ആട്ടിറച്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മീറ്റ് ആൻഡ് ലൈവ് സ്റ്റോക്ക് ഓസ്‌ട്രേലിയയുടെ പരസ്യ വീഡിയോയിൽ ഹൈന്ദവ ദൈവമായ ഗണപതിയുടെ രൂപം ഉൾപ്പെടുത്തിയത്തിനെതിരെ ഓസ്ട്രേലിയയിൽ ഹിന്ദുമത വിശ്വാസികൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു.
ഓസ്‌ട്രേലിയിലെ ഇന്ത്യൻ ഹൈ കമ്മീഷനിൽ നിന്നുൾപ്പെടെ ഏതാണ് 200 ൽ പരം പരാതികളാണ് പരസ്യത്തിനെതിനെ മീറ്റ് ആൻഡ് ലൈവ് സ്റ്റോക്ക് ഓസ്‌ട്രേലിയക്ക് (എം എൽ എ ) ലഭിച്ചത്. എന്നാൽ ഇത്രയധികം പരാതികൾ ലഭിച്ചുവെങ്കിലും പരസ്യം പിൻവലിക്കാൻ എം എൽ എ തയ്യാറായിരുന്നില്ല.
അതേസമയം പരസ്യം സ്വത്രന്ത്രമായ പുനഃപരിശോധനക്ക് വിധേയമാക്കിയതിനെത്തുടർന്നാണ് അഡ്വർടൈസിങ് സ്റ്റാൻഡേർഡ്സ് ബ്യുറോ (എ എസ് ബി ) പരസ്യം പിൻവലിക്കാൻ ആവശ്യപ്പെട്ടത്.
പരസ്യം പിൻവലിക്കണമെന്ന പരാതികൾ എ എസ് ബി ആദ്യം തള്ളിക്കളഞ്ഞിരുന്നു.
തങ്ങൾ നേരത്തെ എടുത്തത് ശരിയായ തീരുമാനം ആയിരുന്നില്ലെന്നും ജനങ്ങളുടെ മതവിശ്വാസം പരിഗണിക്കുന്നതിൽ എം എൽ എ വീഴ്ച വരുത്തിയെന്നും എ എസ് ബി കുറ്റപ്പെടുത്തി.
മാത്രമല്ല പരസ്യം ഹിന്ദുമത വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തുമെന്ന് അഡ്വെർടൈസിങ് സ്റ്റാൻഡേർഡ്‌സ് ബ്യുറോ ചൂണ്ടിക്കാട്ടി.
പരസ്യം പൂർണമായും പിൻവലിച്ചെന്നും ഇത് ഇനി യൂട്യൂബ് ചാനലിൽ ലഭ്യമായിരിക്കില്ല എന്നും എം എൽ എ സ്ഥിരീകരിച്ചു. ജനങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്താൻ മനഃപൂർവം ശ്രമിച്ചിട്ടില്ലെന്നും എം എൽ എ വ്യക്തമാക്കി.
ഇതിനിടെ പരസ്യം പിൻവലിച്ചത് ഹൈന്ദവ സമൂഹത്തിന്റെ വിജയമാണെന്ന് പരസ്യത്തിനെതിരെ പരാതികൊടുത്തവർ എസ് ബി എസ് ഹിന്ദിയോടു പറഞ്ഞു.
വിവിധ മതവിഭാഗങ്ങളുടെയും വിശ്വാസവിഭാഗങ്ങളുടെയും ദൈവങ്ങളും പ്രവാചകരുമെല്ലാം ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന തരത്തിലായിരുന്നു ഈ വീഡിയോ. ഇക്കൂട്ടത്തിലാണ് ഗണപതിയുടെ രൂപവുമുള്ളത്. എല്ലാ വിശ്വാസത്തിലുള്ളവർക്കും കഴിക്കാവുന്ന തരത്തിലാണ് പരസ്യമെന്നും ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ല എന്നുമാണ് മീറ്റ് ആൻറ് ലൈവ് സ്റ്റോക്ക് ഓസ്ട്രേലിയ അവകാശപ്പെട്ടത് .