ക്വീൻസ്ലാന്റിൽ നിന്ന് വടക്കൻ ന്യൂ സൗത്ത് വെയിൽസിലേക്ക് നീങ്ങിയ പേമാരി, സംസ്ഥാനത്ത് രൂക്ഷമായ നാശം വിതക്കുന്നതായാണ് റിപ്പോർട്ടുകൾ.
വടക്കൻ NSWലെ ലിസ്മോർ പട്ടണം പൂർണമായും വെള്ളത്തിനടിയിലായി.
15,000ലേറെ പേരെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്.
ദിവസങ്ങളായി തുടരുന്ന മഴയിൽ വിൽസൻ നദി കരകവിഞ്ഞൊഴുകിയതോടെയാണ് ലിസ്മോർ വെള്ളത്തിനടിയിലായത്.

അതിവേഗം ജലനിരപ്പ് ഉയർന്നപ്പോൾ നിരവധി പേർക്ക് വീടു വിട്ടുപോകാൻ പോലും കഴിഞ്ഞിട്ടില്ല.
ഒട്ടേറെ പേർ വീടുകളുടെ മേൽക്കൂരയിൽ അഭയം പ്രാപിച്ചതായാണ് എമർജൻസി വിഭാഗം അറിയിച്ചത്.
മേൽക്കൂര വരെ വെള്ളം പൊങ്ങിയതോടെ പ്രായമേറിയ ദമ്പതികൾ അവിടെ കുടുങ്ങിയിട്ടുമുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
രക്ഷാ പ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയ്ക്കും അഗ്നിശമന സേനയ്ക്കുമൊപ്പമാണ് സൈന്യവും രക്ഷാ പ്രവർത്തനത്തിലുള്ളത്.
തിങ്കളാഴ്ച രാവിലെ അര മണിക്കൂറിൽ 181 മില്ലിമീറ്റർ മഴയാണ് ലിസ്മോറിൽ പെയ്തത്.
ഇനിയും കൂടുതൽ പേമാരിയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ട്വീഡ് നദിയിലും വെള്ളപ്പൊക്കമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ക്ലേരൻസ് നദിയിലും വെള്ളം പൊങ്ങിയിട്ടുണ്ട്.
ലിസ്മോറിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമായിരിക്കും ഇത് എന്നാണ് മുന്നറിയിപ്പ്.
1954ലും 1974ലുമാണ് ഇതിന് മുമ്പ് വലിയ വെള്ളപ്പൊക്കമുണ്ടായത്.
1954ലെ 12.27 മീറ്റർ എന്നതാണ് വിൽസൻ നദിയിലെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ജലനിരപ്പ്.
എന്നാൽ, ഇപ്പോൾ 14.20 മീറ്റർ വരെ വെള്ളം ഉയരാം എന്നാണ് മുന്നറിയിപ്പ്.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലൂടെയാണ് പട്ടണം കടന്നുപോകുന്നതെന്ന് ലിസ്മോർ മേയർ സ്റ്റീവ് ക്രൈഗ് അറിയിച്ചു.
200 മില്ലീമീറ്റർ മഴ കൂടി തിങ്കളാഴ്ച ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലിസ്മോറിൽ നിന്ന് 20 കിലോമീറ്റർ വടക്കായുള്ള റോക്കി ക്രീക്ക് ഡാം മേഖലയിൽ നിന്നും ജനങ്ങളെ ഒഴിഞ്ഞുപോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്.
വെള്ളംപൊങ്ങിയ റോഡിൽ ലാൻഡ് ക്രൂയിസർ കാർ SUV ഒഴുകിയപ്പോയതിനെത്തുടർന്ന് സെൻട്രൽ കോസ്റ്റിൽ ഒരാൾ മരിക്കുകയും ചെയ്തു.


