ഓസ്‌ട്രേലിയയിൽ കൊറോണപ്രതിസന്ധിക്ക് ശേഷം സാമ്പത്തിക രംഗം ശക്തിപ്പെടുത്താനായി ഫെഡറൽ സർക്കാർ നിര്മ്മാണ മേഖലയിൽ സാമ്പത്തിക ഗ്രാന്റ് പ്രഖ്യാപിച്ചിരുന്നു.
വീട് നിർമ്മാണത്തിനും നവീകരണത്തിനുമായി 25,000 ഡോളർ ആണ് ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ഇതിന് പുറമെയാണ് വെസ്റ്റേൺ ഓസ്‌ട്രേലിയയും ടാസ്മേനിയയും വീട് നിർമ്മാണത്തിന് 20,000 ഡോളർ ഗ്രാന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായി വീട് നിർമ്മിക്കുന്നവർക്ക് മാത്രമല്ല ഈ ധനസഹായം ലഭിക്കുക. മറിച്ച് വീട് നിർമ്മിക്കുന്ന എല്ലാവര്ക്കും ഗ്രാന്റ് ലഭിക്കും.
വീട് നിർമ്മിക്കുന്ന എല്ലാവര്ക്കും ഗ്രാന്റ് നൽകുമെന്ന് WA
വെസ്റ്റേൺ ഓസ്‌ട്രേലിയക്കാർക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്കും, വിദേശത്തുള്ളവർക്കും, ഗ്രാന്റ് ലഭിക്കും. ഉടമയ്ക്ക് താമസിക്കാനായോ ഇൻവെസ്റ്റ്മെന്റിനായോ നിർമ്മിക്കുന്ന വീടുകൾക്കും ഈ ബിൽഡിംഗ് ബോണസ് പാക്കേജ് ലഭ്യമാകുമെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പ്രീമിയർ മാർക്ക് മക് ഗോവൻ അറിയിച്ചു.
ഗ്രാന്റ് നൽകാൻ അപേക്ഷകരുടെ വരുമാനമോ, വസ്തുവിനറെ വിലയോ മാനദണ്ഡമായി സർക്കാർ കണക്കാക്കുന്നില്ല.
സംസ്ഥാനത്ത് വീട് നിർമ്മിക്കുന്നവർ ജൂൺ നാലിനും ഡിസംബർ 31നും ഇടയിൽ കോൺട്രാക്ടിൽ ഒപ്പ് വച്ച് നിർമ്മാണം ആരംഭിക്കണം. കോൺട്രാക്ടിൽ ഒപ്പ് വച്ച് ആറ് മാസത്തിനുള്ളിൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും വ്യവസ്ഥയിലുണ്ട് .
കൂടാതെ സോഷ്യൽ ഹൗസിംഗ് സ്‌കീമിൽ 319 മില്യൺ ഡോളർ അധിക ഫണ്ടിംഗും പ്രഖാപിച്ചിട്ടുണ്ട്. 1,500 വീടുകളുടെ നവീകരണവും 250 പുതിയ വീടുകളുടെ നിർമ്മാണവും ലക്ഷ്യമിട്ടാണിത്.
ഇതുവഴി 1,700 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ .
നിലവിൽ സംസ്ഥാനത്ത് പുതുതായി വീട് വാങ്ങുന്നവർക്ക് 10,000 ഡോളർ ഫസ്റ്റ് ഹോം ഓണർ ഗ്രാന്റും, സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവും നൽകുന്നുണ്ട്.
ഇതിന് പുറമെയാണ് സംസ്ഥാന സർക്കിന്റെ 20,000 ഡോളർ ഗ്രാന്റ്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി വീട് നിർമ്മിക്കുന്ന ചിലർക്ക് ഏതാണ്ട് 69,440 ഡോളറാണ് സർക്കാരിൽ നിന്നും ലഭിക്കുന്നത്.
കൊവിഡ്-19 മൂലം പ്രതിസന്ധിയിലായ നിർമാണ മേഖലയെ ഉത്തേജിപ്പിക്കാനും, പ്ലംബർ, കാർപെന്റർ, പെയ്ന്റർ, ബ്രിക് ലെയർ തുടങ്ങിയ ട്രേഡികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ ഗ്രാന്റ് സഹായകമാകുമെന്ന് പ്രീമിയർ പറഞ്ഞു.
ടാസ്മേനിയയും ഗ്രാന്റ് നൽകും
പുതിയ വീട് നിർമ്മിക്കുന്നവർക്ക് 20,000 ഡോളർ ഗ്രാന്റ് ആണ് ടാസ്മേനിയയും പ്രഖ്യാപിച്ചിരിക്കുന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്നും വ്യത്യസ്തമായി ഉടമയ്ക്ക് താമസിക്കാനുള്ള വീട് നിർമ്മാണത്തിന് മാത്രമാണ് ഗ്രാന്റ് ലഭിക്കുക.
ഡിസംബർ 31നു മുൻപായി കോൺട്രാക്ടിൽ ഒപ്പ് വയ്ക്കുകയും മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കുകയും വേണമെന്നാണ് വ്യവസ്ഥ. എന്നാൽ നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയാൽ മതി.
ഇതിന് പുറമെ സോഷ്യൽ ഹൗസിംഗ് നിർമ്മാണത്തിനായി 100 മില്യൺ ഡോളറും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.
ഈ പാക്കേജ് വഴി 2,300 പുതിയ വീടുകൾ നിര്മ്മിക്കാനും, 15,000 പേർക്ക് തൊഴിൽ നൽകാനും കഴിയുമെന്ന് ടാസ്മേനിയൻ പ്രീമിയർ പീറ്റർ ഗട്ട്വെയ്ൻ പറഞ്ഞു.
ഇതോടെ സംസ്ഥാനത്ത് പുത്തൻ വീട് നിർമ്മിക്കാൻ പദ്ധതിയിടുന്നവർക്ക് ഫെഡറൽ സർക്കാരിന്റെ ഗ്രാന്റ് ഉൾപ്പെടെ 45,000 ഡോളറാണ് ലഭിക്കുന്നത്.
നിലവിൽ മറ്റ് സംസ്ഥാനങ്ങൾ ഹോം ബിൽഡർ സ്കീം പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിൽ ആദ്യമായി വീട് വാങ്ങുകയോ പണിയുകയോ ചെയ്യുന്നവർക്ക് ലഭിക്കുന്ന 20,000 ഡോളർ ഫസ്റ്റ് ഹോം ഓണർ ഗ്രാന്റ് 2021 വരെ നീട്ടാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. Greater Geelong, Ballarat, Bendigo, Wodonga, Shepparton തുടങ്ങിയ 48 കൗണ്സിലുകളിൽ വീട് വാങ്ങുന്നവർക്കാണ് ഇത് ലഭിക്കുക.