വടക്കൻ മെൽബണിലെ മിൽ പാർക്കിലുള്ള വീട്ടിൽ ബുധനാഴ്ച വൈകിട്ടാണ് വളർത്തു നായയുടെ ആക്രമണമുണ്ടായത്.
രോഗബാധിതനായതിനാൽ നടക്കാൻ ക്രച്ചസ് ഉപയോഗിച്ചിരുന്ന 61കാരനെ അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ ഇനത്തിൽപ്പെടുന്ന നായയാണ് ആക്രമിച്ചത്.
മകന്റെ വളർത്തുനായ ഏറെ നാളായി ഇതേ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ആക്രമണത്തിൽ നിന്ന് ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് 58കാരിയായ ഭാര്യയ്ക്കും കടിയേറ്റത്.

Sample image of a Staffordshire Terrier dog (not related to the incident) Source: Image: Jaclyn Clark via Unsplash
ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിനുള്ളിൽ വച്ചാണ് നായ ആക്രമണം തുടങ്ങിയത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഭാര്യയുടെ സഹായത്തോടെ ഇയാൾ വീടിന്റെ ബാക്ക് യാർഡിലേക്ക് ഇറങ്ങി. സംഭവസ്ഥലത്തു വച്ച് തന്നെ ഇയാൾ മരിക്കുകയായിരുന്നു.
അയൽക്കാരിൽ ഒരാൾ ട്രിപ്പിൾ സീറോ വിളിച്ചതിനെത്തുടർന്ന് പൊലീസെത്തിയാണ് നായയെ കീഴടക്കിയത്. പല തവണ പൊലീസിന് വെടിയുതിർത്ത് നായയുടെ ശ്രദ്ധ മാറ്റേണ്ടി വന്നു. തുടർന്ന് റേഞ്ചർമാർ അതിനെ സ്ഥലത്തു നിന്ന് മാറ്റി.
ജൂനിയർ എന്നായിരുന്നു ഈ നായയുടെ പേരെന്ന് അയൽക്കാർ പറഞ്ഞു. സംഭവത്തെ തുടർന്ന് നായയെ കൊല്ലാൻ വീട്ടുകാർ സമ്മതിച്ചിട്ടുണ്ട്.
വീട്ടിലെ എല്ലാവരുമായും നല്ല പരിചയമുള്ള നായയായിരുന്നു ഇതെന്നും, ആക്രമണത്തിന് കാരണം എന്താണെന്ന് വ്യക്തമല്ലെന്നും വിക്ടോറിയ പൊലീസ് അറിയിച്ചു.
പൊലീസിന് വെടിയുതിർക്കേണ്ടി വന്നതിനാൽ പ്രൊഫഷണൽ സ്റ്റാന്റേർഡ്സ് കമ്മിറ്റി ഇതേക്കുറിച്ച് അന്വേഷണം നടത്തും.