വിക്ടോറിയയിൽ ജൂൺ മാസം ഇത് സംബന്ധിച്ച നിയമം നിലവിൽ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വെസ്റ്റേൺ ഓസ്‌ട്രേലിയയും ദയാവധം നിയമവിധേയമാക്കാൻ പദ്ധതിയിടുന്നത്.
ഇത് സംബന്ധിച്ച ബില്ലിന്മേൽ ചർച്ചകൾ നടത്തിയ ശേഷം പാർലമെന്റിന്റെ ഇരു സഭകളിലും പാസ് ആയാൽ മാത്രമേ ഇത് നിയമമാകുകയുള്ളു.
കൂടാതെ ദയാവധം നിയമവിധേയമാക്കുന്ന കാര്യത്തിൽ പൊതു ജനങ്ങളുടെ അഭിപ്രായവും തേടും. ഇതിന് പുറമെ ഈ നിയമം നടപ്പിലാക്കിയ വിക്ടോറിയയിൽ ഇത് എങ്ങനെ നടപ്പാക്കുന്നു എന്ന കാര്യം വിലയിരുത്തുചെയ്യുമെന്ന് സർക്കാർ അറിയിച്ചു.
മരണം ഒഴിച്ച് കൂടാനാവില്ല. ഒരാളുടെ മരണം ഏതു രീതിയിൽ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം നൽകുന്നതാണ് നിയമമെന്ന് ആരോഗ്യ മന്ത്രി റോജർ കൂക് വ്യക്തമാക്കി.
സന്തോഷം കൊണ്ട് ഈറനണിഞ്ഞാണ് നിയമത്തെസംബന്ധിച്ച ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനത്തെ ജനങ്ങൾ സ്വാഗതം ചെയ്തത്.
ബിൽപ്രകാരം മാരകമായ രോഗം ബാധിച്ച് ആറു മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുള്ള രോഗികൾക്കാണ് ദയാവധത്തിനുള്ള അവകാശം.
മാത്രമല്ല ദയാവധം ആവശ്യപ്പെടുന്നയാൾക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡന്റോ പൗരനോ ആയിരിക്കണം, ഒരു വർഷമെങ്കിലും വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ താമസിച്ചിരിക്കണം തുടങ്ങിയ നിബന്ധനകളും സർക്കാർ മുൻപോട്ട് വച്ചിട്ടുണ്ട്.
കൂടാതെ ദയാവധം ആവശ്യപ്പെടുന്നവർ മൂന്ന് തവണ ഇതിനായി അഭ്യർത്ഥന നടത്തണം. അതിൽ തന്നെ രണ്ട് പ്രാവശ്യം വാക്കലും ഒരു തവണ എഴുതിയും അഭ്യർത്ഥിക്കേണ്ടതാണ്. രോഗിയുടെ സമ്മതം ലഭിച്ചാലും രണ്ട് ഡോക്ടർമാർ ഇത് അംഗീകരിക്കണമെന്നും ബില്ലിൽ പറയുന്നു.
രോഗിക്ക് പാലിയേറ്റിവ് കെയറിൽ ലഭിച്ച ചികിത്സയും പരിചരണവുമെല്ലാം വിലയിരുത്തിയശേഷമായിരിക്കും ഡോക്ടർമാർ ദയാവധത്തിന് അംഗീകാരം നൽകുന്ന കാര്യം തീരുമാനിക്കുന്നത്.
നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ പ്രത്യേക നിർവാഹകസമിതി രൂപീകരിക്കുമെന്നും സർക്കാർ അറിയിച്ചു.
ഇക്കഴിഞ്ഞ ജൂൺ 19 നാണ് വിക്ടോറിയയിൽ ദയാവധം നിലവിൽ വന്നത്. ജൂലൈ പകുതിയോടെ ഇതിനായി അഭ്യർത്ഥിച്ച ആദ്യ രോഗിക്ക് ദയാവധം നടപ്പിലാക്കുകയും ചെയ്തു.