റിസർവ്വ് ബാങ്ക് ക്യാഷ് റേറ്റ് ഉയർത്തിയപ്പോഴുണ്ടായ ബാധ്യത പൂർണ്ണമായും ഉപഭോക്താക്കളിലേക്ക് കൈമാറാനാണ് പ്രധാന ബാങ്കുകളുടെ തീരുമാനം. ഇതോടെ നിലവിലെ പലിശ നിരക്കിൽ കുറഞ്ഞത് 0.25 ശതമാനത്തിൻറെ വർദ്ധനവുണ്ടാകും.
ചൊവ്വാഴ്ച റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (ആർബിഎ) ഔദ്യോഗിക ക്യാഷ് നിരക്ക് 0.1 ശതമാനത്തിൽ നിന്ന് 0.35 ശതമാനമായി ഉയർത്തിയിരുന്നു. ഈ നിരക്ക് വർദ്ധനവാണ് ബാങ്കുകൾ നടപ്പിൽ വരുത്തിയിരിക്കുന്നത്.
കോമൺവെൽത്ത് ബാങ്കാണ് സ്റ്റാൻഡേർഡ് വേരിയബിൾ ഹോം ലോൺ നിരക്കുകൾ ഉയർത്തുമെന്ന് ആദ്യം അറിയിച്ചത്. പിന്നാലെ ANZ, വെസ്റ്റ്പാക് ബാങ്കുകളും പലിശ നിരക്കിൽ 0.25 ശതമാനത്തിൻറെ വർദ്ധനവ് പ്രഖ്യാപിച്ചു. ബുധനാഴ്‌ച രാവിലെ നാഷണൽ ഓസ്‌ട്രേലിയ ബാങ്കും (NAB) പലിശനിരക്കിൽ വർദ്ധനവ് ഉണ്ടാകുമെന്നറിയിച്ചു.
ANZ, നാബ് (NAB) എന്നീ ബാങ്കുകൾ മെയ് 13 മുതൽ വേരിയബിൾ പലിശ നിരക്കിൽ മാറ്റം വരുത്തും. വെസ്റ്റ്പാകിൻറെ പലിശ നിരക്ക് മെയ് 17 മുതലും, കോമൺവെൽത്ത് ബാങ്കിൻറെ പുതുക്കിയ നിരക്ക് മെയ് 20 മുതലും പ്രാബല്യത്തിൽ വരും.
സൺകോർപ്പ് അടക്കമുള്ള ബാങ്കുകളും വേരിയബിൾ നിരക്കിൽ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കുതിച്ചുയർന്ന പണപ്പെരുപ്പം കുറക്കുന്നതിനായി ക്യാഷ് റേറ്റ് നിരക്ക് റിസർവ്വ് ബാങ്ക് ഇനിയും വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും മാസങ്ങളിൽ പലിശനിരക്കിൽ കൂടുതൽ വർദ്ധനവ് പ്രതീക്ഷിക്കണമെന്ന് RBA ഗവർണർ ഫിലിപ്പ് ലോവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.