മെൽബണിലെ കൊവിഡ് ക്ലസ്റ്ററുകളിൽ രോഗബാധിതരുടെ എണ്ണം കൂടിയതിനെത്തുടർന്ന്, മെൽബണിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. വ്യാഴാഴ്ച (ഇന്ന്) അർദ്ധരാത്രി മുതൽ അടുത്ത വ്യാഴാഴ്ച അർദ്ധരാത്രി വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്.
ലോക്ക്ഡൗൺ നീട്ടിയതിന് പിന്നാലെ മൂന്ന് കേസുകൾ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഈ മൂന്ന് കേസുകളും നിലവിലെ കൊവിഡ്ബാധയുമായി ബന്ധമുള്ളതാണ്. ഇതിൽ ഒന്ന് വിറ്റിൽസിയിലുള്ള ഒരു കുട്ടിയാണ്.
മറ്റൊരു കേസ് ആർകെയർ ഏജ്ഡ് കെയർ ക്ലസ്റ്ററുമായി ബന്ധപ്പെട്ടതാണ്. ആർ കെയർ മെയ്ഡ്സ്റ്റോണിലെ രണ്ട് ജീവനക്കാർക്കും ഒരു താമസക്കാരിക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
ഇവിടെ താമസിക്കുന്ന ഒരാൾക്ക് കൂടിയാണ് വ്യാഴാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 89 വയസുള്ളയാൾക്കാണ് കൊവിഡ് ബാധ കണ്ടെത്തിയെന്ന് ആർകെയർ ചീഫ് എക്സിക്യൂട്ടീവ് കോളിൻ സിംഗ് അറിയിച്ചു.
ഇതോടെ സംസ്ഥാനത്തെ കൊവിഡ്ബാധിതരുടെ എണ്ണം 63 ആയി.
നോർത്ത് മെൽബൺ പ്രൈമറി സ്കൂളിൽ രണ്ട് കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് സ്കൂൾ വൃത്തിയാക്കാനായി അടച്ചു. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ 243 പേരാണുള്ളതെന്ന് ഡെപ്യൂട്ടി ചീഫ് ഹെൽത്ത് ഓഫീസർ അലൻ ചെങ് പറഞ്ഞു.
സംസ്ഥാനത്ത് 57,519 പരിശോധനയാണ് ഒറ്റ ദിവസം നടത്തിയത്. മഹാമാരി തുടങ്ങിയ ശേഷം ഒറ്റ ദിവസം നടത്തുന്ന ഏറ്റവും ഉയർന്ന പരിശോധനാ നിരക്കാണിത്. 23,192ലേറെ പേരാണ് വാക്‌സിനേഷൻ സ്വീകരിച്ചത്.
രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധനക്കായി മുൻപോട്ടു വരണമെന്ന് ആക്‌ടിംഗ് പ്രീമിയർ ജെയിംസ് മെർലിനോ അറിയിച്ചു.
മെൽബണിലെ ലോക്ക്ഡൗൺ തുടരുമെങ്കിലും സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിൽ വ്യാഴാഴ്ച (ഇന്ന്) അർദ്ധരാത്രി മുതൽ ഇളവുകൾ നടപ്പാക്കും.