ശനിയാഴ്ച പെർത്തിൽ നടന്ന അണ്ടർ 12 ഫൈനലിലാണ് ബ്രിസ്ബൈൻ സ്വദേശിയായ ഗൗതം സന്തോഷ് വിജയിച്ചത്.
സൗത്ത് ഓസ്ട്രേലിയയുടെ ജോനാസ് ഹാൻ എന്ന താരത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഗൗതം തോൽപ്പിച്ചത്. സ്കോർ 6-2, 6-3.
ടൂർണമെന്റിൽ ഒന്നാം സീഡ് താരമായിരുന്നു ഗൗതം. എന്നാൽ പുൽകോർട്ടിൽ കളിച്ചു പരിചയമില്ലാത്ത ഗൗതം, ഈ ടൂർണമെന്റിലായിരുന്നു ആദ്യമായി പുൽത്തകിടിയിൽ ഇറങ്ങുന്നത്.
ക്വീൻസ്ലാന്റിൽ ഗ്രാസ് കോർട്ടുകൾ ഇല്ലാത്തതിനാൽ ആശങ്കയുണ്ടായിരുന്നുവെന്ന് ഗൗതമിന്റെ അച്ഛൻ സന്തോഷ് കൃഷ്ണൻകുട്ടി എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
മാത്രമല്ല, കാലിനേറ്റ പരുക്കുമായാണ് ഗൗതം കളിക്കാനിറങ്ങിയത്. ഓരോ മത്സരത്തിനു മുമ്പും, മത്സരശേഷവും ഫിസിയോ തെറാപ്പിസ്റ്റിന്റെ ചികിത്സ തേടുന്നുണ്ടായിരുന്നു.
ഈ സാഹചര്യത്തിലും കൂടുതൽ ഉയരവും പുൽക്കോട്ടിൽ പരിചയവുമുണ്ടായിരുന്ന എതിരാളിയെ ഏകപക്ഷീയമായി തോൽപ്പിക്കാൻ കഴിഞ്ഞത് അവിശ്വസനീയമായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു.
ഓസ്ട്രേലിയയിലെ പ്രമുഖ താരങ്ങളെല്ലാം കടന്നുവന്നിട്ടുള്ള ടൂർണമെന്റുകളിലൊന്നാണ് ടെന്നീസ് ഓസ്ട്രേലിയ നടത്തുന്ന ദേശീയ അണ്ടർ 12/14 ടൂർണമെന്റ്.

Source: Supplied
ഈ വിജയത്തിനു പിന്നാലെ പെർത്തിൽ തന്നെ ദേശീയ സ്കൂൾ ടെന്നീസിലും കളിക്കുകയാണ് ഗൗതം. സ്കൂൾ മത്സരങ്ങളിൽ ക്വീൻസ്ലാന്റ് സംസ്ഥാന ടീമിന്റെ ക്യാപ്റ്റനുമാണ് ഗൗതം.
സ്വപ്നയാത്ര
രണ്ടു വർഷം മുമ്പാണ് ഗൗതം സന്തോഷ് എന്ന താരം ആദ്യമായി ശ്രദ്ധ നേടുന്നത്.
ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമി ഫൈനലിൽ റോജർ ഫെഡററുടെ മത്സരത്തിൽ ടോസ് ചെയ്യാനായി കോർട്ടിലേക്കെത്തിയപ്പോഴായിരുന്നു ഇത്. മെൽബണിൽ നടന്ന സൂപ്പർ ടെൻസ് നാഷണൽ ചാംപ്യൻഷിപ്പിലെ മികച്ച പ്രകടനമായിരുന്നു ഗൗതമിന് ഈ അവസരം സമ്മാനിച്ചത്.
11 വസയിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ അപ്പോൾ തന്നെ ദേശീയ ഒന്നാം റാങ്കുകാരനുമായിരുന്നു ഗൗതം. ഇപ്പോൾ അണ്ടർ 12 വിഭാഗത്തിലും ഒന്നാം റാങ്ക് താരമാണ്.
മൂവാറ്റുപുഴയ്ക്കടുത്ത് ആവോലിയിൽ നിന്ന് ബ്രിസ്ബൈനിലേക്ക് കുടിയേറിയ സന്തോഷ് കൃഷ്ണൻകുട്ടിയുടെയും ബിബിമോളുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് ഗൗതം.
അഞ്ചാം വയസുമുതൽ ടെന്നീസ് കളിച്ചു തുടങ്ങിയ ഗൗതം, തന്നെക്കാൾ പ്രായമുള്ള നിരവധി താരങ്ങളെ ഇതിനകം തോൽപ്പിച്ചിട്ടുണ്ട്.