ജനുവരി 27ന് മെൽബണിൽ നിന്ന് ഗോൾഡ്‌കോസ്റ്റിലേക്ക് പോയ ടൈഗർ എയർ വിമാനത്തിൽ യാത്ര ചെയ്തവർക്കാണ് കൊറോണവൈറസ് രോഗം സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങൾ കാണിച്ച ഇവർ നിരീക്ഷണത്തിലായിരുന്നു. 42 വയസ്സുള്ള സ്ത്രീക്കും ഒരു 44 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. വുഹാനിൽ നിന്ന് എത്തിയതാണ് ഇവർ.
ഇവർ യാത്ര ചെയ്ത TT566 ടൈഗർ എയർ വിമാനത്തിൽ വിമാന ജീവനക്കാർ ഉൾപ്പെടെ 172 യാത്രക്കാരുണ്ടായിരുന്നതായി ടൈഗർ എയർ അറിയിച്ചു.
മാത്രമല്ല, തിങ്കളാഴ്ച മുതൽ മെൽബൺ, അഡ്‌ലൈഡ്, ബ്രിസ്‌ബൈൻ, കേൻസ്, ഗോൾഡ് കോസ്റ്റ്, പെർത്ത് തുടങ്ങി രാജ്യത്തിൻറെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഈ വിമാനം സർവീസ് നടത്തിയിരുന്നു.
രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ടൈഗർ എയർ ഈ വിമാനത്തിന്റെ സർവീസ് നിർത്തിവച്ചു. രോഗം പകരുന്നത് തടയാനായി വിമാനം വൃത്തിയാക്കുന്നതിന് വേണ്ടിയാണിത്.
കൂടാതെ ടൈഗർ എയറിന്റെ മറ്റ് 13 വിമാനങ്ങളിൽ യാത്ര ചെയ്തവരെയും വിമാന കമ്പനി അധികൃതർ ബന്ധപ്പെട്ട് വരികയാണ്.
TT566 ടൈഗർ എയർ വിമാനത്തിൽ യാത്രചെയ്തവർ 13HEALTH ൽ വിളിച്ച് ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് ക്വീൻസ്ലാന്റിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ജാനെറ്റ് യംഗ് അറിയിച്ചു.
രോഗം ബാധിച്ച ഇവർ ഇപ്പോൾ ഗോൾഡ് കോസ്റ്റ് യൂണിവേർഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതോടെ ഓസ്‌ട്രേലിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതായി. ന്യൂ സൗത്ത് വെയിൽസിൽ നാല് പേർക്കും വിക്ടോറിയയിൽ രണ്ട് പേർക്കും ക്വീൻസ്‌ലാന്റിൽ മൂന്ന് പേർക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗം ബാധിച്ച് ചൈനയിൽ 170 പേർമരണമടഞ്ഞിട്ടുണ്ട്. 7000ലേറെ പേർക്ക് രോഗം ബാധിച്ചിട്ടുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ആയിരക്കണക്കിനാളുകളിലേക്ക് രോഗം പടർന്നതോടെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
രോഗം പടരാനുള്ള സാധ്യതകൾ കണക്കിലെടുത്ത് വിവിധ എയർലൈൻ കമ്പനികൾ ചൈനയിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് എയർവെയ്‌സ് ചൈനയിലേക്കുള്ള വിമാനസർവീസുകളെല്ലാം റദ്ദാക്കിയതായി ബുധനാഴ്ച അറിയിച്ചിരുന്നു.
അമേരിക്കൻ എയർലൈൻസും വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ഇതിനു പുറമെ ക്വന്റസും, എയർ കാനഡയും, ജർമൻ എയർലൈൻസായ ലുഫ്താൻസ, ഓസ്ട്രിയൻ എയർലൈൻസ് എന്നിവയും സർവീസുകൾ റദ്ദാക്കിയെന്ന് അറിയിച്ചിട്ടുണ്ട്.
എയർ ഇന്ത്യയും ദക്ഷിണ കൊറിയൻ വിമാന കമ്പനികളും വരും ദിവസങ്ങളിൽ സർവീസുകൾ നിർത്തലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.