കൊവിഡ് പ്രതിസന്ധിയും, മഴക്കെടുതിയും, രൂക്ഷമായ വിലക്കയറ്റവുമെല്ലാം കാരണം ജീവിതച്ചെലവുകൾ പ്രതിസന്ധിയിലായ നിരവധിപേരുണ്ട്.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള സഹായങ്ങൾ ഫെഡറൽ, സംസ്ഥാന സർക്കാരുകൾ നൽകുന്നുണ്ട്.
വൈദ്യുതി, പ്രകൃതി വാതക ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഓരോ സംസ്ഥാനത്തും പല രീതിയിലുള്ള സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്.
ഫെഡറൽ സർക്കാർ പിന്തുണ
ഡിസബിലിറ്റി സപ്പോർട്ട് പെൻഷൻ ലഭിക്കുന്നവർക്കും, 21 വയസിന് താഴെ പ്രായമുള്ളവർക്കും യൂട്ടിലിറ്റി അലവൻസ് ലഭ്യമാണ്. പതിവായുള്ള ആനുകൂല്യത്തിന് ഒപ്പമാണ് ഇത് ലഭിക്കുക.
ഒറ്റയക്ക് കഴിയുന്നവർക്ക് മൂന്നു മാസത്തിലൊരിക്കൽ 170.30 ഡോളറും, ദമ്പതികളാണെങ്കിൽ രണ്ടു പേർക്കും $85.15 ഡോളർ വീതവുമാണ് ലഭിക്കുക.
സെന്റർലിങ്ക് ആനുകൂല്യം ലഭിക്കുന്നവർക്കും ഊർജ്ജ ബില്ലടക്കുന്നതിനായി ഈ സഹായം ലഭിക്കും. ഈ സേവനം സെന്റർലിങ്കിന്റെ സെന്റർപേ സൗജന്യമായാണ് ഒരുക്കുന്നത്.
ന്യൂ സൗത്ത് വെയിൽസ്
കൊവിഡ് ബാധയോ, ആരോഗ്യപ്രശ്നങ്ങളോ മൂലം വരുമാനം കുറയുകയോ, മറ്റ് അടിയന്തര സാഹചര്യങ്ങൾ നേരിടുകയോ ചെയ്യുന്നവർക്ക് ഊർജജകമ്പനികളുടെ ബില്ല് അടയ്ക്കാൻ സഹായമാകുന്ന പദ്ധതിയാണ് എനർജി അക്കൗണ്ട്സ് പേയ്‌മെന്റ് അസ്സിസ്റ്റൻസ് (EAPA).
പദ്ധതിയിലൂടെ നൽകിയിരുന്ന സഹായത്തുക കൂട്ടുന്നതായി ന്യൂ സൗത്ത് വെയിൽസ് ട്രഷററും ഊർജ്ജ മന്ത്രിയുമായ മാറ്റ് കീൻ പ്രഖ്യാപിച്ചു.
പ്രതിവർഷം 300 മുതൽ 400 ഡോളർ വരെയായിരുന്നു സഹായം. ഇത് 1,600 ഡോളർ വരെയായി ഉയർത്തിയിട്ടുണ്ട്.
വർഷത്തിൽ രണ്ട് തവണ വൈദ്യുതി ബില്ലടയ്ക്കുന്നതിനായും, ഗ്യാസ് ബില്ലടയ്ക്കുന്നതിനായും സഹായത്തിന് അപേക്ഷിക്കാവുന്നതാണ്.
അർഹതയുള്ളവർക്ക് ഓരോ തവണയും പരമാവധി 400 ഡോളർ വരെ ലഭിക്കും.
ഇതിനോടകം ന്യൂ സൗത്ത് വെയിൽസിലെ 50,000 കുടുംബങ്ങൾ EAPA വൗച്ചറുകൾ ഉപയോഗിച്ചതായാണ് കണക്കുകൾ.
