താൽക്കാലിക വിസകളിലുള്ളവർക്ക് PR സാധ്യത കുറഞ്ഞുവരുന്നു; കുടിയേറ്റക്കാരുടെ വരുമാനവും കുറഞ്ഞു: കണ്ടെത്തലുമായി പുതിയ റിപ്പോർട്ട്

സ്റ്റുഡന്റ് വിസ ഉൾപ്പെടെ താൽക്കാലിക വിസകളിൽ ഓസ്ട്രേലിയയിലെത്തുന്നവർക്ക് പെർമനന്റ് റെസിഡന്റ്സി ലഭിക്കുന്ന തോത് കുറഞ്ഞുവരികയാണെന്ന് ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട്. പത്തു വർഷം മുമ്പുള്ളതിനെക്കാൾ കുറഞ്ഞ വരുമാനമാണ് പുതിയ കുടിയേറ്റക്കാർക്ക് ഓസ്ട്രേലിയയിൽ ലഭിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Migrats

One in five workers in Australia currently hold either a temporary or permanent visa. Source: Getty Images/Mayur Kakade

ഓസ്ട്രേലിയൻ സർക്കാരുകളുടെ നയരൂപീകരണത്തിന് ദിശാബോധം നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് മെൽബൺ ആസ്ഥാനമായുള്ള ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ട്.

ഓസ്ട്രേലിയൻ തൊഴിൽരംഗത്തെ കുടിയേറ്റക്കാരുടെ പങ്കാളിത്തത്തെക്കുറിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ പഠന റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.

താൽക്കാലിക-സ്കിൽഡ് വിസകളിലെത്തുന്നതിൽ പകുതി പേരും, സ്റ്റുഡന്റ് വിസകളിലെത്തുന്നതിൽ അഞ്ചിലൊന്ന് പേരും ഓസ്ട്രേലിയൻ പെർമനന്റ് റെസിന്റായി മാറിയെന്നാണ് മുൻകാല കണക്കുകൾ വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

എന്നാൽ, സ്റ്റുഡന്റ് വിസകളിലുള്ളവരുടെ എണ്ണം ഇക്കഴിഞ്ഞ ദശാബ്ദത്തിൽ വൻതോതിൽ വർദ്ധിച്ചെങ്കിലും, PR ലഭിക്കുന്നവരുടെ എണ്ണം ആനുപാതികമായി കൂടിയിട്ടില്ല.
താൽക്കാലിക-സ്കിൽഡ് വിസകളിലുള്ളവർക്കും PR ലഭിക്കുന്നതിന്റെ തോത് കുറഞ്ഞുവരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഓസ്ട്രേലിയയിലെ പല തൊഴിൽമേഖലകളിലും താൽക്കാലിക വിസകളിലുള്ളവർക്ക്, ആ തൊഴിൽപരിചയം അടിസ്ഥാനമാക്കി PRന് അപേക്ഷിക്കാനുള്ള അവസരം (pathway) ഇപ്പോൾ ലഭിക്കുന്നില്ല.

1996 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ താൽക്കാലിക വിസകളിലുണ്ടായിരുന്ന ഭൂരിഭാഗം പേർക്കും PRന് അപേക്ഷിക്കാനുള്ള അവസരം ലഭിച്ചിരുന്നു.
എന്നാൽ ഈ പാത്ത് വേയിൽ നിന്ന് പല തൊഴിൽമേഖലകളെയും സമീപകാലത്ത് ഒഴിവാക്കിയിട്ടുണ്ട്.
ഇതുകാരണം, താൽക്കാലിക വിസകളിലുള്ളവർക്ക് ഭാവിയിൽ PR ലഭിക്കാനുള്ള അവസരം കുറയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
കൊവിഡ് മൂലം അതിർത്തി അടയ്ക്കുന്നതിന് മുമ്പുള്ള സമയത്ത് രാജ്യത്തുള്ള രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നുവെന്നും, എന്നാൽ അതിൽ PRന് അവസരം ലഭിച്ചവർ വളരെ കുറവായിരുന്നുവെന്നും ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കുടിയേറ്റവിഭാഗം ഡെപ്യൂട്ടി പ്രോഗ്രാം ഡയറക്ടർ ഹെൻറി ഷെറെൽ പറഞ്ഞു.

വരുമാനവും കുറഞ്ഞു

ഓസ്ട്രേലിയൻ തൊഴിൽരംഗത്ത് കുടിയേറ്റ വിഭാഗത്തിന്റെ പ്രാതിനിധ്യം എത്രത്തോളമാണെന്നും റിപ്പോർട്ട് പരിശോധിക്കുന്നുണ്ട്.

ഓസ്ട്രേലിയൻ തൊഴിൽ രംഗത്തുള്ളതിൽ മൂന്നിൽ ഒരാൾ വീതം വിദേശത്ത് ജനിച്ചവരാണ്.

അഞ്ചിൽ ഒരാൾ വീതം PR വിസയിലോ, താൽക്കാലിക വിസയിലോ ഇവിടെ ജീവിക്കുന്നവരുമാണ്.

ഓസ്ട്രേലിയൻ തൊഴിൽമേലയുടെ ഏഴു ശതമാനവും താൽക്കാലിക വിസകളിലുള്ളവരാണെന്നും റിപ്പോർട്ട് പറയുന്നു.

ഉന്നത വിദ്യാഭ്യാസമുള്ളവരുടെ എണ്ണം കുടിയേറ്റ വിഭാഗത്തിൽ കൂടി വരുന്നു എന്നാണ് കണ്ടെത്തൽ.

“കുടിയേറ്റക്കാരിൽ പകുതിയോളം പേരും ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവരാണ്. പലരും ഇവിടെ കൂടുതൽ വിദ്യാഭ്യാസം നേടുകയും ചെയ്യുന്നു.” – റിപ്പോർട്ട് വ്യക്തമാക്കി.
ഓസ്ട്രേലിയയിൽ ജനിച്ചവർക്കിടയിൽ ബിരുദാനന്തര ബിരുദമുള്ളവരുടെ അനുപാതം പത്തിൽ ഒന്നു മാത്രമാണെങ്കിൽ, അടുത്ത കാലത്ത് ഓസ്ട്രേലിയയിലേക്ക് കുടിയേറിയതിൽ നാലിലൊന്ന് പേരും ബിരുദാനന്തര ബിരുദം നേടിയവരാണ്.
എന്നാൽ, അതിന് അനുസരിച്ചുള്ള വരുമാനം കുടിയേറ്റക്കാർക്ക് ലഭിക്കുന്നില്ല.

പുതിയ കുടിയേറ്റക്കാർക്ക് ലഭിക്കുന്ന വരുമാനം പത്തു വർഷം മുമ്പുള്ളതിനെക്കാൾ കുറവാണെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്.

രാജ്യാന്തര വിദ്യാർത്ഥികൾക്കും, പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കും ലഭിക്കുന്ന ശമ്പളം കുറവായതാണ് ഇതിന് കാരണം.

ഓസ്ട്രേലിയൻ സാമ്പത്തിക രംഗത്തിന് കുടിയേറ്റക്കാർ നൽകുന്ന സംഭാവനകൾ വ്യക്തമാക്കാനും, നയരൂപീകരണത്തിൽ സഹായിക്കാനുമാണ് ഈ റിപ്പോർട്ട് ശ്രമിക്കുന്നതെന്ന് ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service