സംസ്ഥാനങ്ങളും ടെറിറ്ററികളുമായി സഹകരിച്ച് ഫെഡറൽ സർക്കാർ സൗജന്യ TAFE പദ്ധതി നടപ്പിലാക്കുക എന്നത് പ്രധാനപ്പെട്ട ബജറ്റ് നയങ്ങളിൽ ഉൾപ്പെടുന്നു.
ഇതിലേക്കായി ഒരു ബില്യൺ ഡോളർ ചിലവിടുമെന്ന് ജിം ചാമേഴ്‌സ് പറഞ്ഞു.
ദേശീയ സ്‌കിൽസ് എഗ്രിമെന്റിന്റെ ഭാഗമായാണ് പദ്ധതി.
2023ൽ 1,80,000 സീറ്റുകളാണ് ഫ്രീ-ഫ്രീ TAFE ഉം കമ്മ്യുണിറ്റി ബേസ്ഡ് വൊക്കേഷണൽ എഡ്യുക്കേഷൻ വിഭാഗത്തിലും ലഭ്യമാക്കുക.
ആകെ 4,80,000 പേർക്ക് അവസരം ഒരുക്കുന്ന പദ്ധതിയുടെ ആദ്യ പടിയായാണ് ഇത് നടപ്പിലാക്കുക.
ഇതിൽ കുറഞ്ഞത് 15,000 സീറ്റുകൾ ഏജ്ഡ് കെയർ രംഗവുമായി ബന്ധപ്പെട്ട കോഴ്‌സുകൾക്കായി വകയിരുത്തുമെന്ന് സർക്കാർ വ്യക്തമാക്കി. മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്നതാണ് ലക്ഷ്യം.
''മെച്ചപ്പെട്ട സ്കൂളുകൾ, സന്തുഷ്ടരായ വിദ്യാർത്ഥികൾ, വിദ്യർത്ഥികളുടെ ആരോഗ്യസംരക്ഷണം, കൂടുതൽ യോഗ്യതയുള്ള അധ്യാപകർ'' എന്നീ ലക്ഷ്യങ്ങളിലേക്കായി ബജറ്റിൽ കൂടുതൽ നിക്ഷേപം വകയിരുത്തിയിട്ടുണ്ട്.
770 മില്യൺ ഡോളർ ഇതിനായി ചിലവിടുമെന്ന് ജിം ചാമേഴ്‌സ് പറഞ്ഞു.
ഇതിന് പുറമെ, പ്രാതിനിധ്യം കുറവുള്ള വിഭാഗങ്ങളിലെ കുട്ടികൾക്കായി 20,000 സർവകലാശാല സീറ്റുകൾക്കുള്ള സാമ്പത്തിക സഹായവും ബജറ്റിൽ ഉൾപ്പെടുന്നു.
രണ്ട് വർഷ കാലയളവിൽ 485 മില്യൺ ഡോളർ ഇതിനായി ചിലവിടും.
'സ്ത്രീകളെ മുൻനിർത്തിയുള്ള ബജറ്റ്'
ലിംഗ സമത്വം യാഥാർത്ഥ്യമാക്കാൻ ബജറ്റിൽ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
പെയ്ഡ് പേരന്റൽ ലീവ്, ചൈൽഡ് കെയർ സബ്‌സിഡി എന്നിവയിലെ മാറ്റങ്ങൾ സ്ത്രീകളുടെ സാമ്പത്തിക സ്ഥിതിയെ മെച്ചെപ്പെടുത്തുന്നതിൽ സഹായിക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കായി 1.7 ബില്യൺ ഡോളർ സർക്കാർ ചിലവിടും.
പത്ത് ദിവസം ശമ്പളത്തോടെ 'ഫാമിലി ആൻഡ് ഡൊമസ്റ്റിക് വയലൻസ്' അവധി ഗാർഹിക പീഡനം നേരിടുന്ന കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയിട്ടുളളതായി സർക്കാർ പറഞ്ഞു.



