കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ 65കാരിക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചത്.
ഓസ്ട്രേലിയയിൽ നിന്ന് മാർച്ച് 21ന് ഡൽഹിയിലേക്ക് എത്തിയ മലയാളി ദമ്പതികളിൽ ഭാര്യക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഭർത്താവിന്റെ പരിശോധനാഫലം നെഗറ്റീവാണെന്നും കോട്ടയം ജില്ലാ കളക്ടർ പി കെ സുധീർ ബാബു എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
അതായത്, ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിൽ മടങ്ങിയെത്തി ഒരു മാസത്തോളമായിട്ടാണ് വൈറസ്ബാധ കണ്ടെത്തിയിരിക്കുന്നത്.
ഓസ്ട്രേലിയയിലുള്ള മക്കളുടെ അടുത്ത് നിന്ന് തിരിച്ചെത്തിയതാണ് ഇവർ. ഓസ്ട്രേലിയയിൽ എവിടെയാണ് എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
മാർച്ച് 21ന് ഡൽഹിയിലെത്തിയ ഈ ദമ്പതികൾ അവിടെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ അവിടെ നിന്ന് അനധികൃതമായി ടാക്സിയിൽ ഇവർ കേരളത്തിലേക്ക് യാത്ര തിരിച്ചു എന്ന് പൊലീസിനെ ഉദ്ധരിച്ച് കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോക്ക്ഡൗൺ സമയത്ത് അത് ലംഘിച്ചാണ് ഇവർ യാത്ര ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം എസ് ബി എസ് മലയാളത്തിന് നേരിട്ട് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കാറിൽ വിവിധ സംസ്ഥാനങ്ങൾ കടന്ന് എത്തിയ ഈ കുടുംബത്തെ, തമിഴ്നാട്-കേരള അതിർത്തിയെ കമ്പംമേടിൽ വച്ചാണ് പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഏപ്രിൽ 15ന് കമ്പംമേട്ടിൽ വച്ച് ഇവരെ ക്വാറന്റൈനിൽ ആക്കിയതായി കളക്ടർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
തുടർന്ന് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് ദമ്പതികളുടെ സാംപിൾ ശേഖരിച്ചത്. അതിലാണ് ഭാര്യക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
71കാരനായ ഭർത്താവിന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ഇടുക്കി ജില്ലാ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് ബാധ സ്ഥിരീകരിച്ച സ്ത്രീയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും കളക്ടർ അറിയിച്ചു.