കേസ് പരിഗണിച്ചപ്പോഴും കോടതി സ്റ്റേ ദീർഘിപ്പിച്ചിരുന്നു.
ഇതിനിടെ തമിഴ്‍ കുടുംബത്തെ അനുകൂലിക്കുന്നവർ ഇവരെ ഓസ്‌ട്രേലിയയിൽ തങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2,50,000 പേർ ഒപ്പിട്ട നിവേദനവുമായി കാൻബറയിൽ എത്തിയിരുന്നു.
രണ്ടു മക്കളുടെ അച്ഛനായ പ്രധാനമന്ത്രി ഞങ്ങളുടെ അവസ്ഥ മനസിലാക്കണം എന്ന് പ്രിയ അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ തമിഴ്‍ കുടുംബത്തെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നത് മറ്റുള്ള അഭയാർത്ഥികൾക്ക് നൽകുന്ന തെറ്റായ സന്ദേശമാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിക്കുകയും ചെയ്തിരുന്നു.