സന്ദർശകവിസയും താൽക്കാലിക തൊഴിൽ വിസയും ഉള്ളവർക്ക് ഫീസിളവ്: വിശദാംശങ്ങൾ പ്രഖ്യാപിച്ചു

ഓസ്ട്രേലിയയിലെ വിവിധ താൽക്കാലിക വിസകളുള്ളവർക്ക് കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ഫീസ് ഇളവുകളുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ വെളിപ്പെടുത്തി.

Visa

Australian Visa Source: MA

കൊവിഡ് പ്രതിസന്ധി മൂലമുള്ള യാത്രാ നിയന്ത്രണങ്ങൾ ബാധിച്ച താൽക്കാലിക വിസകളിലുള്ളവർക്ക്, ഫീസ് ഇളവും റീഫണ്ടും  നൽകും എന്ന് കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ഫെഡറൽ ബജറ്റിലാണ് സർക്കാർ പ്രഖ്യാപിച്ചത്.

അതിന്റെ കൂടുതൽ വിശദാംശങ്ങൾ ആക്ടിംഗ് കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജ് വെളിപ്പെടുത്തി.

വിവിധ താൽക്കാലിക വിസകളിലുള്ളവർക്ക് വ്യത്യസ്ത തരത്തിലുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സന്ദർശക വിസ:

നിലവിൽ വിദേശത്തുള്ള സന്ദർശക വിസ ഉടമകൾ പുതിയ വിസയ്ക്കായി അപേക്ഷിക്കുമ്പോൾ ഫീസ് ഇളവു ചെയ്യാനാണ് തീരുമാനം.
2020 മാർച്ചിനും 2021 ഡിസംബറിനും ഇടയിൽ കാലാവധി അവസാനിക്കുന്ന സന്ദർശക വിസയിലുള്ളവർക്കാണ് ഈ ഇളവ് ലഭിക്കുക.
അതായത്, ഈ കാലാവധിയിൽ അവസാനിക്കുന്ന സന്ദർശക വിസ ഉള്ളവർ ഓസ്ട്രേലിയൻ അതിർത്തി തുറന്ന ശേഷം പുതിയ സന്ദർശക വിസയ്ക്കായി അപേക്ഷിച്ചാൽ ഫീസ് നൽകേണ്ടി വരില്ല.

ഓസ്ട്രേലിയൻ ടൂറിസം മേഖലയെ കൊവിഡ് കാലത്തിനു ശേഷം വീണ്ടും ശക്തിപ്പെടുത്താനായാണ് ഈ തീരുമാനമെന്ന് ടൂറിസം മന്ത്രി സൈമൺ ബർമിംഗ്ഹാം പറഞ്ഞു.
നിയന്ത്രണങ്ങൾ ഇളവു ചെയ്ത ശേഷം കൂടുതൽ പേരെ ഓസ്ട്രേലിയയിലേക്ക് ആകർഷിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

അതേസമയം, നിലവിൽ ഓസ്ട്രേലിയയിൽ ഉള്ളവർക്ക് ഈ ഇളവ് ലഭിക്കില്ല എന്നാണ് വ്യക്തമാകുന്നതെന്ന് മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആന്റ് സെറ്റിൽമെന്റ് സർവീസസിലെ മൈഗ്രേഷൻ ഏജന്റ് എഡ്വേർഡ് ഫ്രാൻസിസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

പ്രോസ്പക്ടീവ് മാര്യേജ് വിസ

ഓസ്ട്രേലിയൻ പൗരനെയോ, പെർമനന്റ് റെസിഡന്റിനെയോ വിവാഹം കഴിക്കാനായി രാജ്യത്തേക്കെത്താൻ അനുവാദം നൽകുന്ന വിസയാണ് ഇത്. വിസ ലഭിച്ച് ഒമ്പതു മാസം വരെയാണ് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ കഴിയുന്നത്.

എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ കാരണം വിസ കാലാവധി അവസാനിക്കും മുമ്പ് ഓസ്ട്രേലിയയിലേക്ക് എത്താൻ കഴിയാത്തവർക്ക് വിസ ഫീസ് തിരികെ നൽകും.

