മൂന്ന് ഓസ്‌ട്രേലിയക്കാരില്‍ ഒരാള്‍ വീതം ജോലി സ്ഥലത്ത് ലൈംഗികമായ ഉപദ്രവം നേരിടുന്നു എന്നാണ് ഓസ്‌ട്രേലിയന്‍ മനുഷ്യാവകാശ കമ്മീഷന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കാണ് ഇത്.
എന്താണ് ലൈംഗിക ഉപദ്രവം?
മനുഷ്യാവകാശാ കമ്മീഷന്‍ ലൈംഗിക ഉപദ്രവം അഥവാ സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന വാക്കിനെ വിശദീകരിക്കുന്നത് ഇങ്ങെയാണ്.
'An unwelcome sexual advance, unwelcome request for sexual favours or other unwelcome conduct of a sexual nature which makes a person feel offended, humiliated and/or intimidated, where a reasonable person would anticipate that reaction in the circumstances.'
അതായത്, നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഏതെങ്കിലും തരത്തില്‍ ലൈംഗിക ചുവയോടെ മറ്റൊരാള്‍ പെരുമാറുകയോ, സമീപിക്കുകയോ ചെയ്താല്‍, അത് ലൈംഗികമായ ഉപദ്രവം എന്ന് വിശേഷിപ്പിക്കാന്‍ കഴിയും.
ലൈംഗിക ചുവയുള്ള തമാശകളും നോട്ടവും മുതല്‍, നിങ്ങള്‍ക്ക് ഇഷ്ടമില്ല എന്നു വ്യക്തമാക്കിയിട്ടും ഡേറ്റിംഗിന് ക്ഷണിക്കുക, ലൈംഗിക ബന്ധം ആവശ്യപ്പെടുക, സ്വകാര്യ ജീവിതത്തെക്കുറിച്ച് ചൂഴ്ന്നുകയറുന്ന ചോദ്യങ്ങള് ചോദിക്കുക, അനാവശ്യമായി സ്പര്‍ശിക്കുക തുടങ്ങിയവെല്ലാം ഇതിന്റെ പരിധിയില്‍ വരും.

ആരാണ് ഇരകള്‍?
ഏതു പ്രായത്തിലുള്ളവും, ഏതു ലിംഗത്തിലുള്ളവരും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകാം.
പക്ഷേ ചെറുപ്പക്കാരായ സ്ത്രീകളാണ് ഇത് ഏറ്റവുമധികം നേരിടുന്നത് എന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ദേശീയ സര്‍വേ ചൂണ്ടിക്കാട്ടുന്നത്.
എങ്ങനെ സഹായം തേടാം?
ലൈംഗിക വിവേചന നിയമ പ്രകാരം ജോലി സ്ഥലത്തെ ഇത്തരം ഉപദ്രവങ്ങള്‍ ക്രിമിനല്‍ കുറ്റമാണ്. നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ മനുഷ്യാവകാശ കമ്മീഷനെ അവരുടെ ഇന്‍ഫര്‍മേഷന്‍ ലൈന്‍ നമ്പരായ 1300 656 419 ല്‍ ബന്ധപ്പെടാം.

പരാതി നല്‍കുന്നത് എങ്ങനെ?
ഇത്തരം ഉപദ്രവങ്ങളെക്കുറിച്ച് പരാതി നല്‍കാന്‍ തീരുമാനിച്ചാല്‍ ആദ്യം തൊഴിലുടമയുമായോ, സ്ഥാപനത്തിലേ ഹ്യൂമന്‍ റിസോഴ്‌സസ് പ്രതിനിധിയുമായോ അല്ലെങ്കില്‍ യൂണിയനുമായോ ബന്ധപ്പെടുക.
പല തരത്തിലുള്ള പ്രതികരണങ്ങളാകാം തൊഴിലുടമയില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും ഇത്തരം പരാതികള്‍ക്ക് ലഭിക്കുന്നതെന്ന് സെക്‌സ് ഡിസ്‌ക്രിമിനേഷന്‍ കമ്മീഷണര്‍ കേറ്റ് ജെന്‍കിന്‍സ് പറയുന്നു.
അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ കേള്‍ക്കാം: