ദിവസങ്ങൾ നീണ്ട വിവാദങ്ങൾക്കൊടുവിലാണ് വിക്ടോറിയയിലെ സ്കള്ളിൻ സീറ്റിൽ നിന്ന് മത്സരിക്കുന്ന ഗുർപാൽ സിംഗ് രാജി വച്ചത്. ഇദ്ദേഹത്തെ പിന്തുണച്ച പ്രധാനമത്രി സ്കോട്ട് മോറിസൺ ഗുർപാലിന്റെ രാജി വെള്ളിയാഴ്ച സ്വീകരിച്ചു.
പഞ്ചാബിൽ നിന്നും വർഷങ്ങൾക്ക് മുൻപ് ഓസ്‌ട്രേലിയയിലെത്തിയ സ്ത്രീ ബലാൽസംഗത്തിന് ഇരയായി എന്നാരോപിച്ചുകൊണ്ടുള്ള ഇവരുടെ അനുഭവം എസ് ബി എസ് പഞ്ചാബി റിപ്പോർട്ട് ചെയ്തിരുന്നു.
ബലാത്സംഗത്തിനിരയെന്ന് ആരോപിക്കുന്ന സ്ത്രീയല്ല മറിച്ച് ആരോപണ വിധേയനായ ഇവരുടെ ഭർത്താവാണ് യഥാർത്ഥ ഇര എന്നായിരുന്നു ഗുർപാൽ സിംഗിന്റെ കമന്റ്.
പങ്കാളികളാൽ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വിലയിരുത്തുന്ന സംഘടനയായ റെഡ് ഹാർട്ട് ക്യാംപെയിൻ ഗുർപാലിന്റെ ഈ പരാമർശത്തെ അപലപിച്ചിരുന്നു.
ഇതിനു പുറമെ 2017 മേയിൽ സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട് ഗുർപാലിന്റെ പ്രതികരണവും വിവാദമായി. സ്വവർഗ്ഗ വിവാഹവും കുട്ടികൾക്ക് ബാലപീഡനവും ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചത്.
ഈ രണ്ടു വിഷയങ്ങൾ സംബന്ധിച്ച ഗുർപാലിന്റെ പരാമർശങ്ങളാണ് വിവാദത്തിലേക്ക് നയിക്കുകയും രാജിയിൽ കലാശിക്കുകയും ചെയ്തത്.
അതേസമയം ഈ വിഷയം ഉചിതമായി കൈകാര്യം ചെയ്തുവെന്നും അതുകൊണ്ട് തന്നെ ഗുർപാലിന്റെ സ്ഥാനാർത്ഥിത്വത്തിന് തടസ്സങ്ങളുണ്ടാകില്ലെന്നും പ്രധാന മന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കിയിരുന്നു.
എന്നാൽ വിവാദങ്ങൾ കൊഴുത്തതോടെ വ്യാഴാഴ്ച ഗുർപാലിനോട് രാജി വയ്ക്കാൻ പാർട്ടി നിർദ്ദേശിക്കുകയായിരുന്നുവെന്ന് ലിബറൽ പാർട്ടി വക്താവ് അറിയിച്ചു. ഇതേത്തുടർന്നാണ് ഗുർപാൽ രാജി സമർപ്പിച്ചത്.
തന്റെ വിവാദ പരാമർശങ്ങൾക്ക് ക്ഷമാപണം നടത്തിക്കൊണ്ടാണ് ഗുർപാൽ രാജി സമർപ്പിച്ചത് .
സമൂഹ മാധ്യമത്തിലൂടെയുള്ള വിവാദ പരാമർശങ്ങളെത്തുടർന്ന് നിരവധി സ്ഥാനാർത്ഥികൾക്കാണ് രാജി വയ്‌ക്കേണ്ടി വന്നത്.