(ഏറ്റവും പുതിയ വിവരം - സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഓസ്ട്രേലിയ ലോകകപ്പിൽ നിന്ന് പിൻമാറി. എന്നാൽ ദുബായിൽ നടക്കുന്ന ത്രിരാഷ്ട്ര പരന്പരയിൽ ഇതേ ടീം പങ്കെടുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ, www.sbs.com.au/malayalam വെബ്സൈറ്റിൽ)
ഈ മാസം 27നാണ് U19 ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നത്. ഇതിനായി പതിനാറംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പിന് മുന്പ് ദുബായിൽ നടക്കുന്ന ത്രിരാഷ്ട്ര പരന്പരയിലും ഓസ്ട്രേലിയ പങ്കെടുക്കും. ഇതിനായി ടീം ബുധനാഴ്ച യാത്ര തിരിക്കും.
സിഡ്നിയിലെ ഗിരാവീൻ സ്വദേശിയായ അർജുൻ നായർ ഓൾറൌണ്ടർ എന്ന നിലയിലാണ് ടീമിൽ സ്ഥാനം നേടിയിരിക്കുന്നത്. ഈ വർഷമാദ്യം നടത്തിയ ഇംഗ്ലണ്ട് പര്യടനത്തിലും അടുത്തിടെ നടന്ന ദേശീയ അണ്ടർ 19 ടൂർണമെൻറിലും പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് അർജുന് ലോകകപ്പ് ടീമിലേക്കും വഴി തുറന്നത്.
ദേശീയ അണ്ടർ 19 ടൂർണമെൻറിൽ അർജുൻ നായരുടെ മികവിൽ NSW മെട്രോ ടീം ദേശീയ ചാംപ്യൻമാരായിരുന്നു. ഫൈനലിൽ ACT/NSW കൺട്രി ടീമിനെതിരെ പത്തോവറിൽ ആറു വിക്കറ്റെടുക്കുകയും, 41 റൺസെടുക്കുകയും ചെയ്ത അർജുനായിരുന്നു മാൻ ഓഫ് ദ മാച്ച്.
മികച്ച ഓഫ് സ്പിന്നറാണ് അർജുൻ നായർ. ബൌളിംഗിൽ അർജുൻ പരീക്ഷിക്കുന്ന വ്യത്യസ്തതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു - പ്രത്യേകിച്ചും ബാറ്റ്സ്മാൻമാരെ കബളിപ്പിക്കുന്ന എവേ ഗോയിംഗ് ഡെലിവറികൾ.

Source: Twitter
തൃപ്പൂണിത്തുറയിൽ നിന്ന് കുടിയേറിയ ജയാനന്ദ് നായരുടെയും ശാലിനി നായരുടെയും മകനാണ് അർജുൻ.
അർജുന് പുറമേ ഒരു ഇന്ത്യൻ വംശജൻ കൂടി ലോകകപ്പ് ടീമിലുണ്ട്. മുൻനിര ബാറ്റ്സ്മാനായ ജേസൻ സാംഗ. ഓസ്ട്രേലിയൻ ടീം ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 28ന് മിർപൂരിൽ ഇന്ത്യക്കെതിരെയാണ് ഓസ്ട്രേലിയൻ ടീമിൻറെ ആദ്യ മത്സരം.
More about Arjun Nair

ഓസ്ട്രേലിയൻ U19 ക്രിക്കറ്റ് ടീമിലെ ആദ്യ മലയാളി അർജുൻ നായരുമായി അഭിമുഖം (Exclusive)