കേരളത്തിലെ കോട്ടയം ജില്ലയിലുള്ള പാറത്തോട് പഞ്ചായത്തിൽ വിജയകരമായി പ്രവർത്തികമാക്കിയ വികേന്ദ്രീകൃത ജലവിതരണ പദ്ധതിയാണ് പെർത്തിൽ അവതരിപ്പിച്ചത്.
പെർത്തിലെ മർഡോക് സർവ്വകലാശായിൽ നിന്നുള്ള വിദ്യാർത്ഥികൾ അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്ത്യോദയ എന്ന സന്നദ്ധ സംഘടനയിൽ സന്ദർശനം നടത്തിയിരുന്നു.
വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാനായി സംഘടന വിവിധ ചെറുകിട പദ്ധതികൾ ആവിഷ്കരിച്ചതിനെക്കുറിച്ച് മനസിലാക്കിയ മർഡോക് സർവകലാശാല അധികൃതർ അന്ത്യോദയയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പീറ്റർ തെറ്റയിലിനെ ഇവ അവതരിപ്പിക്കാനായി ക്ഷണിക്കുകയായിരുന്നു.
ഇതേത്തുടർന്നാണ് പെർത്തിൽ നടന്ന രാജ്യാന്തര കോൺഫറൻസിൽ ഈ പദ്ധതി അവതരിപ്പിച്ചത്.
ഇന്റർനാഷണൽ വാട്ടർ അസോസിയേഷൻ എന്ന സംഘടനയിൽ അംഗത്വമുള്ള 37 രാജ്യങ്ങളിൽ നിന്നായി 314 പ്രതിനിധികൾ പങ്കെടുത്ത കോൺഫറൻസിലാണ് കേരളത്തിൽ നിന്നുള്ള പദ്ധതിയും അവതരിപ്പിച്ചത്.
ഇതിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അടുത്ത വർഷം ബ്രസീലിൽ നടക്കുന്ന കോൺഫറൻസിൽ വീണ്ടും ഈ പദ്ധതി അവതരിപ്പിക്കാൻ ക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പീറ്റർ തെറ്റയിൽ.
ഇത് വഴി കേരളത്തിൽ ആവിഷ്കരിച്ച പല പദ്ധതികളും വിദേശത്തും പ്രാവർത്തികമാക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നതായി ഇദ്ദേഹം പറഞ്ഞു.
പെർത്തിലെ കോൺഫറൻസിനെക്കുറിച്ചും ഇവിടെ അവതരിപ്പിച്ച ജലവിതരണ പദ്ധതിയെക്കുറിച്ചും പീറ്റർ തെറ്റയിൽ വിവരിക്കുന്നത് ഇവിടെ കേൾക്കാം.