Highlights
- 'വളര്‍ത്തുമൃഗങ്ങളെ അനുവദിക്കില്ല' എന്ന പരസ്യം നല്‍കാന്‍ കഴിയില്ല
- മൃഗങ്ങളെ വളര്‍ത്താന്‍ വീട്ടുടമയുടെ രേഖാമൂലമുള്ള അനുമതി വേണം
- വളര്‍ത്തുമൃഗങ്ങളെ അനുവദിക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വീട്ടുടമ VCAT യെ സമീപിക്കണം
വിക്ടോറിയയിലെ വാടക നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ 2018 ഓഗസ്റ്റില്‍ പാസായിരുന്നു.
വളര്‍ത്തുമൃഗങ്ങളെ അനുവദിക്കുക, വീട്ടുടമകളുടെ സന്ദര്‍ശനത്തിന് നിയന്ത്രണം കൊണ്ടുവരിക, വാടകക്കാരെ ഒഴിപ്പിക്കാന്‍ മുന്‍കൂര്‍ നോട്ടീസ് നിര്‍ബന്ധമാക്കുക തുടങ്ങി നിരവധി വ്യവസ്ഥകളാണ് ഭേദഗതിയില്‍ ഉള്ളത്.
ഇതിൽ വളർത്തുമൃഗങ്ങളെ താമസിപ്പിക്കുന്നതിന് അനുവാദം നൽകുന്ന നിയമവ്യവസ്ഥ മാർച്ച് രണ്ട് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കൺസ്യൂമർ അഫയേഴ്‌സ് വിക്ടോറിയ അറിയിച്ചു.
മറ്റ് വ്യവസ്ഥകൾ ജൂലൈ മുതലാകും നടപ്പാക്കുക.
പരസ്യം പാടില്ല
നിലവിലെ നിയമപ്രകാരം, വീട് വാടകയ്ക്ക് കൊടുക്കാനായി പരസ്യം ചെയ്യുമ്പോൾ "വളർത്തുമൃഗങ്ങളെ താമസിപ്പിക്കാൻ അനുവാദമില്ല "('No pets allowed') എന്ന് ഉടമയ്ക്ക് പരസ്യത്തിൽ ഉള്‍പ്പെടുത്താന്‍ കഴിയും.
എന്നാൽ നിയമത്തിൽ മാറ്റം വരുന്നതോടെ ഇത്തരത്തിൽ പരസ്യം ചെയ്യാൻ വീട്ടുടമയ്ക്ക് അനുവാദമുണ്ടാകില്ല. വ്യക്തമായ കാരണമുണ്ടെങ്കില്‍ മാത്രമേ വളര്‍ത്തുമൃഗങ്ങളെ തടയാന്‍ കഴിയൂ.
അതേസമയം, മൃഗങ്ങളെ വളര്‍ത്താന്‍ വീട്ടുടമയില്‍ നിന്ന് രേഖമൂലമുള്ള അനുവാദം ആവശ്യമാണ്. CAV “pet request form” ലൂടെയോ ഈമെയിലിലൂടെയോ ഇത് ലഭ്യമാക്കാം.
വിക്ടോറിയൻ സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റെ (VCAT) ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ മൃഗങ്ങളെ വളര്‍ത്തുന്നത് തടയാന്‍ ഉടമയ്ക്ക് കഴിയൂ എന്നും കൺസ്യൂമർ അഫയേഴ്‌സ് വിക്ടോറിയ അറിയിച്ചു.
വാടകക്കാരന്‍ രേഖാമൂലമുള്ള അനുമതി ആവശ്യപ്പെട്ട് 14 ദിവസത്തിനകം ഉടമ VCAT നെ സമീപിച്ചിരിക്കണം.
ഏതുതരം വളര്ത്തു മൃഗത്തിനായാണ് അപേക്ഷ നല്‍കിയത്, വീടിന്റെ ഘടന, അതിലെ മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം കണക്കിലെടുത്തായിരിക്കും VCAT ഇതില്‍ അന്തിമ തീരുമാനമെടുക്കുക.
പ്രായമായവര്‍ക്കോ, മറ്റു ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കോ സഹായത്തിനായുള്ള പരിശീലനം നേടിയ നായ്ക്കള്‍ ഒഴികെ, വീട്ടില്‍ വളര്‍ത്തുന്ന മറ്റു മൃഗങ്ങളെയാണ് 'പെറ്റ്' അഥവാ വളര്‍ത്തു മൃഗങ്ങള്‍ എന്നതുകൊണ്ട് ഈ നിയമത്തില്‍ വ്യക്തമാക്കുന്നത്. ഈ വളര്‍ത്തു മൃഗങ്ങള്‍ വീടിന് എന്തെങ്കിലും നാശനഷ്ടം വരുത്തിയാല്‍ അത് പരിഹരിക്കുന്നതിനുള്ള ചെലവ് പൂര്‍ണമായും വാടകക്കാരന്‍ വഹിക്കണം.
ഈ നിയമഭേദഗതിയെ RSPCA വിക്ടോറിയ സ്വാഗതം ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വളർത്തുമൃഗങ്ങൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ.
വാടകവീടുകളിൽ മൃഗങ്ങളെ നിരോധിക്കുന്നത് വഴി നൂറുകണക്കിന് നായ്ക്കളെയും പൂച്ചകളെയുമാണ് മൃഗ സംരക്ഷണ കേന്ദ്രത്തിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നത്.
എന്നാൽ ഈ കാര്യത്തിൽ വീട്ടുടമയുടെ അവകാശങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി വാങ്ങുന്നതിൽ നിന്നും ഉടമകളെ പിന്തിരിപ്പിക്കുമോ എന്ന ആശങ്കയുള്ളതായി റിയൽ എസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിക്ടോറിയ അറിയിച്ചു.