വടക്കൻ ടാസ്മേനിയയിലെ ബേണീ (Burnie) പ്രദേശത്തുള്ള നോർത്ത് വെസ്റ്റ് റീജിയണൽ ആശുപത്രിയും, അതിനോടു ചേർന്നുള്ള നോർത്ത് വെസ്റ്റ് പ്രൈവറ്റ് ആശുപത്രിയുമാണ് അടച്ചിട്ടത്.
തിങ്കളാഴ്ച രാവിലെ ഏഴു മണി മുതൽ രണ്ട് ആശുപത്രികളും അടച്ചു. ഇവിടെയുണ്ടായിരുന്നു നിരവധി രോഗികളെ ലാ ട്രോബിലുള്ള മെഴ്സി ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിലെ 1,200 ഓളം ജീവനക്കാരോട് രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനിൽ പോകാനാണ് സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. ഇവരുടെയെല്ലാം കുടുംബാംഗങ്ങളുൾപ്പെടെ അയ്യായിരത്തോളം പേരാണ് ക്വാറന്റൈനിലേക്ക് പോകുന്നത്.
കുറഞ്ഞത് രണ്ട് മലയാളി കുടുംബങ്ങളെങ്കിലും ക്വാറന്റൈലിലാണെന്ന് എസ് ബി എസ് മലയാളം സ്ഥിരീകരിച്ചു. ഈ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരും കുടുംബങ്ങളുമാണ് ഇത്.
ഇതിൽ ഒരാൾ കൊവിഡ്-19 രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയതിനാൽ വൈറസ് പരിശോധനയ്ക്ക് വിധേയയായിട്ടുമുണ്ട്.
മറ്റു ചില മലയാളികൾ കൂടി ഈ ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇവർ ക്വാറന്റൈനിലാണോ എന്ന് എസ് ബി എസ് മലയാളത്തിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഹോട്ട്സ്പോട്ട്
ഓസ്ട്രേലിയയിൽ പൊതുവിൽ രോഗബാധയുടെ തോത് കുറയുമ്പോഴും ആശങ്കയുണർത്തുന്ന ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ് ഈ പ്രദേശം.
ടാസ്മേനിയയിൽ ആകെയുള്ള 144 കൊറോണവൈറസ് ബാധിതരിൽ 60 പേരും ഈ ആശുപത്രികളുമായി ബന്ധപ്പെട്ടാണ്. ഇതിൽ 42 പേർ ആശുപത്രി ജീവനക്കാരാണ്.
ഞായറാഴ്ചയും 11 പേർക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ എട്ടു പേർ ആശുപത്രി ജീവനക്കാരും, ആശുപത്രിയിൽ നേരത്തേ പ്രവേശിപ്പിച്ചിരുന്ന ഒരു രോഗിയും, നേരത്തേ വൈറസ്ബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന രണ്ടു പേരുമാണ് ഉള്ളത്.
സംസ്ഥാനം ഇത്തരത്തിലുള്ള ഒരു ഈസ്റ്റർ ഞായറാഴ്ച ഇതിനു മുമ്പ് കണ്ടിട്ടില്ലെന്ന് പ്രീമീയർ പീറ്റർ ഗട്ട്വിൻ പറഞ്ഞു. നൂറു വർഷത്തിനിടെ ഇത്തരത്തിൽ ആശുപത്രി അടച്ചിടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Premier of Tasmania Peter Gutwein speaking to media. Source: AAP
സഹായിക്കാൻ സൈന്യവും
അടച്ചിട്ട ശേഷം കർശനമായ ശുചീകരണ പ്രവർത്തനങ്ങളാണ് ആശുപത്രികളിൽ നടത്തുന്നത്. പ്രത്യേക സംഘത്തെ അതിനായി നിയോഗിച്ചിട്ടുണ്ട്.
ഓസ്ട്രേലിയൻ മെഡിക്കൽ അസിസ്റ്റന്റ്സ് ടീമിന്റെയും പ്രതിരോധ സേനയുടെയും സഹായവും തേടിയതായി പ്രീമിയർ അറിയിച്ചു.
72 മണിക്കൂറിനുള്ളിൽ എമർജൻസി വിഭാഗം വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആണ് സർക്കാരിന്റെ ശ്രമം. ജീവനക്കാർ രണ്ടാഴ്ച ക്വാറന്റൈൻ പൂർത്തിയാക്കുമ്പോൾ വീണ്ടും ആശുപത്രി പ്രവർത്തനം തുടങ്ങും എന്നാണ് പ്രതീക്ഷയെന്നും സർക്കാർ അറിയിച്ചു.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും പ്രീമിയർ പറഞ്ഞു.
സാമൂഹിക നിയന്ത്രണങ്ങളും അകലംപാലിക്കലും കർശനമായി പാലിക്കണമെന്ന് പ്രീമിയർ ആവർത്തിച്ച് ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് പരിശോധന നടത്തുന്നതിന്റെ തോത് വർദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.