ഗ്യാസ്, വൈദ്യുതി ബില്ല് അടയ്ക്കുന്നതിനുള്ള ഈ വൗച്ചറുകൾക്കായുള്ള അപേക്ഷകൾ ന്യൂ സൗത്ത് വെയിൽസ് സർക്കാറിന്റെ പ്രതിനിധിയുടെയോ, EAPA അംഗത്തിന്റെയോ പരിശോധനയ്ക്ക് ശേഷമാണ് അംഗീകരിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ 300 മില്യൺ ഡോളർ പദ്ധതിയുടെ ഭാഗമായാണ് ഈ പിന്തുണ. പദ്ധതിയിൽ പത്ത് ലക്ഷം കുടുംബങ്ങൾക്ക് റിബേറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിങ്ങൾക്ക് വ്യത്യസ്‍തമായ റിബേറ്റുകൾക്ക് അർഹയതയുണ്ടാകാം. കുറഞ്ഞ വരുമാനമുള്ളവർക്കുള്ള ഹൗസ്ഹോൾഡ് റിബേറ്റ്, ഗ്യാസ് റിബേറ്റ്, ഫാമിലി എനർജി റിബേറ്റ്, ലൈഫ് സപ്പോർട്ട് റിബേറ്റ്, മെഡിക്കൽ എനർജി റിബേറ്റ്, സീനിയേഴ്സ് എനർജി റിബേറ്റ് എന്നിവ ഇതിൽപ്പെടുന്നു.
നിങ്ങൾക്ക് ഇവയിൽ ഏതെങ്കിലും ലഭിക്കാൻ അർഹതയുണ്ടോ എന്ന് ഇവിടെ പരിശോധിക്കാം.
ക്വീൻസ്ലാൻറ്
സംസ്ഥാനത്ത് വൈദ്യുതി കണക്ഷൻ ഉള്ള എല്ലാവർക്കും സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ക്വീൻസ്ലാന്റിൽ എല്ലാവർക്കും ഒറ്റതവണയായി 175 ഡോളറിന്റെ റിബേറ്റ് ലഭിക്കും. ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.
ഊർജ്ജവിതരണ കമ്പനികൾ അടുത്ത ബില്ലിൽ ഈ റിബേറ്റ് ഉൾപ്പെടുത്തും.
അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് സഹായമായി ഹോം എനർജി എമർജൻസി അസിസ്റ്റൻസ് സ്കീം വഴി കൂടുതൽ സഹായത്തിനായി അപേക്ഷിക്കാം. അർഹതയുള്ളവർക്ക് 750 ഡോളറാണ് ലഭിക്കുക.
രണ്ട് വർഷത്തിൽ ഒരു തവണയാണ് അപേക്ഷിക്കാൻ കഴിയുക.
ഇതിന്റെ അപേക്ഷ പൂർത്തിയാക്കാൻ നിങ്ങളുടെ ഊർജ്ജവിതരണ കമ്പനികളെ ബന്ധപ്പെടേണ്ടതാണ്.
ഇതിപുറമെ സംസ്ഥാനത്തെ പെൻഷനേഴ്‌സ്, സീനിയേഴ്സ് എന്നിവർക്ക് ഓരോ വർഷവും 340.85 ഡോളറിന്റെ വൈദ്യുതി റിബേറ്റിന് അർഹതയുണ്ടാകാം. പ്രതിവർഷം 76.19 ഡോളറിന്റെ പ്രകൃതിവാതക റിബേറ്റിനും അർഹതയുണ്ടാകാം.
വിക്ടോറിയ
വിക്ടോറിയക്കാർക്ക് ഒറ്റ തവണയായി 250 ഡോളർ പവർ സേവിങ് റിബേറ്റിന് അർഹതയുണ്ടാകും. ജൂലൈ ഒന്നു മുതലാണ് ഇത് ലഭിക്കുക.
വൈദ്യുതി നിരക്ക് താരതമ്യം ചെയ്യുന്നതിനുള്ള വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഈ ബോണസ് ലഭിക്കുക.
കൺസഷൻ കാർഡുള്ളവർക്കായുള്ള 250 ഡോളർ ബോണസ് 2022 ജൂൺ 30 വരെ ലഭ്യമായിരിക്കും.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് യൂട്ടിലിറ്റി റിലീഫ് ഗ്രാന്റ്സ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
ഊർജജകമ്പനികളുടെയും, ജലവിതരണ കമ്പനികളുടെയും ബില്ലുകൾ അടയ്ക്കാനാണ് ഈ പദ്ധതിയിലൂടെ പിന്തുണ ലഭിക്കുക. ഓരോ സേവനത്തിനും പരമാവധി 650 ഡോളർ വരെ ലഭിക്കാം.
