ഓസ്ട്രേലിയ 20 മാസങ്ങൾക്ക് ശേഷം നവംബർ ഒന്നിന് രാജ്യാന്തര അതിർത്തി തുറന്നു. വിദേശത്ത് നിന്ന് രാജ്യത്തേക്കെത്താൻ പദ്ധതിയിട്ടിരുന്ന നിരവധി പേർക്കാണ് ഇത് ആശ്വാസം നൽകിയത്.
അതിർത്തി തുറന്നതോടെ വിസ നിയമങ്ങളിലും ചില മാറ്റങ്ങൾ സർക്കാർ നടപ്പാക്കുന്നുണ്ട്.
ഇവ മുതലെടുത്തുകൊണ്ടാണ് പുതിയ വിസ തട്ടിപ്പ് വ്യാപകമാകുന്നത്.
'ഓസ്ട്രേലിയ വിസ ലോട്ടറി ഓൺലൈൻ' എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാജ വിസ പ്രചാരണം.
ഓസ്‌ട്രേലിയൻ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാജ സന്ദേശം.
10 മുതൽ 55 വയസുവരെയുള്ളവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ്. ഈ പ്രായത്തിലുള്ളവർക്കാണ് ഈ പദ്ധതി വഴി ഓസ്‌ട്രേലിയയിലേക്ക് എത്താൻ കഴിയുന്നതെന്ന് ആണ് സന്ദേശത്തിൽ പറയുന്നത്.
50,000 ലേറെ പേർക്ക് സൗജന്യമായി വിസ നൽകുമെന്നും, പഠനത്തിനായും ജോലിക്കായും ഓസ്‌ട്രേലിയയിലേക്ക് എത്താൻ കഴിയുമെന്നും ഈ വ്യാജ സന്ദേശത്തിൽ പറയുന്നു.
ഈ സന്ദേശത്തിന് താഴെ ഒരു വെബ്സൈറ്റ് ലിങ്കും നൽകിയിട്ടുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാമെന്നും തട്ടിപ്പുകാർ അവകാശപ്പെടുന്നു.

Source: Supplied

Source: Supplied
ഈ സന്ദേശത്തിന്റെ നിജസ്ഥിതി അറിയാനായി ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യുമർ കമ്മീഷനെയും (ACCC) എസ് ബി എസ് മലയാളം ബന്ധപ്പെട്ടു.
ഓസ്‌ട്രേലിയൻ സർക്കാർ വിസ ലോട്ടറികൾ ഒന്നും നൽകുന്നില്ലെന്നും, ഇത് വ്യാജ സന്ദേശമാണെന്നും ACCC വക്താവ് സ്ഥിരീകരിച്ചു.
ആഭ്യന്തര മന്ത്രാലയം, അംഗീകൃത ട്രാവൽ ഏജന്റുമാർ, ഓസ്‌ട്രേലിയൻ വിസ ആപ്ലിക്കേഷൻ കേന്ദ്രങ്ങൾ, ഓസ്‌ട്രേലിയൻ ഹൈ കമ്മീഷൻ അഥവാ എംബസി എന്നിവ മുഖേന മാത്രമേ വിസ അപേക്ഷകൾ നല്കാൻ പാടുള്ളുവെന്നാണ് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിക്കുന്നതെന്ന് ACCC വ്യക്തമാക്കി.
ഇത്തരത്തിൽ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നവർക്ക് മറുപടി നൽകരുതെന്നും, അപരിചിതർക്ക് വ്യക്തിവിവരങ്ങൾ കൈമാറരുതെന്നും ACCC വക്താവ് അറിയിച്ചു.
തട്ടിപ്പുകാർക്ക് നിങ്ങളുടെ വ്യക്തി വിവരങ്ങൾ ലഭിച്ചു എന്ന് മനസിലായാൽ 1800 595 160 എന്ന നമ്പറിൽ ID Care ൽ ബന്ധപ്പെടേണ്ടതാണ്.
എന്ന വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യുമർ കമ്മീഷൻ അറിയിച്ചു.
ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി തുറന്നതോടെ, ഇത്തരം വിസ തട്ടിപ്പുകൾ വർദ്ധിക്കുന്നതായി മെൽബണിലെ ഓസ്റ്റ് മൈഗ്രെഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രെഷൻ ഏജന്റ് ആയ എഡ്‌വേഡ് ഫ്രാൻസിസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു. ഈ സന്ദേശത്തെക്കുറിച്ചറിയാൻ വിദേശത്ത് നിന്ന് നിരവധി പേരാണ് ബന്ധപ്പെടുന്നതെന്നും എഡ്‌വേഡ് പറഞ്ഞു.