ഓസ്ട്രേലിയയുടെ പരമ്പരാഗത അവകാശികളായ ആദിമവർഗ്ഗ ജനതയ്ക്കും, ടോറസ് സ്ട്രൈറ്റ് ദ്വീപുവാസികൾക്കും ഇവിടത്തെ മണ്ണിനോടും ജലത്തോടും സമൂഹത്തോടുമുള്ള ബന്ധത്തെ എസ് ബി എസ് വിലമതിക്കുന്നു.
അഡ്വാൻസ് ഓസ്ട്രേലിയ ഫെയറിന്റെ യഥാർത്ഥ വരികൾ 1978ൽ ഓസ്ട്രേലിയൻ സ്കൂളധ്യാപകനും, ഗാനരചയിതാവുമായ പീറ്റർ ഡോഡ്സ് മക്കോർമിക്കാണ് എഴുതിയത്. 1984 എപ്രിൽ 19ന് ഇത് ഓസ്ട്രേലിയൻ ദേശീയഗാനമായി അംഗീകരിച്ചു.
2021ൽ ഈ ഗാനത്തിന്റെ രണ്ടാമത്തെ വരിയിൽ ഭേദഗതി വരുത്തി. നമ്മൾ 'ചെറുപ്പമാണ്, സ്വതന്ത്രരും' എന്നത്, നമ്മൾ 'ഒന്നാണ്, സ്വതന്ത്രരും' എന്നാക്കി മാറ്റി. എല്ലാവരെയും ഉൾക്കൊള്ളുന്നതിനു വേണ്ടിയായിരുന്നു ഇത്.
രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളിലും, കായിക മത്സരങ്ങളിലും, മറ്റ് സാമൂഹിക പരിപാടികളിലുമെല്ലാം ദേശീയ ഗാനം ആലപിക്കാറുണ്ട്.
ഓസ്ട്രേലിയൻ ദേശീയ ഗാനത്തിന്റെ വരികൾ ഓസ്‌ട്രേലിയക്കാർ, നാമണിചേര്‍ന്നാമോദിക്കാം
കാരണം, നമ്മള്‍ ഒന്നാണ്. സ്വതന്ത്രരും.
നമുക്കുണ്ട്, പൊന്നു വിളയുന്ന മണ്ണ്.
സമുദ്രാവൃതം നമ്മുടെ വീട്
പ്രകൃതി കനിഞ്ഞ്, നമ്മുടെ നാട്
അസുലഭ, സമൃദ്ധ, സുന്ദരം.
ചരിത്രത്തിന്നേടുകളില്‍, ഓരോ പടവിലും
ഓസ്‌ട്രേലിയ ഉയരട്ടെ, നീതിയുക്തം.
ആമോദതാളത്തില്‍ ഒരുമിച്ച് പാടാം
ഓസ്‌ട്രേലിയ ഉയരട്ടെ, നീതിയുക്തം.
പ്രശോഭിതമാം സതേണ്‍ ക്രോസിന് താഴെ
കര-ഹൃദയങ്ങളാല്‍ നാം നിലമുഴും,
നമ്മുടെയീ സ്വതന്ത്രരാഷ്ട്രത്തെ
സര്‍വരാഷ്ട്രങ്ങളിലും യശസ്സേറ്റുവാന്‍.
കടല്‍ കടന്നെത്തിയവര്‍ക്ക് നല്‍കാന്‍
നമുക്കുണ്ട്, അനന്ത സമതലങ്ങള്‍.
സധൈര്യം, നാമൊരുമിച്ച് ചേരാം
നീതിയുക്തമുയരും, ഓസ്‌ട്രേലിയയ്ക്കായി.
ആമോദതാളത്തില്‍ ഒരുമിച്ച് പാടാം
ഓസ്‌ട്രേലിയ ഉയരട്ടെ, നീതിയുക്തം.
- Credit: Don Arnold/Getty Images
ഓസ്ട്രേലിയൻ പൗരത്വ പ്രതിജ്ഞ
1949ൽ ഓസ്ട്രേലിയൻ പൗരത്വം നിലവിൽ വന്ന ശേഷം, അറുപതു ലക്ഷത്തിലേറെ പേരാണ് ഔദ്യോഗിക ചടങ്ങുകളിലൂടെ പൗരൻമാരായി മാറിയത്.
പ്രാദേശിക കൌൺസിലുകളാണ് പൗരത്വ ദാന ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ഓസ്ട്രേലിയൻ പൗരത്വ ദിനമായ സെപ്റ്റംബർ 17ന് ഉൾപ്പെടെ ഇത് സംഘടിപ്പിക്കാറുണ്ട്.
ഈ ചടങ്ങുകളിലും ഓസ്ട്രേലിയൻ ദേശീയ ഗാനം ആലപിക്കാറുണ്ട്. അതോടൊപ്പം, ഓസ്ട്രേലിയൻ പൗരത്വം നൽകുന്ന ഉത്തരവാദിത്തങ്ങൾ സ്വീകരിക്കുന്നു എന്ന പ്രതിജ്ഞയും ചൊല്ലും.
ഈ പ്രതിജ്ഞയ്ക്ക് രണ്ട് പതിപ്പുകളുണ്ട്. ഒന്ന്, ദൈവത്തെ പരാമർശിക്കുന്നതാണ്.
പ്രതിജ്ഞ പതിപ്പ് 1
ഈ നിമിഷം മുതലങ്ങോട്ട്, ദൈവത്തിന് കീഴിൽ,
ഓസ്ട്രേലിയയോടും ഇവിടത്തെ ജനങ്ങളോടുമുള്ള എന്റെ വിശ്വസ്തത പ്രതിജ്ഞ ചെയ്യുന്നു,
അതിന്റെ ജനാധിപത്യമൂല്യങ്ങൾ ഞാൻ പങ്കുവയ്കും,
അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഞാൻ ബഹുമാനിക്കും,
അതിന്റെ നിയമങ്ങളെല്ലാം ഞാൻ പാലിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യും.
പ്രതിജ്ഞ പതിപ്പ് 2
ഈ നിമിഷം മുതലങ്ങോട്ട്,
ഓസ്ട്രേലിയയോടും ഇവിടത്തെ ജനങ്ങളോടുമുള്ള എന്റെ വിശ്വസ്തത പ്രതിജ്ഞ ചെയ്യുന്നു,
അതിന്റെ ജനാധിപത്യമൂല്യങ്ങൾ ഞാൻ പങ്കുവയ്കും,
അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഞാൻ ബഹുമാനിക്കും,
അതിന്റെ നിയമങ്ങളെല്ലാം ഞാൻ പാലിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യും.
Read and listen Australian National Anthem and citizenship pledge in your language