ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും ദുരിതപൂർണമായ കാട്ടു തീ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിപുലമായ രീതിയിൽ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഓസ്‌ട്രേലിയയുടെ വലിയൊരു ഭൂപ്രദേശം കാട്ടുതീയുടെ കാഠിന്യത്തിൽ കത്തിയെരിയുമ്പോൾ ഇതിനകം ഒട്ടേറെ മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടുകഴിഞ്ഞു. ലക്ഷകണക്കിന് ജീവജാലങ്ങൾ ഈ കാട്ടുതീ ദുരന്തത്തിൽ തുടച്ചു നീക്കപ്പെട്ടുകഴിഞ്ഞു.
ഈ വാർത്തകളും ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വീഡിയോകളും നിറഞ്ഞു നിൽക്കുകയാണ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും.
അടിയന്തര വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഈ വാർത്തകൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഈ നിരന്തരമായ വാർത്തകളുടെയും ദൃശ്യങ്ങളുടെയും പുറകിൽ മറ്റൊരു വിപത്തു ഒളിഞ്ഞു കിടക്കുന്നു.
ദുരിതപൂർണമായ ദൃശ്യങ്ങളും വാർത്തകളും കുട്ടികളുടെയും മുതിർന്നവരുടെയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Source: AAP Image/Dan Peled
കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഇത്തരം സാഹചര്യങ്ങളിൽ സംരക്ഷിക്കുന്നതിൽ മാതാപിതാക്കൾ പ്രത്യേക കരുതൽ എടുക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മാനസികമായ സമ്മര്‍ദ്ദം ഉണ്ടാകുവാൻ ദുരിതപൂർണമായ കാട്ടുതീ സാഹചര്യങ്ങൾ നേരിട്ടനുഭവിക്കണമെന്നില്ല എന്നാണ് പെർത്തിൽ സൈക്കോളജിസ്റ്റായ ഡഗ്ലസ് ഭ്രൂവർ പറയുന്നത്.
കുട്ടികളുടെ മനസിൽ അവർ സുരക്ഷിതരല്ല എന്ന തോന്നലിന് കാരണമാകാം.
മുതിർന്നവർ വാർത്തകൾ മനസ്സിലാക്കുന്നത് പോലെ ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾ വിവരങ്ങൾ ഉൾക്കൊള്ളണമെന്നില്ല എന്നാണ് വിദഗ്ധർ പറയുന്നത്.
അതുകൊണ്ട് തന്നെ മാതാപിതാക്കൾ കുട്ടികളുടെ ഈ വിഷയത്തെക്കുറിച്ചുള്ള ധാരണയെക്കുറിച്ച് മനസ്സിലാക്കാൻ അവർക്കൊപ്പം കൂടുതൽ സമയം ചിലവിടേണ്ടത് ആവശ്യമാണെന്ന് ഡഗ്ലസ് പറയുന്നു.
കാട്ടുതീയിൽപ്പെട്ടു മൃഗങ്ങൾ ചത്തൊടുങ്ങുന്ന നിരന്തരമായ വാർത്തകൾക്കും ദൃശ്യങ്ങൾക്കുമെല്ലാം ഇടയിൽ നടക്കുന്ന രക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചും സംഘടിതമായ പുനരധിവാസ ശ്രമങ്ങളെക്കുറിച്ചും കുട്ടികൾ അറിയാറില്ല. ഇത് അവരിൽ ഭാവിയെക്കുറിച്ചുള്ള ആശങ്ക കൂട്ടുമെന്ന് അദ്ദേഹം പറയുന്നു.
ഇതൊഴിവാക്കാൻ മാതാപിതാക്കൾ ഭാഗമാകുന്ന പ്രവർത്തനങ്ങളിൽ ഉചിതമായ രീതിയിൽ കുട്ടികളെയും ഉൾപ്പെടുത്തുന്നത് സഹായിക്കുമെന്ന് ഡഗ്ലസ് ചൂണ്ടിക്കാട്ടുന്നു.

Mr Doug Brewer is the Psychologist Clinical Coordinator of Trauma Recovery Programs at The Hollywood Clinic in Perth. Source: Supplied
സഹായമെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സൈക്കോളജിസ്റ്റായ ഡഗ്ലസ് ഭ്രൂവർ വിവരിക്കുന്നത് ഇവിടെ കേൾക്കാം.
മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സഹായം തേടാൻ 13 11 14 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Disclaimer : മാനസികാരോഗ്യ രംഗത്തുള്ളവരുടെ പൊതുവായുള്ള നിർദേശങ്ങളാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർ മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.