വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ എട്ടു വിമാനങ്ങളാണ് ഓസ്ട്രേലിയിൽ നിന്ന് സർവീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇതിൽ ആദ്യത്തെ സർവീസാണ് ബുധനാഴ്ച രാവിലെ പുറപ്പെട്ടത്. ഇന്ത്യക്കാരും OCI കാർഡുടമകളും ഉൾപ്പെടെ 224 യാത്രക്കാരുമായാണ് സിഡ്‌നിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നത്.
ജൂൺ 17 മുതൽ 24 വരെയായിരിക്കും ഓസ്ട്രേലിയയിൽ നിന്നുള്ള സർവീസുകൾ. സിഡ്നിയിലും മെൽബണിലും നിന്ന് തന്നെയാകും ഈ ഘട്ടത്തിലും സർവീസുകളെല്ലാം.
ജൂൺ 18 നും, 20നും, 22നും പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ യാത്രചെയ്യാൻ ഷോർട്ട് ലിസ്റ്റ് ചെയ്ത യാത്രക്കാരെ ബന്ധപ്പെട്ടു കഴിഞ്ഞതായി കോൺസുലേറ്റ് സ്ഥിരീകരിച്ചു.
ജൂൺ 23ന് സിഡ്നിയിൽ നിന്നാണ് കൊച്ചി സർവീസ്.
നാലു സർവീസുകൾ ഡൽഹിയിലേക്കും, മറ്റ് നാലെണ്ണം ഡൽഹി വഴി
കൊച്ചി, അഹമ്മദാബാദ്, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ്.
8,000 ത്തിനടുത്ത് യാത്രക്കാരാണ് വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് പോകാൻ ഹൈ കമ്മീഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,950 ഓളം പേർക്ക് ഈ ഘട്ടത്തിൽ യാത്ര ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്തവരും രണ്ടാം ഘട്ടത്തിൽ അവസരം കിട്ടണമെങ്കിൽ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് ഹൈ കമ്മീഷൻ അറിയിച്ചിരുന്നു.
കഴിഞ്ഞ ഘട്ടത്തിൽ ഏഴു വിമാനസർവീസുകളാണ് ഓസ്ട്രേലിയയിൽ നിന്ന് ഏർപ്പെടുത്തിയിരുന്നത്. മെയ് 25നായിരുന്നു മെൽബൺ-കൊച്ചി സർവീസ്.

Source: Indian High Commission
രാജ്യത്ത് കുടുങ്ങിക്കിടന്ന രക്ഷിതാക്കൾ ഉൾപ്പെടെയുള്ള 230 ഓളം യാത്രക്കാരാണ് കൊച്ചിയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്തത്.
ആദ്യഘട്ടത്തിൽ പതിനായിരത്തോളം പേർ രജിസ്റ്റർ ചെയ്തെങ്കിലും 1,600ഓളം പേർക്ക് മാത്രമാണ് യാത്ര ചെയ്യാൻ അവസരം കിട്ടിയത്.