സ്വകാര്യ ഇൻഷ്വറൻസ്
പുതുതായി സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് എടുക്കുന്നവർ ഈ വാരാന്ത്യത്തിനു മുൻപ് ഇൻഷുറൻസ് ആരംഭിച്ചാൽ, അടുത്ത പത്തു വർഷത്തേക്ക് പ്രീമിയം തുകയിൽ 2% വീതം ലാഭിക്കാം.
31 വയസു മുതല്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുക്കാന്‍ വൈകുന്ന ഓരോ വര്‍ഷവും പ്രീമിയം തുകയില്‍ 2% വീതം വര്‍ദ്ധനവുണ്ടാകും എന്നാണ് ഓസ്‌ട്രേലിയയിലെ നിയമം. ലൈഫ്‌ടൈം ഹെല്‍ത്ത് കവര്‍ ലോഡിംഗ് (LHC) എന്നാണ് ഇത് അറിയപ്പെടുന്നത്.
അതായത്, 35 ാം വയസിലാണ് ആദ്യമായി സ്വകാര്യ ഇന്‍ഷ്വറന്‍സ് എടുക്കുന്നതെങ്കില്‍ 10 ശതമാനം കൂടുതലായിരിക്കും നിങ്ങളുടെ പ്രീമിയം.
ഇൻഷുറൻസ് എടുക്കുന്ന കാലം മുതൽ തുടർച്ചയായുള്ള 10 വർഷത്തേക്ക് ഈ അധിക തുക അടക്കേണ്ടി വരും. പത്തു വർഷം പൂർത്തീകരിക്കുമ്പോൾ മാത്രമേ അധികമുള്ള ലോഡിങ് പോളിസിയിൽ നിന്ന് എടുത്തു കളയുകയുള്ളൂ.

LHC Calculation Source: SBS - GEM
എന്നാൽ ഈ പ്രായം കണക്കാക്കുന്നത്, ജൂലൈ ഒന്ന് അടിസ്ഥാമാക്കിയാണ്. അതായത്, 30 വയസിനു മേല്‍ പ്രായമുള്ള ഒരാള്‍ ജൂണ്‍ 30ന് ആദ്യമായി ഇന്‍ഷ്വറന്‍സ് എടുത്താൽ നല്‍കേണ്ടിവരുന്നതിനെക്കാള്‍ 2% കൂടുതലായിരിക്കും ജൂലൈ ഒന്നിന് ഇന്‍ഷ്വറന്‍സ് എടുത്താലുള്ള പ്രീമിയം തുക.
അതുകൊണ്ടുതന്നെ ജൂണ് 30 നുള്ളിൽ ഹെൽത്ത് ഇൻഷുറൻസ് എടുത്താൽ നിങ്ങളുടെ പോളിസി പ്രീമിയത്തിൽ 2% ത്തിന്റെ ലാഭം അടുത്ത പത്തു വർഷത്തേയ്ക്ക് ലഭിക്കും.
LHC ലോഡിങ്ങിനെപ്പറ്റിയുള്ള കൂടുതൽ വിശദാംശങ്ങള്‍ www.ato.gov.au/Lifetime-health-cover ലിങ്കിൽ നിന്ന് അറിയാവുന്നതാണ്.
സൂപ്പറാന്വേഷന്‍
സൂപ്പറാന്വേഷന്‍ നിക്ഷേപം സംബന്ധിച്ചുള്ള നിയമത്തില്‍ ജൂലൈ ഒന്നു മുതല്‍ സുപ്രധാനമായ മാറ്റങ്ങള്‍ നിലവിൽ വരും.
തുടര്‍ച്ചയായി 16 മാസം നിക്ഷേപങ്ങൾ നടത്താത്ത സൂപ്പറാന്വേഷന്‍ അക്കൗണ്ടുകളിലെ ഇന്‍ഷ്വറന്‍സുകള്‍ ജൂലൈ ഒന്നുമുതൽ സ്വമേധയാ റദ്ദാക്കപ്പെടും. അതോടൊപ്പം 6000 ഡോളറില്‍ താഴെ മാത്രം നിക്ഷേപമുള്ള ഫണ്ടുകൾ ജൂലൈ ഒന്നിനു ശേഷം ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസിന്റെ അക്കൗണ്ടിലേക്ക് മാറ്റപ്പെടാം.
