രാജ്യത്തെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ കാഴ്ചവയ്ക്കുന്നവർക്കാണ് ഓസ്ട്രേലിയ ഡേയോടനുബന്ധിച്ചുള്ള പുരസ്കാരങ്ങൾ നൽകുന്നത്.
രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഓസ്ട്രേലയൻ ഓഫ് ദി ഇയറായി രണ്ടു പേരെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. തായ്ലന്റിൽ ഗുഹയിലകപ്പെട്ട ഫുട്ബോൾ താരങ്ങളെ രക്ഷിച്ച മുങ്ങൽ വിദഗ്ധർ റിച്ചാർഡ് ഹാരിസും ക്രെയ്ഗ് ചാലനുമാണ് ഇത്.
പൊതുവിഭാഗത്തിൽ 1127 പേർക്കാണ് ഇത്തവണ ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരം. ഇതിൽ, മെംബർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരമാണ് മലയാളികളായ ഡോ. പരമേശ്വരൻ മേനോനും വിവേക് പത്മനാഭനും ലഭിച്ചിരിക്കുന്നത്.
1970കളിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഇരുവരും ദീർഘകാലമായി സമൂഹത്തിൽ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഈ അംഗീകാരം.
കാർഷിക-വ്യവസായ രംഗത്ത് ഏറെക്കാലമായി നൽകിയ നിരവധി സംഭാവനകളാണ് ഡോ. പരമേശ്വരൻ മേനോനെ പുരസ്കാരത്തിന് അർഹനാക്കിയത്.
എറണാകുളം ജില്ലയിലെ മുളന്തുരുത്തി സ്വദേശിയായ അദ്ദേഹം ഓസ്ട്രേലിയൻ സർക്കാരിന്റെ പ്രത്യേക സ്കോളർഷിപ്പോടെ ഉപരിപഠനത്തിനായാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്. വിക്ടോറിയയിലെ ഷെപ്പാർട്ടനിൽ താമസിക്കുന്ന അദ്ദേഹം 1975 മുതൽ 2004 വരെ മെൽബൺ യൂണിവേഴ്സിറ്റിയിൽ കാർഷിക വിഭാഗം അധ്യാപകനായിരുന്നു.
ഗോൾബേൺ-മറേ ജലവിഭവ പദ്ധതിയിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം ഷെപ്പാർട്ടൻ കമ്മ്യൂണിറ്റി ഹെൽത്ത് സർവീസിൽ ഡയറക്ടറുമായിരുന്നു.

Source: Supplied
E10 പെട്രോളിനായി എത്തനോൾ ഉത്പാദിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രധാനമായ ഗവേഷണവും ഡോ. മേനോൻ നടത്തിയിട്ടുണ്ട്.
അഡ്ലൈഡ് ആസ്ഥാനമായ ഏജ്ഡ് കെയർ ശൃംഖലയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് വിവേക് പത്മനാഭൻ എന്ന വിവ് പത്മൻ.
കണ്ണൂരിൽ നിന്നും ഉഗാണ്ടയിലേക്ക് കുടിയേറിയവരായിരുന്നു അദ്ദേഹത്തിന്റെ അച്ഛനുമമ്മയും. പിന്നീട് അഭയാർത്ഥികളായാണ് ഉഗാണ്ടയിൽ നിന്ന് ഈ കുടുംബം ഓസ്ട്രേലിയയിലേക്ക് എത്തിയത്.
1984ൽ പത്മൻ ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിന് തുടക്കമിട്ടുകൊണ്ടാണ് അദ്ദേഹം ഏജ്ഡ് കെയർ രംഗത്തേക്ക് എത്തുന്നത്. ഈ സ്ഥാപനം 2014ൽ 150 മില്യൺ ഡോളറിന് അദ്ദേഹവും ഭാര്യ ഫ്ളോറൻസ് പത്മനും വിറ്റത് ഓസ്ട്രേലിയൻ ബിസിനസ് രംഗത്ത് വലിയ വാർത്തയായിരുന്നു.

Vivek Padmanabhan with his wife Florence Padman, who is the Executive Director of Nursing in the facilities Source: Supplied
2014 ൽ പ്രീമിയർ ഹെൽത്ത് കെയർ എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങിയ അദ്ദേഹം അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
ഏജ്ഡ് കെയർ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയുടെ മുൻ പ്രസിഡന്റും ബോർഡ് മെംബറുമായ വിവേക് പത്മനാഭൻ, ഹെൽത്ത് എംപ്പോയീസ് സൂപ്പറാന്വേഷൻ ട്രസ്റ്റ് ഓഫ് ഓസ്ട്രേലിയയുടെ ഡയറക്ടറുമാണ്. ഏജ്ഡ് കെയർ രംഗത്ത് ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന സംരംഭകരിലൊരാളായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്.
ഇരുവരുടെയും വിജയകഥകൾ ഞായറാഴ്ച (ജനുവരി 27) രാത്രി ഒമ്പത് മണിക്ക് SBS Malayalam റേഡിയോ പ്രക്ഷേപണത്തിൽ കേൾക്കാം.
Share


