ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം മാറിയാലും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് സ്‌കൂള്‍ ഓഫ് ഭഗവത് ഗീത സ്ഥാപകന്‍ സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.
ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ എസ് ബി എസ് മലയാളവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ പ്രവേശന വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികളില്‍ ഈയാഴ്ച സുപ്രീം കോടതി തീരുമാനം വരാനിരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ ഒരു തടസ്സവുമുണ്ടാകാന്‍ പാടില്ല എന്നാണ് ഇപ്പോഴും തന്റെ അഭിപ്രായം. ഈ നിലപാടില്‍ നിന്ന് സര്ക്കാര്‍ പിന്നോട്ടു പോയതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ത്തവവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഓസ്‌ട്രേലിയയിലെത്തിയത്. ഇതേ വിഷയത്തില്‍ കേരളത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകള്‍ക്കെതിരായ നടപടി
സായുധ സമരത്തിന്റെ സമയം അവസാനിച്ചുവെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. പൊലീസും മാവോയിസ്റ്റും നേര്‍ക്കുനേര്‍ കണ്ടാല്‍ ഹസ്തദാനം ചെയ്യില്ല എന്ന കാര്യം എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആശ്രമം തീയിടല്‍: കേരളാ പൊലീസില്‍ ഇപ്പോഴും വിശ്വാസമോ
അദ്ദേഹത്തിന്റെ ആശ്രമത്തിന് കഴിഞ്ഞ വര്‍ഷം തീയിട്ട സംഭവത്തില്‍ ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെക്കുറിച്ചും എസ് ബി എസ് മലയാളം സ്വാമി സന്ദീപാനന്ദ ഗിരിയോട് ചോദിച്ചു. കേരളാ പൊലീസിനെ ഇപ്പോഴും വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി കേള്‍ക്കാം, അഭിമുഖത്തിന്റെ പൂര്‍ണരൂപത്തില്‍ ഇവിടെ...