വിക്ടോറിയയില്‍ വീട്ടുവാടക നിയമത്തിൽ ഭേദഗതി വരുത്താൻ 2017 അവസാനം സർക്കാർ നിർദ്ദേശങ്ങൾ മുൻപോട്ടു വച്ചിരുന്നു. ഈ ഭേദഗതികളാണ് കഴിഞ്ഞ ദിവസം ഉപരിസഭയിൽ പാസ്സായത്. ഇതോടെ ബിൽ പാർലമെന്റിൽ പാസ്സായി.
കൂടുതലും വാടകക്കാർക്ക് അനുകൂലമായ നിയമത്തിലെ ഭേദഗതികൾ 2020 ജൂലൈ ഒന്നോടെ മാത്രമേ പ്രാബല്യത്തിൽ കൊണ്ടുവരുകയുള്ളു എന്ന് പാർലമെന്ററി രേഖകളിൽ പറയുന്നു.
റെന്റൽ നിയമത്തിലെ ഭേദഗതി വരുത്തുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ ഇവ :
റെന്റൽ ബിഡ്‌ഡിങ് റദ്ദാക്കും
നിയമം നടപ്പിലായാൽ, വീട്ടുടമ നിശ്ചയിക്കുന്ന വാടകയിൽ കൂടുതൽ നൽകാൻ ആരെങ്കിലും തയ്യാറായാൽ പോലും അവർക്ക് വീട് വാടകയ്ക്ക് നൽകാൻ ഉടമയ്ക്ക് അനുവാദമില്ല. നിലവിൽ, നിശ്ചയിച്ച തുകയിൽ കൂടുതൽ വാടക നൽകുന്നവർക്ക് വീട് നൽകാൻ ഉടമയ്ക്ക് അനുവാദമുണ്ട്. ഇതാണ് നിയമം നടപ്പിലാകുന്നതുവഴി മാറുന്നത്.
കൂടാതെ, പന്ത്രണ്ട് മാസത്തിൽ ഒരിക്കൽ അഥവാ വർഷത്തിൽ ഒരിക്കൽ മാത്രമേ വാടക വർധിപ്പിക്കാൻ ഉടമയ്ക്ക് അനുവാദമുള്ളൂ. ആറ് മാസം കൂടുമ്പോൾ വർധിപ്പിക്കുന്ന ഇപ്പോഴുള്ള സാഹചര്യം ഇതോടെ ഇല്ലാതാകും. മാത്രമല്ല ഒരു മാസത്തെ വാടക മാത്രമേ ബോണ്ട് ആയി വാങ്ങാൻ ഉടമയ്ക്ക് ഈ പുതിയ അനുവാദം നൽകുന്നുള്ളൂ.
ഉടമക്ക് സ്വന്തം വീട് സന്ദർശിക്കുന്നതിന് നിയന്ത്രണം
വാടകയ്ക്ക് നൽകിയിരിക്കുന്ന സ്വന്തം വീട് വീട്ടുടമയ്ക്ക് സന്ദർശിക്കണമെങ്കിൽ മുൻകൂറായി അറിയിപ്പ് നൽകണം. നിലവിൽ 24 മണിക്കൂർ മുൻപായി മാത്രം വാടകക്കാരെ ഈ വിവരം അറിയിച്ചാൽ മതി. എന്നാൽ പുതിയ നിയമം നടപ്പിലാകുന്നതോടെ ഒരാഴ്ച മുൻപായി ഉടമയുടെ സന്ദർശനം വാടകക്കാരെ അറിയിക്കേണ്ടതാണ്.
ചെറിയ മാറ്റങ്ങൾക്ക് അനുവാദം
വീടുകളിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ഈ നിയമം വാടകക്കാർക്ക് അനുവാദം നൽകും. വാടകവീട്ടിൽ ചിത്രങ്ങൾ തൂക്കിയിടാനായി ആണിയടിക്കാനും മറ്റും നിലവിൽ വാടകക്കാർക്ക് അനുവാദമില്ല. എന്നാൽ പുതിയ നിയമപ്രകാരം ഇത്തരം മാറ്റങ്ങൾ വരുത്താൻ വാടകക്കാർക്ക് കഴിയും. ഇതിന് ഉടമയുടെ അനുവാദം ആവശ്യമില്ല. എന്നാൽ കെട്ടിടത്തിന്റെ ഘടനയിലും മറ്റും മാറ്റം വരുത്താൻ ഇവർക്ക് അവകാശമില്ല.
വാടകക്കാരെ പുറത്താക്കുന്നതിനും മാറ്റം
എന്തെങ്കിലും കാരണത്താൽ വാടകക്കാരെ വീട്ടിൽ നിന്നും ഒഴിവാക്കണമെങ്കിൽ ഉടമ 120 ദിവസത്തെ നോട്ടീസ് നൽകിയിരിക്കണം. അതും വ്യക്തമായ കാരണം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള നോട്ടീസ് ആയിരിക്കണം ഉടമ നൽകേണ്ടത്.
വളർത്തുമൃഗങ്ങക്ക് അനുവാദം
നിലവിൽ വീട് വാടകയ്ക്ക് കൊടുക്കാനായി പരസ്യം ചെയ്യുമ്പോൾ വളർത്തുമൃഗങ്ങളെ താമസിപ്പിക്കാൻ അനുവാദമില്ല -'No pets allowed ' എന്ന് വീട്ടുടമയ്ക്ക് പരസ്യത്തിൽ പരാമർശിക്കാൻ അവകാശമുണ്ട്. എന്നാൽ ഈ നിയമം നടപ്പിലാകുന്നതോടെ ഇത്തരത്തിൽ പരസ്യം ചെയ്യാൻ വീട്ടുടമയ്ക്ക് അനുവാദമില്ല. മാത്രമല്ല വിക്ടോറിയൻ സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റെ ഉത്തരവോടെ മാത്രമേ വളർത്തുമൃഗങ്ങളെ വീടുകളിൽ താമസിപ്പിക്കുന്നത് തടയാൻ കഴിയു. അതേസമയം വളർത്തുമൃഗങ്ങൾ ഉണ്ടെന്ന കാര്യം വാടകക്കാരൻ ഉടമയെ അറിയിക്കേണ്ടതാണ്.
വിക്ടോറിയയയിലെ റെന്റൽ നിയമത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന അഭിമുഖത്തിൽ നിന്ന് കേൾക്കാവുന്നതാണ് :