ഓസ്ട്രേലിയയിൽ ബാംങ്കിംഗ് പലിശ നിരക്ക് വീണ്ടും കൂട്ടിയതായി റിസർവ് ബാങ്ക് സ്ഥിരീകരിച്ചു. 0.5 ശതമാനത്തിന്റെ വർദ്ധനവാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ ബാങ്കിംഗ് പലിശ നിരക്ക് 0.85ലേക്ക് ഉയർന്നു.
പന്ത്രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു മേയ് മാസം ഓസ്ട്രേലിയയിൽ ബാങ്കിംഗ് പലിശ നിരക്കിൽ വർദ്ധനവ് വരുത്തിയത്.
മേയ് മാസത്തിലെ ക്യാഷ് റേറ്റ് വർദ്ധനവിന് മുൻപ് ഒന്നര വർഷത്തോളം 0.1 ശതമാനമായിരുന്നു അടിസ്ഥാന പലിശനിരക്ക്.
പലിശ നിരക്ക് ഇനിയും കൂടുമെന്ന കാര്യം RBA ഗവർണർ ഫിലിപ്പ് ലോവി വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ നാണയപ്പെരുപ്പവും വിലക്കയറ്റവുമെല്ലാം രൂക്ഷമായ സാഹചര്യത്തിലാണ് പലിശ നിരക്ക് വീണ്ടും ഉയർത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസത്തെ വർദ്ധനവിന് പിന്നാലെ ഉണ്ടായ ബാധ്യത പ്രധാന ബാങ്കുകൾ പൂർണ്ണമായും ഉപഭോക്താക്കളിലേക്ക് കൈമാറാനാണ് തീരുമാനിച്ചത്. ഇതോടെ ബാങ്കിംഗ് പലിശ നിരക്കിൽ കുറഞ്ഞത് 0.25 ശതമാനത്തിൻറെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
പുതിയ വർദ്ധനവും ഭാവന വായ്പയെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
ബാങ്കുകൾ ഇന്നത്തെ വർദ്ധനവ് ഉപഭോക്താക്കൾക്ക് കൈമാറുന്ന സാഹചര്യത്തിൽ $500,000ന്റെ ഭവന വായ്പയുള്ള ഒരാൾക്ക് മാസം 133 ഡോളർ അധികമായി അടയ്‌ക്കേണ്ടി വരും.
പത്ത് ലക്ഷം ഡോളർ ഭവന വായ്പയുള്ളവർക്ക് 265 ഡോളർ പ്രതിമാസം അധികമായി അടയ്‌ക്കേണ്ടി വരും.