നേതൃമാറ്റവോട്ടെടുപ്പിനെത്തുടർന്ന് പ്രധാനമന്ത്രിസ്ഥാനം നഷ്ടമായ മാൽക്കം ടേൺബുൾ രാജി സമർപ്പിക്കും മുമ്പ് നടത്തിയ അവസാന ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ അതി രൂക്ഷമായാണ് പാർട്ടിക്കുള്ളിലെ എതിർവിഭാഗത്തെ കടന്നാക്രമിച്ചത്.
സൗമ്യഭാവത്തിൽ ചിരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാർത്താസമ്മേളനമെങ്കിലും, പാർട്ടിയിൽ കലാപക്കൊടിയുയർത്തിയ പീറ്റർ ഡറ്റനെ അദ്ദേഹം കലാപകാരി എന്നാണ് വിശേഷിപ്പിച്ചത്. നശീകരണ സ്വഭാവമുള്ള പ്രവർത്തനങ്ങളാണ് ഡറ്റൺ നടത്തിയത്.
മുൻ പ്രധാനമന്ത്രി ടോണി ആബറ്റിനെയും പേരെടുത്തുപറഞ്ഞ് ടേൺബുൾ വിമർശിച്ചു.
ഉച്ചയ്ക്ക് നടന്ന പാർട്ടി നേതൃയോഗത്തിൽ പീറ്റർ ഡറ്റനെയും ജൂലീ ബിഷപ്പിനെയും തോൽപ്പിച്ച് സ്കോട്ട് മോറിസൺ പ്രധാനമന്ത്രിയായിരുന്നു. പീറ്റർ ഡറ്റനായിരുന്നു നേതൃമാറ്റം ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്കിടെ രണ്ടു തവണ രംഗത്തെത്തിയിരുന്നത്.
തന്നെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാൻ ആസൂത്രിതമായിട്ടാണ് കലാപം നടന്നത്. ഭ്രാന്തമായ നടപടികളെന്ന് അതിനെ പലരും വിശേഷിപ്പിച്ചു. അതിനെക്കാൾ മികച്ച ഒരു പ്രയോഗം ഇല്ല - മാൽക്കം ടേൺബുൾ പറഞ്ഞു.
എന്നാൽ നേതൃമാറ്റ തെരഞ്ഞെടുപ്പിൽ കലാപകാരികൾക്ക് തോൽവി നേരിട്ടതിൽ സന്തോഷമുണ്ടെന്നും അദ്ദഹം പറഞ്ഞു.
തന്റെ വിശ്വസ്തനായ ട്രഷററായിരുന്നു സ്കോട്ട് മോറിസൺ. അദ്ദേഹം വിജയിച്ചതിൽ സന്തോഷമുണ്ട്. വിശ്വാസവഞ്ചകർക്ക് പരാജയവും, വിശ്വസിക്കാൻ കൊള്ളാവുന്നവർക്ക് വിജയവുമാണ് ഉണ്ടായതെന്നും ടേൺബുൾ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിസ്ഥാനത്തു നിന്ന് മാറുകയാണെങ്കിൽ എം പി സ്ഥാനം രാജിവയ്ക്കുമെന്ന് വ്യാഴാഴ്ച മാൽക്കം ടേൺബുൾ പ്രഖ്യാപിച്ചിരുന്നു. താൻ ആ വാക്കിൽ ഉറച്ചു നിൽക്കുമെന്നും, അധികം വൈകാതെ പാർലമെന്റിൽ നിന്ന് രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പ്രധാനമന്ത്രി സ്കോട്ട് മോറിസന് അഭിനന്ദനങ്ങള് നേർന്ന അദ്ദേഹം, പാർട്ടി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓസ്ട്രേലിയൻ ജനതയ്ക്കും നന്ദി പറഞ്ഞു.
2015ൽ ടോണി ആബറ്റിനെ പാർട്ടി യോഗത്തിൽ അട്ടിമറിച്ചാണ് മാൽക്കം ടേൺബുൾ പ്രധാനമന്ത്രിയായത്. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലിബറൽ സഖ്യം അധികാരത്തിലെത്തിയത്.
സർക്കാരിന്റെ നേട്ടങ്ങളും അവസാന വാർത്താ സമ്മേളനത്തിൽ മാൽക്കം ടേൺബുൾ വിശദീകരിച്ചു.