സൂപ്പറാന്വേഷന്‍ നിക്ഷേപത്തില്‍ നിന്ന് ഫീസിനത്തിലും ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തിലും അനാവശ്യമായി പണം നഷ്ടമാകുന്നത് തടയുന്നതിനു വേണ്ടിയുള്ള നിയമ പരിഷകരണമാണ് ഇത്.
എന്നാൽ താത്കാലികമായി ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നവരെയും, വിദേശത്തു ജോലിചെയ്യുന്നവരെയും, ബിസിനസ്സ്കാരെയും ഈ നിയമമാറ്റം ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
നിങ്ങളുടെ സൂപ്പറാന്വേഷന്‍ ഇന്‍ഷ്വറന്‍സ് തുടരണമെന്നുണ്ടെങ്കില്‍ ജൂലൈ ഒന്നിന് മുമ്പ് സൂപ്പറാന്വേഷന്‍ കമ്പനിയെ ബന്ധപ്പെടണം. നിങ്ങളുടെ അക്കൗണ്ടില്‍ പ്രീമിയം അടയ്ക്കാന്‍ ആവശ്യമായ ഫണ്ട് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും, ഇന്‍ഷ്വറന്‍സ് തുടരാന്‍ സൂപ്പറാന്വേഷന്‍ കമ്പനിയോട് രേഖാമൂലം ആവശ്യപ്പെടുകയും വേണം.
നികുതി റിട്ടേണ്‍
നികുതി ഇനത്തില്‍ ഇളവുകള്‍ ലഭിക്കുമോ എന്നു പരിശോധിക്കാവുന്ന സമയവുമാണ് ഇത്.
ജോലി ആവശ്യത്തിനോ ബിസിനസ് ആവശ്യത്തിനോ ഉള്ള ചെലവുകള്‍ക്ക് നികുതി ഇളവ് ലഭിക്കുന്നതിനും ഈ ദിവസങ്ങള്‍ പ്രയോജനപ്പെടുത്താം.
ബിസിനസ് ആവശ്യങ്ങള്‍ക്കായി വാങ്ങുന്ന ഉപകരണങ്ങള്‍ക്കും മറ്റ് ആസ്തികള്‍ക്കും ഒറ്റത്തവണയായി നികുതി എഴുതിത്തള്ളാം. ഇന്‍സ്റ്റന്റ് അസറ്റ് റൈറ്റ് ഓഫ് എന്നാണ് ഇത് അറിയപ്പെടുന്നത്.
2019 ഏപ്രില്‍ രണ്ടു മുതല്‍ വാങ്ങിയ 30,000 ഡോളര്‍ വരെയുള്ള ആസ്തികള്‍ക്ക് ഒറ്റത്തവണയായി നികുതിയിളവ് ലഭിക്കും.
2019 ജനുവരി 29 മുതല്‍ ഏപ്രില്‍ രണ്ടു വരെ വാങ്ങിയ ആസ്തികള്‍ക്ക് 25,000 ഡോളറായിരുന്നു ഈ പരിധി. അതിനു മുമ്പുള്ളവയ്ക്ക് 20,000 ഡോളറും.
കൂടുതൽ വിശദാംശങ്ങള്‍ Instant Asset Write off ലിങ്കിൽ നിന്ന് അറിയാവുന്നതാണ്.
എന്നാല്‍ 84% ബിസിനസുകളുടെയും ഉടമകള്‍ക്ക് ഇതേക്കുറിച്ച് അറിയില്ല എന്നാണ് ഒരു സര്‍വേ കാണിക്കുന്നത്.

Claim your Tax return wisely Source: SBS
ജൂണ്‍ 30ന് മുമ്പ് വാങ്ങുന്ന ജോലിക്കാവശ്യമായ ഉപകരണങ്ങള്‍, ബിസിനസ് ആവശ്യത്തിനുള്ള വാഹനങ്ങള്‍, ഓഫീസിലേക്കുള്ള സാധനസാമഗ്രികള്‍ എന്നിവയ്ക്കും നികുതിയിളവ് ലഭിക്കും.
മാത്രമല്ല, സാമ്പത്തിക വര്‍ഷത്തിന്റെ അവസാനകാലത്ത് മിക്ക വ്യാപാര സ്ഥാപനങ്ങളും വലിയ ഡിസ്‌കൗണ്ടുകളും നല്‍കാറുണ്ട്. വീട്ടുപകരണങ്ങളും വാഹനങ്ങളും എല്ലാം നല്ല ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ കഴിയുന്ന സമയവുമാണ് ഇത്.