മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
ഫൈസർ വാക്‌സിന്റെ ആദ്യ ഡോസാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വിതരണം ആരംഭിച്ചത് .
മെൽബണിൽ തിങ്കളാഴ്‌ച രാവിലെ ഏഴരയോടെ ആരംഭിച്ച വാക്‌സിനേഷൻ പദ്ധതിയിൽ മൊണാഷ് ഹെൽത്ത് ഇൻഫെക്ഷൻ പ്രിവൻഷന്റെ മെഡിക്കൽ ഡയറക്ടർ റോണ്ട സ്റ്റുവർട്ട് ആദ്യമായി വാക്‌സിൻ സ്വീകരിച്ചു.
ഓസ്‌ട്രേലിയയിലെ ആദ്യ കൊറോണവൈറസ് ബാധിതന് ചികിത്സ നൽകിയത് പ്രൊഫ. സ്റ്റുവർട്ടും സംഘവുമാണ്.
ന്യൂ സൗത്ത് വെയിൽസിൽ തിങ്കളാഴ്ച 1,200 ഓളം പേർ വാക്‌സിൻ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ പറഞ്ഞു. ഇതിൽ 500 ഓളം പേർക്ക് റോയൽ പ്രിൻസ് ആൽഫ്രഡ് (RPA) ആശുപത്രിയിലും ബാക്കിയുള്ളവർക്ക് വെസ്റ്റ്മീഡ്, ലിവർപൂൾ ആശുപത്രികളിലുമാകും വാക്‌സിൻ നൽകുക.
സംസ്ഥാനത്ത് അടുത്ത മൂന്ന് ആഴ്ചകളിലായി 35,100 പേർക്ക് വാക്‌സിൻ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്ലാഡിസ് ബെറജക്ലിയൻ പറഞ്ഞു.
എൻവയോൺമെന്റൽ സർവിസസ് സൂപ്പർവൈസർ ആയ ഗായത്രി വെള്ളംഗല്ലൂർ ശ്രീനിവാസനാണ് ന്യൂ സൗത്ത് വെയിൽസിലെ ആദ്യ ഡോസ് സ്വീകരിച്ചത്.
സൗത്ത് ഓസ്‌ട്രേലിയയിൽ ആദ്യം വാക്‌സിൻ സ്വീകരിച്ചത് പ്രീമിയർ സ്റ്റീവൻ മാർഷലും, ഒരു ഹോട്ടൽ ഗാർഡും, ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ്.
തുടർന്ന് ആരോഗ്യ മന്ത്രി സ്റ്റീഫൻ വെയ്‌ഡ്, സംസ്ഥാന ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ നിക്കോള സ്പറിയർ, സൗത്ത് ഓസ്ട്രേലിയ പോലീസ് കമ്മീഷണർ ഗ്രാന്റ് സ്റ്റീവൻസ് എന്നിവരും ഫൈസർ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
ആകെ 4,000 ഡോസുകളാണ് സിഡ്‌നിയിൽ നിന്ന് അഡ്‌ലൈഡിൽ എത്തിയിരിക്കുന്നത്. റോയൽ അഡ്‌ലൈഡ് ആശുപത്രിയിലും ഫ്ലിൻഡേഴ്‌സ് മെഡിക്കൽ സെന്ററിലുമാണ് വാക്‌സിൻ വിതരണം നടക്കുന്നത്.

Essential workers including police and medial professionals register at the Royal Prince Alfred Hospital Vaccination Hub in Sydney, Monday, 22 February, 2021. Source: AAP
ഗോൾഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്‌സാണ് ക്വീൻസ്ലാന്റിൽ ആദ്യമായി വാക്‌സിൻ സ്വീകരിച്ചത്.
രാജ്യത്ത് ഈയാഴ്ച അവസാനത്തോടെ 60,000 ഡോസുകൾ വിതരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫെഡറൽ സർക്കാർ.
രാജ്യവ്യാപകമായി ആരംഭിച്ച വാക്‌സിനേഷൻ പദ്ധതിക്ക് മുന്നോടിയായി ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ ഞായാഴ്ച പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ വാക്‌സിൻ സ്വീകരിച്ചിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച 85 കാരിയായ ജെയിൻ മാലിസിക്ക് നൽകിയാണ് വാക്‌സിൻ വിതരണത്തിന് തുടക്കം കുറിച്ചത്.
കൂടാതെ ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി, ചീഫ് നഴ്‌സിംഗ് ഓഫീസർ ആലിസൺ മക് മിലൻ എന്നിവരും ഞായറാഴ്ച വാക്‌സിൻ സ്വീകരിച്ചു.
ഒക്ടോബർ അവസാനത്തോടെ എല്ലാവർക്കും വാക്‌സിൻ നല്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.