ഓസ്ട്രേലിയൻ വിസ ലഭിക്കാനായി നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചും, വിസ നൽകാമെന്ന് പറഞ്ഞ് ഏജൻറുമാർ അപേക്ഷകരെ വഞ്ചിക്കുന്നതിനെക്കുറിച്ചുമുള്ള വിവരങ്ങളാണ് എസ് ബി എസ് ടിവിയിലെ ദ ഫീഡ് പരിപാടിയും ഫെയർഫാക്സ് മീഡിയയും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പുറത്തു വന്നത്.
വിസ ലഭിക്കാനായി നടത്തുന്ന വ്യാജ വിവാഹങ്ങളുടെ നിരവധി കഥകൾ എസ് ബി എസ് നേരിട്ട് മനസിലാക്കി.
അതിനു പുറമേയാണ് വിസയുടെ പേരിൽ അപേക്ഷകരെ പറ്റിച്ച് കോടികൾ സമ്പാദിക്കുന്ന ഏജന്റുമാരുടെയും മറ്റ് ഇടനിലക്കാരുടെയും വിവരങ്ങൾ കൂടി പുറത്തുവരുന്നത്.
തട്ടിപ്പിനിരയായ മലയാളി കുടുംബം
കോട്ടയം സ്വദേശികളായ സിജിമോൻ ജോസഫും ലീന ജോണും ഓസ്ട്രേലിയൻ ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിട്ട് പത്തു വർഷത്തോളമായി. 2008ൽ ഓസ്ട്രേലിയയിലെത്തിയ ലീന മെൽബണിൽ ഹോസ്പിറ്റാലിറ്റി കോഴ്സ് പൂർത്തിയാക്കി കുറച്ചുകാലം ജോലി ചെയ്തിരുന്നു.
എന്നാൽ അതിനു ശേഷം PR വിസയ്ക്കായി ശ്രമിച്ചെങ്കിലും അതു വിജയിക്കാത്തതിനാൽ തിരികെ പോയി.
വിസയ്ക്കായി ആദ്യം അപേക്ഷിച്ചിരുന്ന അതേ മൈഗ്രേഷന് ഏജന്റ് തന്നെയാണ് പിന്നീട് ഇവർക്ക് റീജിയണൽ സ്പോൺസേർഡ് മൈഗ്രേഷൻ വിസ ശരിയാക്കാം എന്ന വാഗ്ദാനം നൽകിയത്.
ന്യൂ സൗത്ത് വെയിൽസിലെ ഗ്രിഫിത്തിൽ ഒരു റെസ്റ്റോറൻറിൽ ലീനയ്ക്ക് ഷെഫായി ജോലി. വർഷം 43,000 ഡോളർ ശമ്പളം. സിജിമോന് അവിടെ തന്നെ ഡ്രൈവർ ജോലി. അതായിരുന്നു വാഗ്ദാനം.

Source: The Feed
എന്നാൽ സ്പോൺസർക്ക് 25,000 അമേരിക്കൻ ഡോളർ നൽകണം എന്നായിരുന്നു ഏജന്റിൻറെ ആവശ്യം. അതും ബാങ്ക് ട്രാൻസ്ഫറോ ചെക്കോ പറ്റില്ല. പണമായി നൽകണം.
ഇതിനു പുറമേ എണ്ണായിരം ഓസ്ട്രേലിയൻ ഡോളറോളം വിസ ഫീസും.
ഈ ടെലിഫോൺ സംഭാഷണങ്ങളെല്ലാം സിജിമോൻ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു.
പണം വാങ്ങാൻ ഏജൻറ് കൊച്ചിയിൽ
ചെക്കോ ബാങ്ക് ട്രാൻസ്ഫറോ കഴിയില്ല എന്ന് നിർബന്ധം പിടിച്ച ഏജൻറ്, ഭാര്യയുമൊത്ത് കൊച്ചിയിലെത്തിയാണ് സിജിമോനിൽ നിന്ന് പണം കൈപ്പറ്റിയത്.
കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് പണം കൈമാറിയത് എന്ന് സിജിമോൻ പറയുന്നു. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്കെ കടം വാങ്ങിയും, സ്വർണ്ണം വിറ്റുമായിരുന്നു ഇരുപതു ലക്ഷത്തോളം രൂപ ഇവർ സ്വരൂക്കൂട്ടിയത്.
പണം വാങ്ങി വിസയ്ക്കായി അപേക്ഷയും നൽകിയ ഏജന്റ് കുറച്ചുകാലം കൂടി അതേക്കുറിച്ച് ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് ഏജൻറിൻറെ ഫോണിൽ കിട്ടാതായി. അയാളുടെ ഇമെയിലും മറ്റൊരാൾക്ക് ഫോർവേർഡ് ചെയ്തു തുടങ്ങി.
അതിനിടെ ഇവരുടെ സ്പോൺസർഷിപ്പ് അപേക്ഷ നിരസിച്ചതായുള്ള അറിയിപ്പും ഓസ്ട്രേലിയൻ കുടിയേറ്റകാര്യ വകുപ്പ് നൽകി.
കൈമലർത്തി സ്പോൺസറും
വിസയും പണവും പോയതിൽ പരിഭ്രാന്തരായ സിജിമോനും ലീനയും, ഗ്രിഫിത്തിൽ സ്പോൺസർ ആകും എന്നു പറഞ്ഞ റെസ്റ്റോറന്റ് ഉടമയെ വിളിച്ചുനോക്കി.
ഏജന്റിനെ അറിയാമെന്ന് സമ്മതിച്ച റെസ്റ്റോറന്റുടമ, പക്ഷേ ലീനയെ സ്പോൺസർ ചെയ്യാമെന്ന് ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പറഞ്ഞതായി സിജിമോൻ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, 25,000 ഡോളർ തനിക്ക് കിട്ടിയിട്ടേ ഇല്ല എന്നാണ് അയാൾ പറയുന്നത്.
മൈഗ്രേഷൻ ഏജൻറ് തട്ടിപ്പുകാരനാണെന്നും, ഇപ്പോൾ ജയിലിലായിരിക്കാൻ സാധ്യതയുണ്ട് എന്നും റെസ്റ്റോറന്റുടമ പറഞ്ഞുവെന്നും സിജിമോൻ വ്യക്തമാക്കി.
"ഏജന്റിന് സംസാരിക്കാൻ കഴിയില്ല!"
സിജിമോന്റെയും ലീനയുടെയും കൈയിൽ നിന്ന് പണം വാങ്ങിയ ഏജൻറിനെ എസ് ബി എസും ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ അയാൾക്ക് തീരെ സുഖമില്ലെന്നും സംസാരിക്കാൻ കഴിയില്ല എന്നുമാണ് ഫോണെടുത്തവർ അറിയിച്ചത്.
സിജിമോന്റെയും ലീനയുടെയും അനുഭവം ഇവിടെ കേൾക്കാം
തട്ടിപ്പിനിരയായത് ഒട്ടേറെപ്പേർ
നിരവധി ഏജന്റുമാർ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ട്. വിസ രംഗത്തെ തട്ടിപ്പുകളെക്കുറിച്ച് ദ ഫീഡ് തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററിയിൽ അതിൻറെ വിശദാംശങ്ങൾ കാണാം.
ഇത്തരത്തിൽ വിസ തട്ടിപ്പുകൾക്ക് ഇരയായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ താൽപര്യപ്പെടുന്നവർക്ക് malayalam.program@sbs.com.au എന്ന ഇമെയിൽ വിലാസത്തിൽ എസ് ബി എസ് മലയാളത്തെ ബന്ധപ്പെടാവുന്നതാണ്.