രണ്ട് വർഷത്തിൽ ഒരിക്കലാണ് ഇതിന് അപേക്ഷിക്കാൻ കഴിയുക. വൈദ്യുതി, ഗ്യാസ്, ജലവിതരണ കമ്പനികളെ ഇതിനായി ബന്ധപ്പെടേണ്ടതാണ്.
കൺസഷൻ കാർഡുള്ളവർക്ക് വാർഷിക വൈദ്യുതി ചെലവിൽ 17.5 ശതമാനം വരെ ഇളവ് ലഭിക്കാം.
കൺസഷൻ കാർഡ് ഉള്ളവർക്ക് ശൈത്യകാലത്ത് ജീവിതച്ചെലവ് കുറയ്ക്കാൻ ശീതകാല ഗ്യാസ് ഇളവുകൾ ലഭ്യമാണ്.
സൗത്ത് ഓസ്‌ട്രേലിയ
സൗത്ത് ഓസ്‌ട്രേലിയയിൽ കുറഞ്ഞ വരുമാനം ലഭിക്കുന്ന വീടുകളിൽ പ്രതിവർഷം 233.60 ഡോളർ ഇളവിന് അർഹതയുണ്ടാകാം. വൈദ്യുതി, ഗ്യാസ് ബില്ലുകൾക്കാണ് ഇത് ഉപയോഗിക്കാൻ കഴിയുക.
വെസ്റ്റേൺ ഓസ്‌ട്രേലിയ
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ജീവിത ചെലവ് കുറയ്ക്കുന്നതിനായി 2022-2023 ലേക്ക് 400 ഡോളർ ക്രെഡിറ്റ് ലഭിക്കും. 2020-21 ൽ ലഭ്യമാക്കിയ 600 ഡോളർ ക്രെഡിറ്റിന് പുറമെയാണിത്.
സംസ്ഥാനത്ത് ഇതിനുപുറമെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്കായി യൂട്ടിലിറ്റി ഗ്രാന്റ് പദ്ധതിയുമുണ്ട്. ഊർജ്ജവിതരണ കമ്പനികൾ വഴി ഇതിനായി അപേക്ഷിക്കാവുന്നതാണ്.
ടാസ്മേനിയ
അർഹതയുള്ള ഉപഭോക്താക്കൾക്ക് ടാസ്മേനിയൻ സർക്കാർ വാർഷിക കൺസഷൻ ലഭ്യമാക്കുന്നുണ്ട്.
സർവീസസ് ഓസ്‌ട്രേലിയ, ഡിവിഎ പെൻഷനർ കൺസഷൻ കാർഡ്, സർവീസസ് ഓസ്‌ട്രേലിയ ഹെൽത്ത് കെയർ കാർഡ്, ഇമ്മികാർഡ് (ബ്രിഡ്ജിംഗ് വിസ ഇ) എന്നിവയിൽ ഏതെങ്കിലും ഉള്ളവർക്കാണ് അർഹത.
അപേക്ഷ സമർപ്പിക്കുന്നതിനായി വിതരണകമ്പനിയുമായി നേരിൽ ബന്ധപ്പെടേണ്ടതാണ്.
നോർത്തേൺ ടെറിറ്ററി
നോർത്തേൺ ടെറിറ്ററിയിൽ കൺസഷൻ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് 1.274 ഡോളർ പ്രതിദിനം ഇളവ് ലഭിക്കും. ഇതിന് പുറമെ ഓരോ കിലോവാട്ടിനും 0.091 ഡോളറിന്റെ ഇളവ് ഉണ്ടായിരിക്കും.
പരമാവധി 1,200 ഡോളറാണ് ഒരു സാമ്പത്തിക വർഷത്തിൽ ലഭിക്കുക. ഒരു വീട്ടിൽ ഒരാൾക്കാണ് അർഹത.
നോർത്തേൺ ടെറിറ്ററി സർക്കാർ വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ ജീവിക്കുന്നവർക്ക് വൈദ്യുതി, പ്രകൃതിവാതകം, ജലം എന്നിവയ്ക്കായി ഇളവ് ലഭ്യമാണ്. അർഹതയുള്ള കുടുംബങ്ങൾക്ക് 750 ഡോളർ നേരിട്ട് നൽകുയാണ് ചെയ്യുന്നത്.
അപേക്ഷക്കായി ഊർജ്ജവിതരണ കമ്പനിയെ ബന്ധപ്പെടേണ്ടതാണ്.



