വിക്ടോറിയയിൽ 2020 മാർച്ചിനും ജൂലൈക്കും ഇടയ്ക്ക് നടപ്പാക്കിയ ഓപ്പറേഷൻ സൊട്ടീറിയ എന്ന പേരിലുള്ള ഹോട്ടൽ ക്വറന്റൈൻ പദ്ധതിയുടെ ഉത്തരവാദിത്വം സംസ്ഥാന ആരോഗ്യ വകുപ്പിന്റേതായിരുന്നു.
സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് മുഖാമുഖമുള്ള വിദഗ്ധ അണുബാധ പ്രതിരോധ നിയന്ത്രണ പരിശീലനം നൽകുന്നതിലും, PPE കിറ്റുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ രേഖാമൂലം നൽകുന്നതിലും ആരോഗ്യ വകുപ്പ് പരാജയപ്പെട്ടതായി വർക്ക് സേഫ് ചൂണ്ടിക്കാട്ടി.
തൊഴിലാളികളുടെ ആരോഗ്യത്തിന് ഭീഷണിയില്ലാത്ത സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിലെ വീഴ്ചകളുമായി ബന്ധപ്പെട്ട് 17 ലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
അതെസമയം തൊഴിലാളികൾ ഒഴിച്ചുള്ള മറ്റുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ വന്ന വീഴ്ചകളുമായി ബന്ധപ്പെട്ട് 41 ലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒക്ടോബർ 22 ന് മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ നടക്കും.
ഒക്ക്യൂപ്പേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ആക്ട്മായി ബന്ധപ്പെട്ടുള്ള 58 നിയമ ലംഘനങ്ങൾ ഈ പദ്ധതി നടപ്പിലാക്കുന്നതിൽ സംഭവിച്ചതായാണ് വർക്ക് സേഫ് ആരോപിക്കുന്നത്. 15 മാസത്തെ അന്വേഷണത്തിന് ശേഷമാണ് ഈ വിശദാംശങ്ങൾ വർക്ക് സേഫ് പുറത്ത് വിട്ടത്.
വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന യാത്രക്കാരിൽ നിന്നോ, ഹോട്ടലുകളിൽ തൊഴിൽ ചെയ്യുന്ന മറ്റുള്ളവരിൽ നിന്നോ അണുബാധയുള്ള പ്രതലത്തിൽ നിന്നോ ഹോട്ടൽ ക്വാറന്റൈൻ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്നവർക്ക് കൊവിഡ് ബാധയിലൂടെ ഗുരുതരമായ രോഗാവസ്ഥക്കോ മരണത്തിനോ ഉള്ള ഭീഷണി ഉണ്ടായിരുന്നതായി വർക്ക് സേഫ് ചൂണ്ടിക്കാട്ടി.
ഈ വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്ന് വിക്ടോറിയൻ സർക്കാർ വക്താവ് അറിയിച്ചു.
ഓരോ നിയമ ലംഘനത്തിനും പരമാവധി $1.64 മില്യൺ ഡോളർ പിഴയടക്കേണ്ടി വരാം.വിക്ടോറിയയിലെ രണ്ടാം തരംഗത്തിന് കാരണമായ ലംഘനങ്ങൾക്ക് വിക്ടോറിയൻ ആരോഗ്യ വകുപ്പിന് ആകെ $95 മില്യൺ ഡോളറിലധികം പിഴ അടക്കേണ്ടി വരാം.
വിക്ടോറിയിലെ കൊറോണവൈറസ് രണ്ടാം തരംഗത്തിൽ 18,000 പേർക്ക് വൈറസ് ബാധിച്ചിരുന്നു. 800 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.