മെൽബന്റെ തെക്ക് പടിഞ്ഞാറൻ സബർബായ അൾട്ടോണയിലെ ടൊയോട്ട ഫാക്ടറിയാണ് ഇന്ന് പ്രവർത്തനം അവസാനിപ്പിച്ചത്.
54 വർഷമായി ടൊയോട്ട കാറുകൾ നിർമ്മിച്ചിരുന്ന ഫാക്ടറിയാണ് അടച്ചത്. ഇതോടെ ഓസ്ട്രേലിയയിലെ ടൊയോട്ട കാർ നിർമ്മാണം പൂർണമായും അവസാനിച്ചിരിക്കുകയാണ്.
ഓറിയോൺ, കാമ്രി മോഡലുകളായിരുന്നു ഇവിടെ പ്രധാനമായും നിർമ്മിച്ചിരുന്നത്. ഇനി മുതൽ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മോഡലുകളായിരിക്കും ഓസ്ട്രേലിയൻ വിപണിയിൽ ലഭ്യം.
ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിച്ചു പോന്ന ഫാക്ടറിയാണ് ഇതെന്നും, ഫാക്ടറി പൂട്ടുന്നത് വിതരണ ശൃംഘലയിലും 3000 ത്തോളം തൊഴിലുകൾ നഷ്ടമാക്കുമെന്നും എ എം ഡബ്ലിയു യു നാഷണൽ വെഹിക്കിൾ ഡിവിഷൻ സെക്രട്ടറി ഡേവ് സ്മിത്ത് പറഞ്ഞു.
ഇന്ന് ഉച്ചയോടെ നിർമ്മാണം പൂർത്തിയാക്കി ഒരു ടൊയോട്ട കാമ്രി പുറത്തിറങ്ങിയതോടെ അൾട്ടോണയിലെ ഫാക്ടറിയുടെ പ്രവർത്തനം അവസാനിച്ചിരിക്കുകയാണ്. 1963 ൽ പ്രവർത്തനം ആരംഭിച്ച ഈ ഫാക്ടറി 54 വര്ഷങ്ങൾക്കൊണ്ട് 34 ലക്ഷം കാറുകൾ നിർമ്മിച്ചിട്ടുണ്ട്.
2014 ലാണ് നിർമാണം അവസാനിപ്പിക്കുന്ന കാര്യം ടൊയോട്ട പ്രാഖ്യാപിച്ചത്. ഇതേത്തുടർന്ന് കമ്പനി അവിടത്തെ ജീവനക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുന്നതിനായി നിരവധി പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 2200 ഓളം തൊഴിലാളികൾ ഇതിൽ പങ്കെടുത്തിരുന്നു.
ഫാക്ടറി പൂട്ടിയതോടെ മലയാളികൾ ഉൾപ്പെടെ 2600ഓളം പേർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്.
RELATED CONTENT

ടൊയോട്ട-ക്വാണ്ടസ് പ്രതിസന്ധി മലയാളികളെ ബാധിക്കുമോ?
പ്രമുഖ കാർ നിർമാതാവായ ഫോർഡ് ഒരു വര്ഷം മുൻപ് ഓസ്ട്രേലിയയിലെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു.
മറ്റൊരു കാർ നിർമ്മാതാവായ ഹോൾഡന്റെ അഡ്ലൈഡിലുള്ള ഫാക്ടറിയും വരും ആഴ്ചകളിൽ അടച്ചുപൂട്ടും. അതോടെ ഓസ്‌ട്രേലിയയിലെ ഹോൾഡന്റെ നിർമാണവും പൂർണമായും അവസാനിക്കും.