ഓസ്‌ട്രേലിയയുടെ മിക്ക സംസ്ഥാനങ്ങളും കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ജനുവരി ഒന്ന് മുതൽ കേരളത്തിലും പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു.
ഇവയ്ക്ക് പകരമായി തുണി സഞ്ചികളും, കടലാസുകൊണ്ടുള്ള ബാഗുകളുമെല്ലാം ആളുകൾ ഉപയോഗിച്ച് തുടങ്ങി.
ഇതിനിടയിലാണ് ഉപയോഗശൂന്യമായി കണക്കാക്കുന്ന വാഴപ്പിണ്ടിയിൽ നിന്നും പൂർണമായും മണ്ണിൽ അലിഞ്ഞു ചേരുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉണ്ടാക്കാമെന്ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിലെ അസ്സോസിയേറ്റ് പ്രൊഫസ്സർ ജയശ്രീ ആർക്കോട്ട് കണ്ടെത്തിയത്.
വാഴയുടെ 12 ശതമാനം മാത്രമാണ് ഉപയോഗിക്കാവുന്നത്. ബാക്കി ഉപയോഗശൂന്യമായി തള്ളിക്കളയുകയാണ് പതിവ്. അതുകൊണ്ടുതന്നെയാണ് വാഴ ഇതിനായി തെരഞ്ഞെടുത്തതെന്ന് ജയശ്രീ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഇതിന്റെ ആദ്യ പടിയായി വാഴപ്പിണ്ടിയിൽ നിന്ന് ബേക്കിംഗ് പേപ്പറിന് സമാനമായ ഫിലിമുകൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ.
ബാക്കി പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. അധികം താമസിയാതെ നൂറു ശതമാനം മണ്ണിൽ അലിഞ്ഞു ചേരുന്ന പ്ലാസ്റ്റിക് ബാഗുകൾ വിപണിയിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജയശ്രീയും സംഘവും.