വിക്ടോറിയയിൽ 1,126 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ 20 സ്കൂളുകളിൽ ഈയാഴ്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതേതുടർന്ന് വാക്‌സിനേഷൻ സ്വീകരിക്കാത്ത കുട്ടികൾ, 14 ദിവസം ക്വാറന്റൈൻ ചെയ്യണമെന്നാണ് നിർദ്ദേശം. എന്നാൽ, കുട്ടികളിലെ ക്വാറന്റൈന്റെ കാലയളവ് കുറയ്ക്കാനായി സ്കൂളുകളിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്താനാണ് സർക്കാർ പദ്ധതി.
പരീക്ഷാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി, വൈറസ്ബാധ റിപ്പോർട്ട് ചെയ്ത 20 സ്കൂളുകളിൽ ആണ് ഈയാഴ്ച നടപ്പാക്കുന്നത്.
തുടർന്ന് മറ്റ് സ്കൂളുകളിലും പരിശോധന നടപ്പാക്കും. അടുത്തയാഴ്ച മുതൽ എല്ലാ സ്കൂളുകളിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് ലഭ്യമാക്കുമെന്ന് ഡെപ്യൂട്ടി പ്രീമിയർ ജെയിംസ് മെർലിനോ അറിയിച്ചു.
അതേസമയം, എല്ലാ കുട്ടികളും പരിശോധനക്ക് വിധേയരാവേണ്ടതില്ല. വാക്‌സിനേഷൻ സ്വീകരിക്കാത്തതോ, ഭാഗികമായി വാക്‌സിനേഷൻ സ്വീകരിച്ചതോ ആയ വിദ്യാർത്ഥികളിൽ ആകും പരിശോധന നടത്തുന്നത്.
കൊവിഡ് പോസിറ്റീവ് ആകുന്ന കുട്ടികളുമായി സമ്പർക്കത്തിൽ വന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികളിൽ ആകും പരിശോധന കൂടുതലായി നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ ഇവർക്ക് 14 ദിവസമാണ് ക്വാറന്റൈൻ. ആന്റിജൻ ടെസ്റ്റ് നടപ്പാക്കുന്നതോടെ ഏഴാം ദിവസം ഇവർക്ക് ക്ലാസുകളിലേക്ക് മടങ്ങാൻ കഴിയും.
കുട്ടികൾ 14 ദിവസം ക്വാറന്റൈൻ ചെയ്യേണ്ടി വരുന്നത് സ്കൂൾ സമൂഹത്തെ സാരമായി ബാധിക്കുന്നതായും, ഈ പരിശോധന വഴി വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിച്ചേക്കുമെന്നും മെർലിനോ പ്രതീക്ഷ പ്രകടിപ്പിച്ചു.