യാത്രാ നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം അവർക്ക് വീണ്ടും പുതിയ വിസയ്ക്ക് അപേക്ഷിക്കുന്നതിനു വേണ്ടിയാണ് ഫീസ് തിരികെ നൽകുന്നത്.
ഇതിനകം വിസ കാലാവധി അവസാനിച്ചവരുടെ പുതിയ അപേക്ഷകൾക്ക് മുഖ്യ പരിഗണന നൽകുകയും ചെയ്യും.
ഇപ്പോഴും സാധുവായ പ്രോസ്പക്ടീവ് മാര്യേജ് വിസ ഉള്ളവർക്ക്, വിസ കാലാവധി നീട്ടി നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

മലയാളികളുൾപ്പെടെ നിരവധി ഇന്ത്യാക്കാർക്ക് പ്രയോജനപ്രദമാകുന്ന ഇളവാണ് പ്രോസ്പക്ടീവ് മാര്യേജ് വിസയിലേതെന്ന് എഡ്വേർഡ് ഫ്രാൻസിസ് ചൂണ്ടിക്കാട്ടി.

ഈ വർഷം പാർട്ണർ വിസകൾ അനുവദിക്കുന്നതിനാകും സർക്കാർ കൂടുതൽ പരിഗണന നൽകുകയെന്നും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതോടൊപ്പം ഇംഗ്ലീഷ് പ്രാവീണ്യം കൂടി നിർബന്ധമാക്കിയിട്ടുണ്ട്.

താൽക്കാലിക സ്കിൽഡ് വിസകൾ

ടെംപററി സ്കിൽ ഷോർട്ടേജ് വിസ (സബ്ക്ലാസ് 482), ടെംപററി വർക്ക് (സ്കിൽഡ്) വിസ (സബ്ക്ലാസ് 457) തുടങ്ങിയ താൽക്കാലിക എംപ്ലോയർ സ്പോൺസേർഡ് സ്കിൽഡ് വിസകളിലുള്ളവർക്കാണ് ഈ ഇളവ്

വിസ ലഭിച്ചിട്ടും ഓസ്ട്രേലിയയിലേക്ക് വരാൻ കഴിയാത്തവർക്കും, അല്ലെങ്കിൽ കൊവിഡ് കാരണം സ്വന്തം നാട്ടിലേക്ക് തിരികെ പോയവർക്കും പുതിയ വിസയ്ക്കായി അപേക്ഷിക്കുമ്പോൾ ഫീസ് ഒഴിവാക്കും.
എന്നാൽ, കർശനമായ ലേബർ മാർക്കറ്റ് ടെസ്റ്റിംഗ് കഴിഞ്ഞു മാത്രമേ പുതിയ വിസ അനുവദിക്കൂ എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്ന് തന്നെ തൊഴിലാളികളെ കണ്ടെത്താൻ ശ്രമിക്കണം എന്ന വ്യവസ്ഥയാണ് ലേബർ മാർക്കറ്റ് ടെസ്റ്റിംഗ്. വേണ്ടത്ര യോഗ്യതയുള്ളവരെ ഓസ്ട്രേലിയയിൽ ലഭിക്കുന്നില്ലെങ്കിൽ മാത്രമേ വിദേശത്തു നിന്ന് സ്പോൺസർ ചെയ്ത് കൊണ്ടുവരാൻ കഴിയൂ.

സീസണൽ വർക്കർ പ്രോഗ്രാം

സീസണൽ വർക്കർ പ്രോഗ്രാം വിസയും, പസഫിക് ലേബർ സ്കീം വർക്കർ വിസയും ഉള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് വരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ റീഫണ്ട് ലഭിക്കും.

വർക്കിംഗ് ഹോളിഡേ

ഈ വിസകളിലുള്ളവർക്ക് യാത്ര മുടങ്ങുകയോ, തിരികെ പോകേണ്ടി വരികയോ ചെയ്തിട്ടുണ്ടെങ്കിൽ വീണ്ടും വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഫീസ് ഒഴിവാക്കും.

വീണ്ടും വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി കടന്നുപോയാൽ റീഫണ്ട് നൽകുമെന്നും സർക്കാർ വ്യക്തമാക്കി.

നിലവിൽ ഇന്ത്യൻ പൗരൻമാർക്ക് വർക്കിംഗ് ഹോളിഡേ വിസ ലഭിക്കില്ല.


Share

Published

Updated

By Deeju Sivadas

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service