ഓസ്ട്രേലിയന്‍ പൗരനാണ് നിങ്ങളെങ്കില്‍, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടാണ് നിങ്ങളുടെ കൈവശം. ഇന്ത്യന്‍ പൗരനാണെങ്കിലോ, കരുത്തിന്റെ കാര്യത്തില്‍ 80ാം സ്ഥാനമാണ് കൈയിലെ പാസ്പോര്‍ട്ടിന്.
മുന്‍കൂട്ടി വിസയെടുക്കാതെ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ടിന്റെ കരുത്ത് വിലയിരുത്തുന്നത്.
Henley & Partners എന്ന സ്ഥാപനം പുറത്തിറക്കുന്ന ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടുകളുടെ പട്ടിക പ്രകാരം ജപ്പാന്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളാണ് കൂട്ടത്തില്‍ ശക്തിമാന്മാര്.
189 രാജ്യങ്ങളിലാണ് ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാവുന്നത്.
പട്ടികയില്‍ ഒമ്പതാം സ്ഥാനത്തു നില്ക്കുന്ന ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചാകട്ടെ, 181 രാജ്യങ്ങളില്‍ മുന്‍കൂര്‍ വിസയില്ലാതെ പോകാം.

Source: Public Domain
ഇതില്‍ പൂര്‍ണമായും വിസ വേണ്ടാത്ത രാജ്യങ്ങളും, വിസ ഓണ്‍ അറൈവലും, ഇലക്ട്രോണിക് വിസയും ഉള്‍പ്പെടുന്നുണ്ട്.
അമേരിക്ക, കാനഡ, അമേരിക്കന്‍ സമോവ, പ്യൂട്ടോ റിക്കോ എന്നീ രാജ്യങ്ങളില്‍ ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച്പോകാന് ഇലക്ട്രോണിക് വിസ ലഭിക്കും.
READ MORE

എങ്ങനെ ഒരു ഓസ്ട്രേലിയൻ പൗരനാകാം?
യു എ ഇ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളും, ശ്രീലങ്കയും, നേപ്പാളും ഉള്‍പ്പെടെയുള്ള നിരവധി ഏഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ 41 രാജ്യങ്ങളിലേക്ക് ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ടുടമകള്‍ക്ക് ഓണ്‍ അറൈവല്‍ വിസ കിട്ടും.
136 രാജ്യങ്ങളിലേക്ക് ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഒരു വിസയുടെയും ആവശ്യമില്ല. പാസ്പോര്‍ട്ട് തന്നെയാണ് അവിടത്തെ രേഖ. റഷ്യയും, യുക്രൈനും ഒഴികെയുള്ള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇത്തരത്തില്‍ വിസയില്ലാതെ ഓസ്ട്രേലിയന്‍ പൗരന്മാര്ക്ക് യാത്ര ചെയ്യാം.
ഇന്ത്യന്‍ പാസ്പോര്‍ട്ടിന് 80ാം സ്ഥാനം
ഇന്ത്യന്‍ പാസ്പോര്‍ട്ടു കൊണ്ട് മുന്‍കൂര്‍ വിസയില്ലാതെ പോകാവുന്നത് 60 രാജ്യങ്ങളില്‍ മാത്രമാണ്.
ഇതില്‍ 35 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ കിട്ടുമ്പോള്‍, മറ്റു രാജ്യങ്ങളില്‍ ഒരു വിസയുടെയും ആവശ്യമില്ല.
ഭൂട്ടാന്, ഇന്തോനേഷ്യ, നേപ്പാള്‍, സെര്‍ബിയ, ഫിജി, ജമൈക്ക, ഹൈതി തുടങ്ങിയവയാണ് ഒരു വിസയുമില്ലാതെ ഇന്ത്യാക്കാര്‍ക്ക് സന്ദര്‍ശിക്കാവുന്ന രാജ്യങ്ങള്‍.
ഒരു വിസയുമില്ലാതെ ഇന്ത്യന്‍ പൗരന്മാര്ക്ക് സന്ദര്‍ശനം നടത്താവുന്ന ഒരു ഗള്‍ഫ് രാജ്യവുമുണ്ട്. ഏതാണ് എന്നറിയാമോ?
ഖത്തര്‍
റിട്ടേണ്‍ ടിക്കറ്റും, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡും, ഹോട്ടല്‍ റിസര്വേഷനുമുണ്ടെങ്കില് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 30 ദിവസം ഖത്തറില്‍ വിസയില്ലാതെ താമസിക്കാം.
ഈ രാജ്യങ്ങളില്‍ കരുത്തര്‍ ഇന്ത്യാക്കാര്‍
ഇന്ത്യന്‍ പാസ്പോര്‍ട്ടുടമകള്‍ക്ക് വിസയില്ലാതെ പോകാവുന്ന മൂന്നു രാജ്യങ്ങളില്‍ ഓസ്ട്രേലിയക്കാര്‍ക്ക് ആ ആനൂകൂല്യം ലഭിക്കില്ല.
ഭൂട്ടാന്, മ്യാന്മര്, സുരിനൈം എന്നിവയാണ് ഈ രാജ്യങ്ങള്‍.